ന്യൂജേഴ്സി: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് & ഫാമിലി കോണ്‍ഫറന്‍സ് 2026 ജൂലൈ 22-ാം തീയതി മുതല്‍ 25-ാം തീയതി വരെ ന്യൂജേഴ്സിയിലുള്ള ഭദ്രാസന ആസ്ഥാനത്ത് വെച്ച് നടക്കുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയര്‍ക്കല്‍ വികാരിയുമായി അഭിവന്ദ്യ യല്‍ദോ മോര് തീത്തോസ് തിരുമേനിയും ഭദ്രാസന സെക്രട്ടറി റവ. ഫാ. പോള്‍ തോട്ടക്കാട്ട്, ട്രഷറര്‍ സിമി ജോസഫ്, ജോയിന്റ് സെക്രട്ടറി റവ.ഫാ. ബെല്‍സണ്‍ കുര്യാക്കോസ്, ജോയിന്റ് ട്രഷറര്‍ ബോബി കുര്യാക്കോസ്, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു.
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂന്‍ മോര് ബസ്സേലിയോസ് ജോസഫ് ബാവ ഈ കോണ്‍ഫറന്‍സില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. സ്ഥാനാരോഹണത്തിനു ശേഷം ആദ്യമായി അമേരിക്കയില്‍ വരുന്ന ശ്രേഷ്ഠ ബാവയോടുള്ള ആദരസൂചകമായി 22-ാം തീയതി ബുധനാഴ്ച വൈകുന്നേരം നടത്തപ്പെടുന്ന ബാങ്ക്വറ്റില്‍ എല്ലാവരും പങ്കാളികളാകണമെന്ന് സംഘാടകര്‍ അറിയിച്ചു.
അഭിവന്ദ്യ മോര് ദീവന്നാസിയോസ് യൂഹാനോന്‍ കാവാക്ക് മെത്രാപ്പോലീത്ത (സിറിയക് ഓര്‍ത്തഡോക്സ് ഈസ്റ്റേണ്‍ ഭദ്രാസനം), അഭിവന്ദ്യ ഡോക്ടര്‍ അയൂബ് മോര് സില്‍വാനിയോസ് മെത്രാപ്പോലീത്ത (ക്നാനായ അതിഭദ്രാസനം) എന്നിവര്‍ ഈ ഫാമിലി കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥികളായിരിക്കും. ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ കീനോട്ട് സ്പീക്കര്‍ ആസ്ട്രേലിയയില്‍ നിന്നുമുള്ള റവ.ഫാ. ജേക്കബ് ജോസഫ് പിഎച്ച്.ഡി ആയിരിക്കും.
‘യഹോവയെ കണ്ടെത്താനാകുന്ന സമയത്ത് അവനെ അന്വേഷിപ്പിന്‍, അവന് അടുത്തിരിക്കുമ്പോള്‍ അവനെ വിളിച്ചപേക്ഷിപ്പിന്’ (യെശയ്യ 55:6) എന്നുള്ളതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ ചിന്താവിഷയം. ഈ വര്‍ഷത്തെ യൂത്ത് സ്പീക്കര്‍ റവ.ഫാ. ജോസഫ് ഷമ്മാസ് ആയിരിക്കും. വളരെ പരിമിതമായ സീറ്റുകള്‍ കൂടി ബാക്കിയുള്ളതിനാല്‍ രജിസ്ട്രേഷന് ജൂലൈ 15-ാം തീയതി വരെ നടത്താവുന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു.
ആത്മീയത നിറഞ്ഞുനില്ക്കുന്ന ഈ കോണ്‍ഫറന്‍സില്‍ വിവിധങ്ങളായ ധാരാളം കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ബുധനാഴ്ച വൈകിട്ട് നടക്കുന്ന അനുമോദന സമ്മേളനത്തിലും ബാങ്ക്വറ്റിലും ശ്രേഷ്ഠ ബാവയോടൊപ്പം വിവിധ സഭാ മേലദ്ധ്യക്ഷന്മാരും സ്റ്റേറ്റ്, കൗണ്ടി പ്രതിനിധികളും, സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കുന്നതാണ്.
ഈ കുടുംബ സംഗമവും സ്വീകരണവും ചരിത്രവിജയമാക്കി മാറ്റുവാന്‍ നിങ്ങള്‍ ഏവരുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്ന് അഭിവന്ദ്യ യല്‍ദോ മോര് തീത്തോസ് തിരുമേനിയും ജനറല്‍ കണ്‍വീനര്‍ റവ.ഫാ. പോള്‍ തോട്ടക്കാട്ടും, ജോയിന്റ് കണ്‍വീനര്‍ സിമി ജോസഫും കൗണ്‍സില്‍ അംഗങ്ങളും അറിയിച്ചു.
