‘കാലത്തിന്‍റെ ചുവരെഴുത്തുകള്‍’ എന്ന പുസ്തകം ശ്രേഷ്ഠ ബാവ പ്രകാശനം ചെയ്തു

ന്യൂജേഴ്സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍റെ 37-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്‍റെ സമാപന സമ്മേളനത്തില്‍ വെച്ച് റവ.ഫാ. കുറിയാക്കോസ് പുതുപ്പാടി രചിച്ച ‘കാലത്തിന്‍റെ ചുവരെഴുത്തുകള്‍’ എന്ന പുസ്തകം ശ്രേഷ്ഠ കാതോലിക്ക ആബൂണ്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ പ്രകാശനം ചെയ്തു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയ്ക്ക് ആദ്യകോപ്പി നല്കിക്കൊണ്ടായിരുന്നു പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.

ജീവിതത്തിന്‍റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളെയും ആത്മീയ സത്യങ്ങളെയും ക്രൈസ്തവ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ വായിച്ചെടുക്കുന്ന ചിന്തകളുടെ സമാഹാരമാണ് ‘കാലത്തിന്‍റെ ചുവരെഴുത്തുകള്‍’ എന്ന് ശ്രേഷ്ഠ ബാവ തന്‍റെ പ്രകാശനസന്ദേശത്തില്‍ പറഞ്ഞു. കാലം മനുഷ്യജീവിതത്തില്‍ എഴുതിച്ചേര്‍ക്കുന്ന സന്തോഷവും ദുഃഖവും കണ്ണീരും പ്രത്യാശയും മുറിവുകളും സൗഖ്യവും ക്ഷമയും സ്നേഹവും ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളുടെ പ്രധാന പ്രമേയങ്ങളാണ്.

മനുഷ്യജീവിതത്തിലെ സാധാരണ അനുഭവങ്ങളെ വിശുദ്ധ വേദപുസ്തകത്തിന്‍റെയും ക്രൈസ്തവ ആദ്ധ്യാത്മികതയുടെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് ഈ കൃതി. ഇനിയും ധാരാളം ആത്മീയഗ്രന്ഥങ്ങള്‍ രചിക്കാന്‍ ഗ്രന്ഥകാരന് ദൈവം കൃപ നല്കട്ടെയെന്ന് ശ്രേഷ്ഠ ബാവ തന്‍റെ ആശംസാപ്രസംഗത്തില്‍ പറഞ്ഞു. തദവസരത്തില്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടക്കാട്ട്, ജോയിന്‍റ് സെക്രട്ടറി റവ.ഫാ. ബെല്‍സണ്‍ കുര്യാക്കോസ്, ട്രഷറര്‍ സിമി ജോസഫ്, ജോയിന്‍റ് ട്രഷറര്‍ ബോബി കുര്യാക്കോസ്, റവ.ഫാ. ജേക്കബ് ജോസഫ് പിഎച്ച്.ഡി, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, വന്ദ്യ കോര്‍ എപ്പിസ്കോപ്പമാര്‍, വൈദികര്‍, ശെമ്മാശ്ശന്മാര്‍, വിശ്വാസികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Comment

More News