തിരുവനന്തപുരം, 14 മെയ് 2026: പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭങ്ങളുടെ ഭാഗമായി, തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) എന്ന സ്ഥാപനത്തിന് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്തു. കേൾവി പരിമിതിയുള്ള രോഗികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് 2,36,000 രൂപ മൂല്യമുള്ള ഈ ഉപകരണങ്ങൾ നിഷിന് കൈമാറിയത്.
തിരുവനന്തപുരം ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) ശ്രവണ വൈകല്യമുള്ള വ്യക്തികളുടെ തിരിച്ചറിയൽ, ഇടപെടൽ, പുനരധിവാസം, വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമാണ്. വൈകല്യമുള്ളവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള നിഷ്, സംസ്ഥാനമൊട്ടാകെ ഭിന്നശേഷികാർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. വ്യത്യസ്ത കഴിവുകളുള്ള വിദ്യാർത്ഥികളും ജീവനക്കാരും ഉൾക്കൊള്ളുന്ന ക്യാമ്പസാണ് നിഷ്.
സാമൂഹികമായി ഏവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലും സമൂഹത്തിനു ഗുണപ്രദമായ സംഭാവനകൾ നൽകുന്നതിലും യുഎസ് ടിയുടെ പ്രതിബദ്ധതയുടെ തുടർച്ചയാണ് നിഷിനു നൽകിയ സംഭാവനകൾ. നിഷിലെ ശ്രവണ വൈകല്യമുള്ള രോഗികളെ സഹായിക്കുന്നതിലൂടെ യു എസ് ടി യുടെ സിഎസ്ആർ വിഭാഗം നടത്തുന്ന പ്രവർത്തനങ്ങൾ അർത്ഥവത്താകുകയാണ്. യു എസ് ടി കൈമാറിയ ശ്രവണ സഹായ ഉപകരണങ്ങൾ രോഗികളുടെ ആശയവിനിമയം മെച്ചപ്പെടുത്താനും, ജീവിത നിലവാരം ഉയർത്താനും, കേൾവി പരിമിതിയുള്ള വ്യക്തികൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ പങ്കാളികളാകാനും സഹായിക്കുന്നു.
“ആവശ്യക്കാരുടെ അഭ്യർത്ഥനകൾക്ക് നമ്മുടെ സിഎസ്ആർ പ്രവർത്തകർ പ്രതികരിക്കുകയും ഏറ്റവും മികച്ച രീതിയിൽ പിന്തുണ നൽകുകയും ചെയ്യുന്നു എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഇത്തരം പ്രവർത്തനങ്ങൾ വിജയകരമായി അവർ പൂർത്തിയാക്കുമ്പോൾ ‘ജീവിത പരിവർത്തനം’ എന്ന യുഎസ് ടി യുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിയുന്നുണ്ട്,” യു എസ് ടി വൈസ് പ്രസിഡന്റും തിരുവനന്തപുരം കേന്ദ്രം മേധാവിയുമായ ശിൽപ മേനോൻ പറഞ്ഞു.
നിഷിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് ഉപകരണങ്ങൾ കൈമാറിയത്. യു എസ് ടിയിൽ നിന്ന് ശിൽപ മേനോന്റെ നേതൃത്വത്തിൽ സി എസ് ആർ ലീഡുമാരായ വിനീത് മോഹനൻ, രാമു കൃഷ്ണ; സീനിയർ ഡെലിവറി മാനേജർ നജീന മുഹമ്മദ്, പി ആർ ആൻഡ് മാർക്കറ്റിംഗ് കേരള സീനിയർ ലീഡ് റോഷ്നി ദാസ് കെ എന്നിവർ സന്നിഹിതരായിരുന്നു.
സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് പ്രത്യേക സെക്രട്ടറിയും നിഷ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. അദീല അബ്ദുള്ള ഐ എ എസ്; ന്യു ഇനിഷ്യയെറ്റിവ്സ് ഹെഡ് ഡോ. ഷേർലി ജേക്കബ്; എഎസ്എൽപി വിഭാഗം മേധാവി ഡോ. വിനീത മേരി ജോർജ്; അലയ്ഡ് സർവീസസ് വിഭാഗം മേധാവി ഡോ. ആൻ വർഗീസ്; ക്ലിനിക്കൽ ആൻഡ് അക്കാദമിക് കോ-ഓർഡിനേറ്റർ ഡെയ്‌സി സെബാസ്റ്റ്യൻ; വൈസ് പ്രിൻസിപ്പലും കോളേജ് ഓഫ് ഒക്ക്യുപേഷണൽ തെറാപ്പി പ്രൊഫസറും മേധാവിയുമായ ഡോ. വിനീത് ഡാനി ജോസ്; ഡിഗ്രി (എച്ച് ഐ ) വിഭാഗം മേധാവി ഡോ. രാജി ഗോപാൽ; വോളണ്ടിയറും എസ് സി ടി ഐ എം എസ് മുൻ സയന്റിഫിക്ക് ഓഫീസറുമായ ഡോ. ഉഷ കന്ദസ്വാമി; സോഷ്യൽ വർക്ക് വിഭാഗം മേധാവിയും സിഎസ്ആർ സെൽ ചെയർപേഴ്സണുമായ രജിത എൽ; സിഎസ്ആർ സെൽ കൺവീനർ ജോബി ജോസ്; കോ-കൺവീനർ അനുപ, സിഎസ്ആർ സെൽ അംഗങ്ങളായ വിനീത സാറാ ഫിലിപ്പ്, ദീപ, ജോസഫ് ബോസ്, ഷൈനി എം.ടി; അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സോജ ഒളിവർ എന്നിവർ നിഷിൽ നിന്നും പങ്കെടുത്തു.
