പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വിരസമാകും: ഇശാന്‍ ഖാന്‍

ദോഹ: (ഖത്തര്‍): പുസ്തകങ്ങളും കഥകളും കവിതകളും മഹാന്മാരുടെ ജീവിതാനുഭവങ്ങളും ചിന്തകളും കണ്ടുപിടുത്തങ്ങളുമൊക്കെയാണ് ലോകത്തെ സക്രിയമാക്കുന്നതെന്നും, പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വളരെ വിരസമാകുമെന്നും ഖത്തറില്‍ പുസ്തക വായനയിലൂടെ ശ്രദ്ധേയനായ വിദ്യാര്‍ഥി ഇശാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. ദേശീയ വായന ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് സംഘടിപ്പിച്ച വായനാദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എന്‍. പണിക്കരുടെ വായിച്ചു വളരുക , ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം എന്നും പ്രസക്തമാണെന്നും പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിച്ചാല്‍ ജീവിതം കൂടുതല്‍ മനോഹരമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നിത്യവും കുറച്ചുസമയമെങ്കിലും വായനക്കായി മാറ്റിവെക്കാനുള്ള സന്നദ്ധതയും പ്രതിജ്ഞയുമാണ് വായനദിനത്തെ അടയാളപ്പെടുത്തേണ്ടത്.

ഖത്തറിലെ സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം തരം വിദ്യാര്‍ഥിയായായ ഇശാന്‍ വിവിധ ഭാഷകളിലുള്ള ആയിരത്തി മുന്നോറോളം പുസ്തകങ്ങള്‍ ഇതിനകം വായിച്ചിട്ടുണ്ട്.

പ്രാപഞ്ചിക സംവിധാനങ്ങളേയും വിശാലമായ ലോകത്തേയും പഠിച്ചുകൊണ്ടും വായിച്ചുകൊണ്ടും സ്രഷ്ടാവിനെ കണ്ടെത്തണമെന്ന ആഹ്വാനവുമായാണ് ഖുര്‍ആന്‍ അവതരണം ആരംഭിച്ചതെന്ന് എഫ്.സി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശ്ശേരി അഭിപ്രായപ്പെട്ടു. അറിവാണ് മനുഷ്യനെ നേതാവാക്കുന്നതെന്നും അറിവും വായനയും മനുഷ്യനെ ഉന്നതനാക്കുമെന്നും അദ്ദേഹം പറഞ്ഞു. അറിവിനേക്കാള്‍ പ്രധാനം ചിന്തക്കുണ്ടെന്നും ചിന്തയും ജ്ഞാനവും ഉണ്ടാകണമെങ്കില്‍ പരന്ന വായന ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കവയിത്രിയും ഗായികയുമായ ഷെറിന്‍ പൊയ് ലി, വിജയമന്ത്രങ്ങളുടെ അവതാരകന്‍ റാഫി പാറക്കാട്ടില്‍, ഉവൈസ് ഉസ് മാന്‍, സുബൈര്‍ പാണ്ഡവത്ത് ശാം ദോഹ, ഷംസീര്‍, ഇഖ്ബാല്‍ വയനാട്, ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു.

മീഡിയ പ്‌ളസ് സിഇഒ യും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

Leave a Comment

More News