കല്ലറയിലായിരുന്നവർ സുവിശേഷങ്ങളുടെ കലവറയാകണം’: ഇന്റർനാഷണൽ പ്രാർത്ഥനാലൈൻ യോഗത്തിൽ റവ. റോബിൻ വർഗീസ്

ഡാളസ്: ആധുനിക മനുഷ്യൻ നേരിടുന്ന മാനസിക സംഘർഷങ്ങൾക്കും ഭയങ്ങൾക്കും ഏക പരിഹാരം ദൈവവിശ്വാസവും പ്രാർത്ഥനയുമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് പ്രവാസി മലയാളി ക്രൈസ്തവരുടെ ആഗോള കൂട്ടായ്മയായ ഇന്റർനാഷണൽ പ്രാർത്ഥനാലൈന്റെ (IPL) 633-ാമത് ഓൺലൈൻ പ്രാർത്ഥനാ യോഗം ജൂൺ 30 ചൊവ്വാഴ്ച വിജയകരമായി നടന്നു. അമേരിക്കൻ സമയം രാത്രി 9:00 മണിക്ക് ആരംഭിച്ച യോഗത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികളാണ് ഫോൺ ലൈൻ വഴി പങ്കെടുത്തത്. ‘ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം’ എന്ന വിഷയത്തെ ആസ്പദമാക്കി ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച് വികാരി റവ. റോബിൻ വർഗീസ് മുഖ്യ ദൈവവചന സന്ദേശം നൽകി.

ബൈബിളിലെ മർക്കോസിന്റെ സുവിശേഷം അഞ്ചാം അധ്യായം 1 മുതൽ 20 വരെയുള്ള വാക്യങ്ങളിലെ ‘ഭൂതഗ്രസ്തന്റെ സൗഖ്യമാക്കൽ’ എന്ന സംഭവം ആസ്പദമാക്കിയായിരുന്നു മുഖ്യപ്രഭാഷണം. സമകാലിക ജീവിത സാഹചര്യങ്ങളെ വിശ്വാസവുമായി കോർത്തിണക്കി റവ. റോബിൻ വർഗീസ് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായി.

ഭയത്തിന്റെയും ഒറ്റപ്പെടലിന്റെയും കല്ലറകളിൽ നിന്ന് മാറി മനുഷ്യൻ ദൈവവചനത്തിന്റെ സുവിശേഷ കലവറയാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ദുരന്തങ്ങളും രോഗങ്ങളും നിറഞ്ഞ ഈ കാലഘട്ടത്തിൽ ദൈവകരുണയിലാണ് ആശ്രയിക്കേണ്ടതെന്നും, കേവല ആവശ്യങ്ങൾക്കപ്പുറം ദൈവത്തോട് കൂടെയായിരിക്കാനുള്ള ആഗ്രഹമാകണം പ്രാർത്ഥനയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആവശ്യങ്ങൾ സമർപ്പിക്കൽ, കരുണയ്ക്കായുള്ള അപേക്ഷ, ദൈവത്തോടൊപ്പം ജീവിക്കാനുള്ള ആഗ്രഹം എന്നീ പ്രാർത്ഥനയുടെ മൂന്ന് തലങ്ങളെക്കുറിച്ചും, കുടുംബങ്ങളിൽ ദൈവസാന്നിധ്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.

ഡെട്രോയിറ്റിൽ നിന്നുള്ള ഐ.പി.എൽ കോർഡിനേറ്റർ സി. വി. സാമുവൽ ആമുഖ പ്രസംഗം നടത്തുകയും യോഗത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും ചെയ്തു. തുടർന്ന് ഡാളസിൽ നിന്നുള്ള ചെറിയാൻ വർക്കിയുടെ ആരംഭ പ്രാർത്ഥനയോടെയാണ് സമ്മേളനം ഔദ്യോഗികമായി ആരംഭിച്ചത്. മിസിസ് സാറാമ്മ വർക്കി (കുഞ്ഞുമോൾ, ഡാളസ്) വേദഭാഗം വായിച്ചു. മുഖ്യസന്ദേശത്തിന് ശേഷം നടന്ന മധ്യസ്ഥ പ്രാർത്ഥനയ്ക്ക് മിസ്റ്റർ ജോൺ മാത്യു (അമ്പോറ്റി, ഡാളസ്) നേതൃത്വം നൽകി. ലോക സമാധാനത്തിനും രോഗാതുരർക്കും ക്ലേശമനുഭവിക്കുന്നവർക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ യോഗത്തിൽ ഉയർന്നു.

ഹൂസ്റ്റണിൽ നിന്നുള്ള മിസ്റ്റർ ഷിജു ജോർജ്, മിസ്റ്റർ ജോസഫ് ടി. ജോർജ് (രാജു) എന്നിവർ പ്രാർത്ഥനാലൈന്റെ സാങ്കേതിക സഹായങ്ങൾ കൈകാര്യം ചെയ്തു. ഹൂസ്റ്റണിൽ നിന്നുള്ള  ഐ.പി.എൽ കോർഡിനേറ്റർ   ടി. എ. മാത്യു യോഗത്തിൽ പങ്കെടുത്തവർക്കും ക്രമീകരണങ്ങൾ ചെയ്തവർക്കും നന്ദി രേഖപ്പെടുത്തുകയും വരാനിരിക്കുന്ന പ്രോഗ്രാമുകളെക്കുറിച്ചുള്ള അറിയിപ്പുകൾ പങ്കുവെക്കുകയും ചെയ്തു. സമാപന പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി ഈ ആഴ്ചയിലെ സമ്മേളനം പരിസമാപ്തിയിലെത്തി.

പ്രാർത്ഥനാലൈന്റെ അടുത്ത ആഴ്ചയിലെ (ജൂലൈ 7, 2026) 634-ാമത് സെഷനിൽ ഫിലാഡൽഫിയയിൽ നിന്നുള്ള പ്രമുഖ പ്രഭാഷകൻ പ്രൊഫ. കോശി തലക്കൽ മുഖ്യസന്ദേശം നൽകും. പ്രാർത്ഥനാ ലൈനിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി കോർഡിനേറ്റർമാർ അറിയിച്ചു.

Leave a Comment

More News