ആർലിംഗ്ടൺ/ഡാളസ്: കളി തീരാൻ നാല് മിനിറ്റ് മാത്രം ബാക്കിനിൽക്കെ സൂപ്പർ താരം എർലിങ് ഹാളണ്ട് ഒറ്റ ടച്ചിൽ തൊടുത്തുവിട്ട മിന്നൽ ഗോളിൽ ഐവറി കോസ്റ്റിനെ തകർത്ത് നോർവെ ലോകകപ്പ് പ്രീ ക്വാർട്ടറിലേക്ക് കുതിച്ചു. ഡാലസിലെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവെയുടെ ചരിത്ര വിജയം. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ നോർവെ നേടുന്ന ആദ്യ വിജയമാണിത്. ഞായറാഴ്ച നടക്കുന്ന പ്രീക്വാർട്ടറിൽ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലാണ് നോർവെയുടെ എതിരാളികൾ.
മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളാണ് കാഴ്ചവെച്ചത്. 39–ാം മിനിറ്റിൽ അന്റോണിയോ നൂസയിലൂടെ നോർവെയാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ കളി കടുപ്പിച്ച ഐവറി കോസ്റ്റ് 74–ാം മിനിറ്റിൽ അമാദ് ഡിയാലോയിലൂടെ സമനില പിടിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്നും എക്സ്ട്രാ ടൈമിലേക്ക് വഴിമാറുമെന്നും കരുതിയിരിക്കെയാണ് 86–ാം മിനിറ്റിൽ പാട്രിക് ബെർഗിന്റെ പാസിൽ നിന്നും ഹാലൻഡ് നോർവെയുടെ വിജയഗോൾ വലയിലെത്തിച്ചത്.
കാത്തിരുന്ന നിമിഷം, ഒരൊറ്റ ടച്ച്!
ഡാളസ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് കായികപ്രേമികൾ കാത്തിരുന്നത് സൂപ്പർ താരം ഹാലാൻഡിന്റെ ആവേശം നിറഞ്ഞ കളി കാണാനായിരുന്നു. എന്നാൽ ഐവറി കോസ്റ്റ് പ്രതിരോധം അദ്ദേഹത്തെ പൂട്ടിയതോടെ ഗാലറിയും നിശ്ശബ്ദമായി. എന്നാൽ അതുവരെ നിശ്ശബ്ദനായിരുന്ന താരം ബോക്സിനുള്ളിൽ കിട്ടിയ ഒരൊറ്റ അവസരം തന്റെ സിഗ്നേച്ചർ വൺ-ടച്ച് ഫിനിഷിംഗിലൂടെ ഗോളാക്കി മാറ്റിയപ്പോൾ സ്റ്റേഡിയം ആനന്ദനൃത്തമാടി.
കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇഞ്ചുറി ടൈമിൽ ഐവറി കോസ്റ്റിന്റെ ഉറച്ചൊരു ഗോൾശ്രമം നോർവീജിയൻ ഗോളി ഒർജാൻ നെയ്ലാൻഡ് അദ്ഭുതകരമായി രക്ഷപ്പെടുത്തുകയും ചെയ്തതോടെ നോർവെ വിജയം ഉറപ്പിച്ചു.
മത്സരശേഷം പരമ്പരാഗത വൈക്കിങ് ഹെൽമറ്റ് ധരിച്ചെത്തിയ ഹാളണ്ടും ക്യാപ്റ്റൻ ഒഡെഗാർഡും ആരാധകർക്കൊപ്പം ഒന്നിച്ച് നിലത്തിരുന്ന് തോണി തുഴയുന്നതുപോലെ ശരീരം ചലിപ്പിച്ച്, കൊട്ടിക്കയറിയ ഡ്രംസിന്റെ അകമ്പടിയോടെ നോർവെയുടെ പരമ്പരാഗത ‘വൈക്കിങ് റോ’ ആഘോഷം നടത്തിയപ്പോൾ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു.
ടെക്സാസിലെ കനത്ത ചൂടിനെപ്പോലും അവഗണിച്ച് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് ആരാധകർ ഗാലറികളിൽ ആവേശത്തിന്റെ പൂത്തിരി കത്തിച്ചു. നോർവെ-ഐവറി കോസ്റ്റ് ആരാധകർക്കൊപ്പം ഗാലറിയിൽ ആവേശമായി ടെക്സാസിലെ പ്രവാസി മലയാളി ആരാധകരും വൻതോതിൽ എത്തിയിരുന്നു.
ഡാളസ് സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള ‘ടെക്സസ് ലൈവ്’, ഫോർട്ട് വർത്തിലെ ‘സൺഡൻസ് സ്ക്വയർ’ തുടങ്ങിയ പ്രധാന ഫാൻ സോണുകളിലും വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.
ഈ ചരിത്ര വിജയത്തോടെ നോർവെ പ്രീ ക്വാർട്ടറിലേക്ക് കുതിച്ചപ്പോൾ, ഐവറി കോസ്റ്റിന്റെ പോരാട്ടം ഇതോടെ അവസാനിച്ചു. വരും ദിവസങ്ങളിലും പ്രമുഖ ടീമുകളുടെ നോക്കൗട്ട് മത്സരങ്ങൾക്ക് ഈ ഡാലസ് സ്റ്റേഡിയം വേദിയാകും.
മാർട്ടിൻ വിലങ്ങോലിൽ (ഡാലസിൽ നിന്ന്)

