ദാന അനസിന് മീഡിയ പ്‌ളസിന്റെ ആദരം

ദോഹ:  ദോഹ ഡിസൈന്‍ ഡിസ്ട്രിക്ട് സംഘടിപ്പിച്ച പ്രഥമ പബ്ലിക് ആര്‍ട്ട് ഓപ്പണ്‍ കോള്‍ പദ്ധതിയിലെ വിജയികളായ നാല് എന്‍ട്രികളില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയായ ദാന അനസിന് മീഡിയ പ്‌ളസിന്റെ ആദരം . ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനും പ്രത്യേകിച്ച് യുവ ഇന്ത്യന്‍ പ്രതിഭകള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്.

ദാന അനസിന്റെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര ദാന അനസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ ഡാനയുടെ നേട്ടം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ അഭിമാനകരമാണെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രമുഖ കലാ-ഡിസൈന്‍ പദ്ധതിയില്‍ യുവ ഇന്ത്യന്‍ ആര്‍ക്കിടെക്റ്റിന്റെ സൃഷ്ടി തിരഞ്ഞെടുക്കപ്പെട്ടത് പുതിയ തലമുറയിലെ ഇന്ത്യന്‍ പ്രതിഭകള്‍ക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറിന്റെ സാംസ്‌കാരിക പശ്ചാത്തലത്തെ മനസ്സിലാക്കി അതിനെ സമകാലിക ഡിസൈന്‍ ഭാഷയിലൂടെ അവതരിപ്പിക്കാനുള്ള ദാനയുടെ കഴിവാണ് ‘ഡെസേര്‍ട്ട് ഇന്‍ മോഷന്‍ ‘ എന്ന സൃഷ്ടിയെ വേറിട്ടുനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അറബ് ജീവിതത്തിന്റെ സാംസ്‌കാരിക തനിമയും പാരമ്പര്യവും സമകാലിക കലാഭാവനയിലൂടെ ആവിഷ്‌കരിക്കുന്ന ഡെസേര്‍ട്ട് ഇന്‍ മോഷന്‍ എന്ന  ഡിസൈനാണ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്.

കലാകാരന്മാരും ഡിസൈനര്‍മാരും ഉള്‍പ്പെടെ 53 രാജ്യക്കാരില്‍ നിന്നായി 220-ലധികം നിര്‍ദേശങ്ങളാണ് ഓപ്പണ്‍ കോളിലേക്ക് ലഭിച്ചത്. വിശദമായ പരിശോധനയ്ക്കുശേഷം 14 രാജ്യങ്ങളില്‍ നിന്നുള്ള 20 എന്‍ട്രികള്‍ അന്തിമ പട്ടികയില്‍ ഇടം നേടി. ഇതില്‍ നിന്നാണ് നാല് വിജയികളെയാണ് തെരഞ്ഞെടുത്തത്.

വിദഗ്ധരുടെ വിലയിരുത്തലിനൊപ്പം പൊതുജനങ്ങളുടെ അഭിപ്രായത്തിനും പ്രാധാന്യം നല്‍കിയ രണ്ടുഘട്ട തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ഡിസൈന്‍, കല, സംസ്‌കാരം, നഗരവികസനം എന്നീ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട സ്വതന്ത്ര ജൂറിയുടെ വിലയിരുത്തലിനൊപ്പം പൊതുജന വോട്ടെടുപ്പും അന്തിമ തിരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നു.

മുഷൈരിബ് പ്രോപ്പര്‍ട്ടീസ്, ഖത്തര്‍ മ്യൂസിയംസ്, ഖത്തര്‍ ക്രിയേറ്റ്‌സ്  എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്രമുഖ ജൂറിയാണ് എന്‍ട്രികള്‍ വിലയിരുത്തിയത്. ദോഹയുടെ ഭാവി കലാ-നഗര സൗന്ദര്യവല്‍ക്കരണത്തില്‍ പൊതുസമൂഹത്തിനും പങ്കാളികളാകാനുള്ള അവസരമാണ് പൊതുവോട്ടെടുപ്പിലൂടെ ഒരുക്കിയത്.

ദാന അനസിന്റെ നേട്ടം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ അഭിമാനകരമായ മുഹൂര്‍ത്തമായി. ഖത്തറിന്റെ കലാ-ഡിസൈന്‍ മേഖലയില്‍ യുവ ഇന്ത്യന്‍ പ്രതിഭകള്‍ നല്‍കുന്ന സംഭാവനയുടെ മികച്ച ഉദാഹരണമാണ് ഈ അംഗീകാരം.

ദോഹയുടെ നഗരഭൂപ്രകൃതിയിലും സമകാലിക കലാരംഗത്തും ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന മുഷൈരിബ് ഡൗണ്‍ടൗണ്‍ ദോഹയിലെ ഈ പദ്ധതിയുടെ ഭാഗമായി ദാന അനസിന്റെ സൃഷ്ടിയും യാഥാര്‍ഥ്യമാകുന്നതോടെ, ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സൃഷ്ടിപരമായ സാന്നിധ്യത്തിന് പുതിയൊരു അംഗീകാരം കൂടി ലഭിക്കുകയാണ്.

Leave a Comment

More News