എല്ലാ മനുഷ്യരും ഈ ലോകത്തിലേക്ക് ജനിക്കുന്നത് തനിച്ചാണെങ്കിലും ജീവിക്കുന്നത് സാമൂഹിക ജീവിയായിട്ടാണ്. ജനിക്കുന്ന നിമിഷം മുതൽ അവസാന ശ്വാസം വരെ അവനെ മുന്നോട്ടു നയിക്കുന്നത് ബന്ധങ്ങളാണ്. മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ, സഹപ്രവർത്തകർ, അധ്യാപകർ, ശിഷ്യർ, സമൂഹം ഇവയെല്ലാം ചേർന്ന ഒരു ബന്ധം ആണ് ഒരു മനുഷ്യന്റെ ജീവിതം രൂപപ്പെടുന്നത്. പണവും അധികാരവും സ്ഥാനമാനങ്ങളും,ആധുനിക സൗകര്യങ്ങളും ജീവിതത്തിന് കൂടുതൽ നിറങ്ങൾ നൽകിയേക്കാം. എന്നാൽ ജീവിതത്തിന് അർത്ഥവും സന്തോഷവും സുരക്ഷിതത്വവും സമാധാനവും നൽകുന്നത് എല്ലായ്പോഴും നല്ല ബന്ധങ്ങളാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ സമ്പാദ്യമോ, സ്വർണശേഖമോ, വസ്തുവകകളോ അല്ല, മറിച്ചു അവനെ സ്നേഹിക്കുന്ന മനുഷ്യരും അവൻ കാത്തുസൂക്ഷിക്കുന്ന ബന്ധങ്ങളുമാണ്. ഒരു മനുഷ്യൻ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അവൻ ഓർക്കുന്നത് അവൻ അറ്റെല്ലാം മറ്റെല്ലാം മാറ്റിവച്ചു സമ്പാദിച്ച ഒന്നിനെയും കുറിച്ചല്ല, അവന്റെ ബന്ധങ്ങളെ കുറിച്ചാണ്.
മനുഷ്യബന്ധങ്ങളുടെ ഏറ്റവും പ്രധാന അടിത്തറ സ്നേഹമാണ്. എന്നാൽ സ്നേഹം എന്നത് വെറുമൊരു വികാരം മാത്രമല്ല, അത് പരസ്പരം മനസ്സിലാക്കലും ബഹുമാനവും ക്ഷമയും സഹാനുഭൂതിയും വിട്ടുവീഴ്ചയും പങ്കുവെക്കലും ചേർന്ന ജീവിതരീതിയാണ് ഒരു നിരന്തര പ്രക്രിയയാണ്. ഇന്ന് ലോകം സാങ്കേതികമായി വളരെയേറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും മനുഷ്യരുടെ മനസ്സുകൾ തമ്മിലുള്ള അകലം വർധിക്കുന്നതായി പലപ്പോഴും നമുക്ക് അനുഭവപ്പെടുന്നു. ലോകത്തിലെ എവിടെയുള്ളവരുമായും വിവരങ്ങൾ കൈമാറാൻ സെക്കൻഡുകൾ മതിയാകുന്ന കാലമാണിത്. പക്ഷേ ഹൃദയങ്ങൾ തമ്മിൽ, ഒരു ആത്മ ബന്ധം കൈവരിയ്ക്കാൻ പരസ്പരം മനസ്സിലാക്കുവാൻ പലർക്കും കഴിയുന്നില്ല. കാരണം വ്യക്തികൾക്കിടയിലെ ആശയവിനിമയം വർധിച്ചെങ്കിലും ആത്മബന്ധം കുറഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ഇന്നത്തെ ലോകത്തിന് ഏറ്റവുംകൂടുതൽ ആവശ്യമായത് സാങ്കേതിക വിദ്യകൾക്കൊപ്പം ദൃഡമായ ബന്ധങ്ങൾ കൂടിയാണ്.
ഒരു നല്ല ബന്ധത്തിന്റെ അടിത്തറ എന്നത് പങ്കുവെക്കാനുള്ള മനസ്സാണ്. പങ്കുവെക്കൽ എന്നത് വസ്തുക്കൾ മാത്രം നൽകുന്നതല്ല. അറിവ് പങ്കുവെക്കുക, അനുഭവങ്ങൾ പങ്കുവെക്കുക, നല്ലൊരു പുഞ്ചിരി പങ്കുവെക്കുക, മറ്റൊരാളുടെ ദുഃഖത്തിൽ ഒപ്പം നിൽക്കുക, മറ്റൊരാളുടെ സന്തോഷത്തിൽ ആത്മാർത്ഥമായി സന്തോഷിക്കുക, മറ്റൊരാൾ നേടിയ വിജയങ്ങൾ,നേട്ടങ്ങളെ ആത്മാർത്ഥമായി പ്രശംസിയ്ക്കുക. ഇവയെല്ലാം പങ്കുവെക്കലിന്റെ ഭാഗമാണ്. അത്ഭുതകരമായ ഒരു ലോക സത്യമുണ്ട്. നാം മറ്റൊരാൾക്ക് എന്തെങ്കിലും നൽകുമ്പോൾ, അയാളുമായി പങ്കുവയ്ക്കുമ്പോൾ അത് ഒരിയ്ക്കലും കുറയുന്നില്ല മറിച്ച് നമ്മുടെ ഉള്ളിൽ സന്തോഷത്തിന്റെയും,സമാധാനത്തിന്റെയും എന്തോ വളരുകയാണ്.ഒരു പ്രകാശം ഉടലെടുക്കുകയാണ്. ഒരു നിലവിളക്കിന്റെ വെളിച്ചം മറ്റൊരു തിരിയിലേയ്ക്കോ, വിളക്കിലേയ്ക്കോ പകർന്നു നൽകുമ്പോൾ നിലവിളക്കിന്റെ വെളിച്ചം കുറയുന്നില്ല, ആ വിളക്കിരിയ്ക്കുന്ന മുറി കൂടുതൽ പ്രകാശപൂരിതമാകുകയാണ് ചെയ്യുന്നത്. അതുപോലെ അറിവ് പങ്കുവെച്ചാൽ അറിവ് കുറയുന്നില്ല, അത് ഇരട്ടിയാകുന്നു. സ്നേഹം പങ്കുവെച്ചാൽ സ്നേഹം നഷ്ടമാകുന്നില്ല അത് കൂടുതൽ ആഴമുള്ളതും, ദൃഢവുമായി തീരുന്നു. അതുപോലെ തന്നെയാണ് സന്തോഷം പങ്കുവെച്ചാൽ അത് വർധിക്കുന്നു, ദുഃഖം പങ്കുവെച്ചാൽ അത് കുറയുന്നു. ഇതാണ് പങ്കുവെക്കലിന്റെ ആത്മീയതയും തത്വവും. ഒരു മനുഷ്യൻ സ്വന്തം കാര്യങ്ങൾ നോക്കി മാത്രം ജീവിക്കുമ്പോൾ സന്തോഷം വളരെ പരിമിതമാണ്. മറ്റുള്ളവരുടെ ജീവിതത്തിലും തന്റെ ഇടപെടലുകൾ വെളിച്ചമാകുമ്പോഴാണ് അവൻ യഥാർത്ഥ ആത്മസംതൃപ്തി അനുഭവിക്കുന്നത്.
നാം ഒരാളെ ആദ്യമായി കാണുമ്പോൾ അയാളുടെ വാക്കുകളാണ് ആദ്യം കേൾക്കുന്നത്. എന്നാൽ ആ വാക്കുകളുടെ പിന്നിൽ ഒരു ജീവിതമുണ്ട്, അനുഭവമുണ്ട് എന്ന കാര്യം പലപ്പോഴും നാം മറന്നുപോകുന്നു ഓരോ മനുഷ്യനും തന്റെ അനുഭവങ്ങളുടെ ലോകത്തിൽ നിന്നാണ് സംസാരിക്കുന്നത്. അവന്റെ സന്തോഷങ്ങൾ , വേദനകൾ , വിജയങ്ങൾ , പരാജയങ്ങൾ , ഭയം , പ്രതീക്ഷകൾ, ആകാംഷ എന്നിവ ചേർന്നാണ് ഓരോ അഭിപ്രായവും രൂപപ്പെടുന്നത്. അതുപോലെ തന്നെ കേൾക്കുന്ന നമ്മുടെ മനസ്സും നമ്മുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നത്, അവനെ മനസ്സിലാക്കുന്നത് . അതുകൊണ്ട് ഒരു അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോൾ ആദ്യം സ്വയം ചോദിക്കേണ്ട ചോദ്യം “ആരാണ് ശരി?” എന്നതല്ല; “അയാൾ എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്? എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്?” എന്നതാണ്. ഈ ചോദ്യം സ്വയം ചോദിക്കാൻ കഴിയുന്ന നിമിഷം തന്നെ നമ്മുടെയുള്ളിൽ സഹാനുഭൂതി ജനിക്കുന്നു. മറ്റൊരാളുടെ ജീവിതസാഹചര്യം മനസ്സിലാക്കാൻ കഴിയുമ്പോൾ നമ്മുടെ വിധികളും വിമർശനങ്ങളും മൃദുവാകുന്നു, ദേഷ്യവും, ക്രോധവും,അസൂയയും പതിയെ വിട്ടകലുന്നു.
സ്വയംവിശകലനം മനുഷ്യനെ മഹത്തായ വ്യക്തിത്വമാക്കുന്ന ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നാണ്. മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തുക, വിമർശിയ്ക്കുക എന്നത് വളരെ എളുപ്പമാണ്. എന്നാൽ സ്വന്തം കുറവുകൾ തിരിച്ചറിയുക എന്നത് മനസ്സിന്റെ പക്വതയാണ്. ഓരോ ദിവസവും നാം സ്വയം ചോദിക്കണം, “എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചോ? എന്റെ തീരുമാനങ്ങൾ മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയോ? എന്റെ പ്രവർത്തികൾ മറ്റുള്ളവർക്ക് ദോഷമായി വരുന്നുണ്ടോ ? ഞാൻ കൂടുതൽ നല്ല മനുഷ്യനാകാൻ എന്താണ് എന്നിൽ തന്നെ മാറ്റം വരുത്തേണ്ടത്?” ഈ സ്വയം ചോദ്യങ്ങളാണ് ഓരോ മനുഷ്യരുടെയും വ്യക്തിത്വത്തെ വളർത്തുന്നത്. സ്വന്തം തെറ്റുകൾ സമ്മതിക്കാൻ കഴിയുന്ന മനുഷ്യന് ബന്ധങ്ങൾ നഷ്ടപ്പെടില്ല. കാരണം അയാൾ ജയിക്കാൻ ശ്രമിയ്ക്കുകയല്ല, സ്വയം മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. പക്ഷെ ഓരോ മനുഷ്യരിലുമുള്ള ശീലങ്ങൾ മറ്റുള്ളവരിൽ ഉണ്ടാക്കുന്ന വേദനയും, വെറുപ്പും,വിദ്വേഷവും, അസൂയയും എല്ലാം മാനുഷ്യരുടെ തന്നെ ജനിതകമാണ് എന്നതുകൂടി ഒരു സത്യാവസ്ഥയാണ്.
മനുഷ്യനും മൃഗവും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസവും ഇതുതന്നെയാണ്. വിശപ്പും ദാഹവും ഭയവും സന്തോഷവും ദുഃഖവും മൃഗങ്ങൾക്കും ഉണ്ട്. എന്നാൽ സ്വന്തം പ്രവർത്തനങ്ങളെ വിശകലനം ചെയ്യാനും നാളെ കൂടുതൽ നല്ല മനുഷ്യനാകണമെന്ന് തീരുമാനിക്കാനും കഴിയുന്നത് മനുഷ്യനു മാത്രമാണ്. തെറ്റ് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്ന കഴിവ് മനുഷ്യനു മാത്രമുള്ള ജന്മസിദ്ധമായ കഴിവാണ്. മറ്റൊരാളുടെ വേദന സ്വന്തം മനസ്സിൽ അനുഭവിക്കാൻ കഴിയുന്ന സഹാനുഭൂതി, സ്വന്തം ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന വിവേകം, മറ്റുള്ളവർക്കുവേണ്ടി ത്യാഗം ചെയ്യാനുള്ള മനസ്സു, സാഹചര്യത്തിന് അനുസരിച്ചു പ്രതികരിയ്ക്കാനുള്ള ശേഷി,വിവേചന ബുദ്ധി, ഇവയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. അതുകൊണ്ട് തന്നെ മനുഷ്യന്റെ യഥാർത്ഥ മഹത്വം അവന്റെ ജോലി, ജാതി,മതം,നിറം സാമ്പത്തിക ഭദ്രത,ബുദ്ധിശക്തി, അവനുള്ള ആധുനിക സൗകര്യങ്ങൾ,ആഡംബരങ്ങൾ ഒന്നിലുമല്ല അല്ല അവന്റെ ഹൃദയത്തിന്റെ വിശാലതയിലാണ്.
ഒരു ദാർശനിക സത്യം കൂടി നാം ഓർക്കേണ്ടതുണ്ട്,. മനുഷ്യൻ ഈ ലോകത്ത് പുതുതായി ഒന്നും തന്നെ സൃഷ്ടിക്കുന്നില്ല. പ്രകൃതിയിൽ ഇല്ലാത്ത ഒരു വസ്തുവും നമുക്ക് ഉണ്ടാക്കാൻ കഴിയില്ല എന്നതാണ് പ്രപഞ്ച സത്യം . നാം നിരന്തരമായി ചെയ്തു കൊണ്ടിരിയ്ക്കുന്നതു പ്രകൃതിയിൽ ഉള്ളതിനെ കണ്ടെത്തുകയും മനസ്സിലാക്കുകയും കൂടുതൽ പ്രയോജനപ്രദമാക്കുകയും, ലളിതവത്കരിയ്ക്കുകയും, ആയാസരഹിതമാക്കുകയും, കൂടുതൽ മനോഹരമാക്കുകയും ചെയ്യുക മാത്രമാണ്. ഒരു ശിൽപി പാറയിൽ നിന്ന് പ്രതിമ സൃഷ്ടിക്കുന്നു എന്ന് നാം പറയുമ്പോൾ യഥാർത്ഥത്തിൽ പ്രതിമയുടെ സാധ്യത ആ പാറയിൽ തന്നെ ഉണ്ടായിരുന്നു എന്നതാണ് സത്യം. ശിൽപി ആ പാറയെ കണ്ടെത്തി അതിനെ മനോഹരമായി രൂപപ്പെടുത്തി എന്ന് മാത്രം. എല്ലാ പാറകളിലും,എല്ലാ മണ്ണിലും ശിൽപം തീർക്കുവാൻ കഴിയില്ല. ഒരു കർഷകൻ അവന്റെ കൃഷിയ്ക്ക് ആവശ്യമായ വിത്ത് ഉണ്ടാക്കുന്നില്ല പ്രകൃതി നൽകിയ വിത്തിനെ വളർത്തുകയാണ് അവൻ ചെയ്യുന്നത്. ഒരു വൈദ്യനും പുതുതായി ഒരു ശരീരം സൃഷ്ടിക്കുന്നില്ല, അതിന്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷിയെ സഹായിക്കുകയാണ് ചെയ്യുന്നത്. അതുപോലെ മനുഷ്യബന്ധങ്ങളിലും നമുക്ക് പുതുതായി സ്നേഹം നിർമ്മിയ്ക്കുവാൻ കഴിയില്ല. ഓരോ മനുഷ്യന്റെയും ഉള്ളിൽ ഉള്ള നന്മയെ വളർത്തുകയും വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ബന്ധങ്ങളെ കൂടുതൽ ദൃഢവും,മനോഹരമാക്കുകയും ചെയ്യുക മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏക കാര്യം. അതാണ് യഥാർത്ഥ ജീവിത വിജയം എന്ന് പല മഹത് ഗുരുക്കന്മാരും നമുക്ക് പകർന്നു നൽകിയ പാഠം.
ഇന്നത്തെ സമൂഹത്തിൽ രാഷ്ട്രീയം, മതം, ജാതി, സാമ്പത്തു , ഭാഷ, വർണ്ണം, സംസ്കാരം, അതിരുകൾ, എന്നിവ പലപ്പോഴും മനുഷ്യരെ തമ്മിൽ അകറ്റുന്ന ഘടകങ്ങളായി മാറുന്നു. മനുഷ്യർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ്. എന്നാൽ ഒരു അഭിപ്രായങ്ങളും ദോഷമായി മാറരുത്.നിലപാടുകളിൽ, രാഷ്ട്രീയത്തിൽ എല്ലാം മാറ്റങ്ങൾ ആകാം. എന്നാൽ തകർന്നുപോയ ഒരു ബന്ധം തിരികെ ലഭിക്കാൻ വർഷങ്ങൾ വേണ്ടിവരും എന്നത് ഒരു വസ്തുതയാണ് . അതുകൊണ്ട് നമുക്ക് ആശയങ്ങളെ വിമർശിക്കാം, പക്ഷേ മനുഷ്യരെ വെറുക്കരുത്. ചിന്തകളെ ചോദ്യം നമുക്ക് ചെയ്യാം, പക്ഷേ വ്യക്തിയുടെ അന്തസ്സിനെ അപമാനിക്കരുത്. ഒരു മനുഷ്യന്റെ മൂല്യം അവന്റെ രാഷ്ട്രീയത്തിലും മതത്തിലും അല്ല അവന്റെ മനുഷ്യത്തത്തിലാണ്. നമുക്കിടയിൽ വളരേണ്ടത് സഹാനുഭൂതിയും,സഹകരണവും,സ്നേഹവുമാണ്.
മനുഷ്യന്റെ തലച്ചോർ വളരെ അത്ഭുതകരമായ ഒരു അവയവമാണ്. ആരെങ്കിലും നമ്മെ വിമർശിക്കുമ്പോൾ അല്ലെങ്കിൽ നമ്മുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുമ്പോൾ, ദേഷ്യപ്പെടുമ്പോൾ തലച്ചോറിലെ വികാരകേന്ദ്രങ്ങൾ അതിനെ തനിയ്ക്ക് നേരെ വരുന്ന ഒരു ആക്രമണമായി കണക്കാക്കുന്നു. അതിന്റെ ഫലമായി ദേഷ്യവും പ്രതിരോധവും ഉടലെടുക്കുന്നു. യുക്തി പ്രവർത്തിക്കുന്നതിനുമുമ്പ് വികാരങ്ങൾ പ്രതികരിക്കുന്നതു കൊണ്ടാണ് ചിലപ്പോൾ പിന്നീട് പശ്ചാത്തപിക്കേണ്ട വാക്കുകൾ പോലും നാം പറയുന്നത്. എന്നാൽ ഒരു നിമിഷം നിശ്ശബ്ദമായി ചിന്തിക്കാൻ കഴിഞ്ഞാൽ നമ്മുടെ വിവേകം വീണ്ടും പ്രവർത്തിക്കാൻ തുടങ്ങും. ദേഷ്യം കുറഞ്ഞുവരും. മറ്റൊരാളുടെ നിലപാട് കേൾക്കാൻ മനസ്സ് തയ്യാറാകും. ഒരു നിമിഷത്തെ നിശ്ശബ്ദത പല ബന്ധങ്ങളെയും സുദൃഢമാക്കിയിട്ടുണ്ട്. ദേഷ്യവും വെറുപ്പും മനുഷ്യന്റെ ഉള്ളിൽ ആദ്യം നശിപ്പിക്കുന്നത് അവന്റെ തന്നെ സമാധാനത്തെയാണ്. വെറുപ്പ് മറ്റൊരാളെ ശിക്ഷിക്കുന്നതിന് മുമ്പ് അത് സൂക്ഷിക്കുന്ന മനുഷ്യനെ തന്നെ നിരന്തരമായി തളർത്തുന്നു. അതുകൊണ്ട് ക്ഷമിക്കുക എന്നത് മറ്റൊരാൾക്ക് നൽകുന്ന സമ്മാനമല്ല, പരിഗണയല്ല, സ്വന്തം മനസ്സിന് നൽകുന്ന സ്വാന്തനമാണ് എല്ലാവരും നമ്മെപ്പോലെ ചിന്തിക്കണം എന്ന വാശി ഉപേക്ഷിക്കുമ്പോൾ ജീവിതം കൂടുതൽ മനോഹരമാകുന്നു. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും പരസ്പരം ബഹുമാനിക്കാൻ കഴിയുന്ന സമൂഹമാണ് യഥാർത്ഥത്തിൽ പരിഷ്കൃത സമൂഹം.
നമ്മൾ പലപ്പോഴും പറയാറുണ്ട് പഴയകാലത്തെ ബന്ധങ്ങൾ കൂടുതൽ നല്ലതായിരുന്നു എന്നും ഇന്നത്തെ മാറ്റങ്ങൾ സംസ്കാരത്തെ നശിപ്പിക്കുകയാണെന്നും. എന്നാൽ യാഥാർഥ്യം അത്ര ലളിതമല്ല. കാലം മാറുന്നു. ജീവിതരീതികൾ മാറുന്നു. കുടുംബഘടന മാറുന്നു. സാങ്കേതികവിദ്യ മാറുന്നു. പക്ഷേ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ മാറുന്നില്ല. ലിംഗ വ്യത്യാസമില്ലാതെ,സ്നേഹം, സുരക്ഷിതത്വം, അംഗീകാരം, കരുതൽ, വിശ്വാസം, അഭിപ്രായ സ്വാതന്ദ്രം,തുല്യത, എന്നിവ ഇന്നും മനുഷ്യന് ആവശ്യമാണ്. അതുകൊണ്ട് മാറ്റം സംസ്കാരത്തെ നശിപ്പിക്കുന്നില്ല മനുഷ്യന്റെ മൂല്യങ്ങൾ നഷ്ടപ്പെടുമ്പോഴാണ് സംസ്കാരം ക്ഷയിക്കുന്നത്. പുതിയ തലമുറയെ കുറ്റപ്പെടുത്തുന്നതിന് പകരം പഴയ തലമുറയുടെ അനുഭവവും പുതിയ തലമുറയുടെ അറിവും കൂട്ടിച്ചേർക്കാൻ കഴിഞ്ഞാൽ സമൂഹം കൂടുതൽ ശക്തമാകും. നമ്മൾ നമ്മുടെ കുടുംബങ്ങളിൽ എന്നും കുട്ടികളെയാണ് വളർന്നത് എങ്കിൽ ഇന്ന് ഭൂരിഭാഗം കുടുംബങ്ങളിലും കുട്ടികളെ വ്യക്തികളായാണ് വളർത്തുന്നത്. അത് കൊണ്ട് തന്നെ അവർ നിവർന്നു നിന്ന് അഭിപ്രയങ്ങൾ പറയുവാനും,അവരുടെ വികാര വിചാരങ്ങൾ കടിച്ചമർത്താതെ പ്രകടിപ്പിയ്ക്കുവാനും മടി കാണിയ്ക്കുന്നില്ല. ആ അവസ്ഥാ വിശേഷത്തെയാണ് നമ്മൾ ഇന്നത്തെ ജെനറേഷൻ അത്ര പോരാ എന്ന നിഗമനത്തിലേക്ക് നമ്മെ കൊണ്ട് ചെന്ന് എത്തിയ്ക്കുന്നതു. കാരണം നമ്മുടെ തലച്ചോറിൽ നമ്മുടെ ജീവിത സാഹചര്യങ്ങളാൽ ശേഖരിച്ച ഡാറ്റയാണ് നമ്മെ കൊണ്ട് അങ്ങിനെ ചിന്തിപ്പിയ്ക്കുന്നതും,പറയിക്കുന്നതും.
നമ്മുടെ ജീവിതത്തിൽ നാം ഇവിടെ നമ്മുടെ അവശേഷിപ്പായി വിട്ടുപോകുന്ന ഏറ്റവും വലിയ പാരമ്പര്യം സ്വത്തോ പ്രശസ്തിയോ അല്ല, നമ്മുടെ രാഷ്ട്രീയ മത ചിന്തകളല്ല, നല്ല ബന്ധങ്ങൾ മാത്രമാണ്. നമ്മുടെ മക്കൾക്ക് നാം നൽകേണ്ട ഏറ്റവും വലിയ വിദ്യാഭ്യാസം മനുഷ്യരെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നതാണ്. ജാതിയല്ല, മതമല്ല,കുലമല്ല, വർണ്ണമല്ല, സമ്പത്തല്ല,വിദ്യാഭ്യാസമല്ല മനുഷ്യന്റെ മൂല്യം നിർണയിക്കുന്നത് എന്ന് അവർ മനസ്സിലാക്കണം. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്ന, സഹാനുഭൂതിയും,കർത്യവ്യബോധവും ഉള്ള ഒരു സമൂഹമാണ് യഥാർത്ഥ പുരോഗതിയുടെ അടയാളം.കാരണം ഇന്നത്തെ കുട്ടികൾ ജനിയ്ക്കുന്നതു നമ്മൾ ജനിച്ചതുപോലെ ഒരു ചെറിയ പ്രദേശത്തിന്റെ കൊന്നില്ലല്ല, ഒരു കുട്ടി ഇന്ന് ജനിയ്ക്കുന്നതു ഈ വിശാലമായ ലോകത്തിലാണ്.
കുമാരനാശാൻ എഴുതിയ വരികൾ ഇവിടെ വളരെ പ്രസക്തമാണ്. “സ്നേഹമാണഖില സാരമൂഴിയിൽ”എന്ന സന്ദേശം ഇന്നും അതേ ശക്തിയോടെ നമ്മെ സ്പർശിക്കുന്നു. സ്നേഹമാണ് എല്ലാ മതങ്ങളുടെയും എല്ലാ ദർശനങ്ങളുടെയും എല്ലാ സംസ്കാരങ്ങളുടെയും ഹൃദയം. അതുപോലെ “ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” എന്ന പ്രാർത്ഥന നമ്മുടെ കുടുംബത്തിനോ സമൂഹത്തിനോ മാത്രമല്ല, ലോകത്തിലെ ഓരോ ജീവജാലത്തിനും സമാധാനവും ക്ഷേമവും ആശംസിക്കുന്ന സർവമാനവിക ദർശനമാണ്. ഈ ചിന്ത മനുഷ്യഹൃദയത്തിൽ വളരുമ്പോൾ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും വർണ്ണത്തിനും,അതിരുകൾക്കും അതീതമായി മനുഷ്യൻ മറ്റൊരു മനുഷ്യന്റെ സഹോദരപാത്രമാവുന്നു.
അതുകൊണ്ട് നമുക്ക് ഓരോ ദിവസവും ഒരു ചെറിയ തീരുമാനമെടുക്കാം. നമുക്ക് ഒരാളെ കൂടി കേൾക്കാം. ഒരാളെ കൂടി മനസ്സിലാക്കാൻ ശ്രമിയ്ക്കാം . ഒരു അറിവ് കൂടി നമുക്ക് പങ്കുവെക്കാം. ഒരു പുഞ്ചിരി കൂടി നമുക്ക് സമ്മാനിക്കാം. നമ്മൾ ഉൾപ്പെട്ട ഒരു തെറ്റിദ്ധാരണ കൂടി പരിഹരിക്കാം. ഒരു ദേഷ്യം,വിദ്വേഷം കൂടി ഉപേക്ഷിക്കാം. ഒരു മനുഷ്യനെ കൂടി ചേർത്ത് പിടിക്കാം. കാരണം ജീവിതത്തിന്റെ അവസാനം നാം ഓർക്കപ്പെടുന്നത് എത്ര സമ്പാദിച്ചു എന്നതുകൊണ്ടല്ല, എത്ര ഹൃദയങ്ങളെ സ്പർശിച്ചു എന്നതുകൊണ്ടായിരിക്കും. സ്നേഹം വിതയ്ക്കുന്നവർ സ്നേഹമാണ് കൊയ്യുന്നത്, കരുണ പങ്കുവെക്കുന്നവർ സമാധാനമാണ് കണ്ടെത്തുന്നത്. മനുഷ്യനെ മനുഷ്യനായി അംഗീകരിക്കുകയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ജീവിതമാണ് ഏറ്റവും വലിയ ആത്മീയസാധനയും ഏറ്റവും വലിയ ജീവിത വിജയവും.
