കൊല്ലം: നാല്പത് വര്‍ഷത്തിലേറെയായി യു എ ഇയില്‍ ബിസിനസ് നടത്തി വന്നിരുന്ന കൊല്ലം കടയ്ക്കല്‍ അഞ്ചുമുക്ക് ഉഷസ്സില്‍ സുഗതനെയും (67), ഭാര്യ ലത (56) യെയും കൊല്ലത്തെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യു എ ഇ റാസല്‍ഖൈമയിലും നാട്ടിലുമായി വിജയകരമായ സംരംഭങ്ങള്‍ നടത്തി വരികയായിരുന്ന സുഗതന്‍ – ലത ദമ്പതികളുടെ മരണം റാസല്‍ഖൈമയിലും നാട്ടിലുമുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ഞെട്ടിച്ചു.
ശനിയാഴ്ച രാവിലെ ഇവര്‍ക്ക് ഭക്ഷണവുമായി വീട്ടിലെത്തിയ ബന്ധു ഇവര്‍ കതക് തുറക്കാത്തതിനത്തെുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഗതനെ തൂങ്ങി മരിച്ച നിലയിലും ലതയെ കട്ടിലില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടത്. ഇരുവരും ശനിയാഴ്ച വൈകുന്നേരം റാസല്‍ഖൈമയിലേക്ക് തിരിച്ചുപോകേണ്ടവരായിരുന്നു. വെള്ളിയാഴ്ച്ച രാത്രിയിലും ഇവർ മകളുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മകന്‍ കഴിഞ്ഞ ദിവസം യു.എ.ഇയിലേക്ക് മടങ്ങിയിരുന്നു.
നല്ല സാമ്പത്തിക ഭദ്രതയിലായിരുന്ന ഇവരെ ജീവനൊടുക്കുന്നതിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ ഞായറാഴ്ച സംസ്കരിച്ചു. റാസല്‍ഖൈമയില്‍ അല്‍ നഖ്ല ബില്‍ഡിംഗ് കോണ്‍ട്രാക്ടിങ് കമ്പനി ഉടമയായിരുന്നു സുഗതന്‍. ആദ്യ കാലങ്ങളില്‍ റാക് കേരള സമാജവുമായി ബന്ധപ്പെട്ട കലാ-സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സുഗതന്‍ സേവനം എസ്.എന്‍.ഡി.പി യു.എ.ഇ പ്രവര്‍ത്തകനായിരുന്നു.
മക്കള്‍: വൈശാഖ്, അശ്വതി.
അതേസമയം, വിജയകരമായ പ്രവാസ ജീവിതം നയിച്ചിരുന്ന സുഗതന്റെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിലയിലാണ് റാസല്‍ഖൈമയിലെ മലയാളി സമൂഹം. സാധാരണയായി സാമ്പത്തിക ഞെരുക്കം, പലിശക്കെണി, ബിസിനസ് പരാജയം തുടങ്ങിയ പ്രശ്നങ്ങളിലകപ്പെടുന്നവരാണ് പ്രവാസ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്നവരെന്ന് സാമൂഹിക പ്രവര്‍ത്തകനായ എ.കെ. സേതുനാഥ് അഭിപ്രായപ്പെട്ടു.
“കഠിനാധ്വാനത്തിലൂടെ സംരംഭം വിജയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോയിരുന്നു സുഗതന്റെയും ഭാര്യ ലതയുടെയും മരണം ഞെട്ടിക്കുന്നതും വേദനാജനകവുമാണ്. സാമ്പത്തിക ഭദ്രതയ്ക്കുമപ്പുറം പ്രവാസികളുടെ മാനസികാരോഗ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഇരുവരുടെയും വിയോഗം. അധികൃതരുടെ മലയാളി കൂട്ടായ്മകളും ഈ വിഷയത്തില്‍ പ്രവാസികള്‍ക്കിടയില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നത് ഉചിതമാകും,” സേതുനാഥ് പറഞ്ഞു.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുത്തിരുന്നു. സാധാരണ ഹൈന്ദവാചാരപ്രകാരമുള്ള ശ്മശാന സംസ്കാരത്തിന് പകരം മൃതദേഹങ്ങൾ മണ്ണിൽ അടക്കം ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഭാവിയിൽ മൃതദേഹാവശിഷ്ടങ്ങൾ വീണ്ടും പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തേണ്ടി വന്നാൽ പ്രയോജനപ്പെടട്ടെ എന്ന മുൻകരുതലിന്റെ ഭാഗമായാണ് ദമ്പതികളുടെ മൃതദേഹം സംസ്കരിക്കുന്നതിന് പകരം മണ്ണിൽ അടക്കം ചെയ്യാൻ തീരുമാനിച്ചതെന്നാണ് സൂചന.
