കോഴിക്കോട്: 2026-ലെ നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ഗുരുതരമായ ക്രമക്കേടുകളിലും ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലും എത്തിക്കല്‍ മെഡിക്കല്‍ ഫോറം (EMF) സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ചോദ്യ പേപ്പര്‍ ചോര്‍ത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മാഫിയാ സംഘങ്ങള്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സംരക്ഷിക്കപ്പെടുന്നത് ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകളുടെ തുടക്കം മുതല്‍ അഴിമതിക്കഥകളും പരാതികളും തുടര്‍ച്ചയായി കേള്‍ക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വായ്പയെടുത്തും കിടപ്പാടം പണയപ്പെടുത്തിയും രാപ്പകല്‍ അധ്വാനിച്ചു പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങളെയാണ് ഇത്തരം സാമൂഹിക വിരുദ്ധ സംഘങ്ങള്‍ തകര്‍ക്കുന്നത്. വളഞ്ഞ വഴികളിലൂടെ മെഡിക്കല്‍ പ്രവേശനം നേടിയെടുക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്.
പരീക്ഷ വീണ്ടും നടത്തുക എന്നത് മാത്രമാകരുത് ഇതിനുള്ള പരിഹാരം. മറിച്ച്, ഈ കൊള്ളയില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും മാഫിയാ സംഘങ്ങളെയും കണ്ടെത്തി സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടണം. ഇവര്‍ക്കെതിരെ മാതൃകാപരമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാട് എടുക്കണമെന്നും ഇ.എം.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അജാസ് ബിന്‍ അബ്ദു
ജനറല്‍ സെക്രട്ടറി
