തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനുള്ള ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാകുന്നു. എഐസിസി നിരീക്ഷകരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നിർണായക യോഗങ്ങൾ പുരോഗമിക്കുമ്പോൾ, നേതാക്കളായ കെസി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണത്തിൽ മാറ്റം വരുന്നതായി സൂചന.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഭൂരിപക്ഷമുണ്ടെന്ന് പ്രാഥമിക വിലയിരുത്തല്‍ ഉണ്ടായിരുന്നെങ്കിലും, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ എംഎൽഎമാരുമായി നടത്തിയ വെവ്വേറെ കൂടിക്കാഴ്ചകൾക്ക് ശേഷം ചിത്രം മാറിയെന്ന് വി.ഡി. സതീശൻ വിഭാഗവും രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു.
കൂട്ടായ പിന്തുണ പ്രഖ്യാപിച്ച ചില എംഎൽഎമാർ വ്യക്തിഗത ചർച്ചകളിൽ നിലപാട് മാറ്റിയെന്നും, വേണുഗോപാല്‍ വിഭാഗം ഉന്നയിച്ച 40 ൽ അധികം അംഗങ്ങളുടെ പിന്തുണ ശരിയല്ലെന്നും സതീശന് വിഭാഗവും ചെന്നിത്തല വിഭാഗവും ആരോപിക്കുന്നു. 30 മുതൽ 35 വരെ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വി.ഡി. സതീശൻ വിഭാഗം പറയുന്നു. അതേസമയം, 23 അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് രമേശ് ചെന്നിത്തല വിഭാഗം അവകാശപ്പെടുന്നു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ വി.ഡി. സതീശൻ മന്ത്രിസഭയിൽ ചേരില്ലെന്ന വാർത്തയും രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, വി.ഡി. വിഭാഗം ഇത് നിഷേധിച്ചു. മുഖ്യമന്ത്രിയായില്ലെങ്കിൽ മന്ത്രിയാകില്ലെന്ന നിലപാട് സതീശൻ സ്വീകരിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങൾ നിരീക്ഷകരോട് പറയേണ്ട കാര്യമല്ലെന്നുമായിരുന്നു വിശദീകരണം.
