ഞാറ്റുവേലകൾ (കവിത): ജയൻ വർഗീസ്

ഘന ശ്യാമ മേഘമേ
കനവുണ്ടുവോ,
ഹൃദയത്തിൽ വിടരുന്ന
നിനവുണ്ടുവോ ?
മഴ പെയ്താൽ
ചോരുന്ന കുടിലിന്നകം
മനസ്സിന്റെ മാളിക
ത്തറവാടുകൾ !

അകലത്ത് മഴമുകിൽ
കണി കൊന്നയിൽ
പൊഴിയുന്നു പ്രണയത്തിൻ
മഴത്തുള്ളികൾ
തിരിയിട്ടു തെളിയുന്ന
നിറ വാനമേ, എന്റെ
ഹൃദയത്തിൽ ഒരു
തണൽ വിരിയിക്കുമോ ?

ശ്രുതി ചേർന്ന് പെയ്യുമീ
ഋതു ശോഭയിൽ
തിരുവാതിരക്കിളി
ഞാറ്റു വേലകൾ,
അണ പൊട്ടിയൊഴുകുന്ന
മദ മാരിയിൽ ഇണ
കുരുവികൾ കുടയുന്നു
കുറു ചിറകുകൾ !

പ്രണയമായ് പ്രകൃതി
തൻ നിറമാറിലെ
അമൃതുണ്ട് ചെടികൾ വേ –
രുയിർ തേടവേ,
നിറയുന്ന ഹരിതാഭ
കുളിർ പോലെയെൻ
വിരഹവും വീണപ്പാട്ടും
അലയുന്നിതേ !

Leave a Comment

More News