ഡാളസിൽ വേൾഡ് മലയാളി കൗൺസിലിന്റെ 15-ാമത് ആഗോള സമ്മേളനം; അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥി; ദിവ്യ ഉണ്ണി പങ്കെടുക്കും

ഡാളസ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഒരു പൊതുവേദിയിൽ ഒരുമിപ്പിച്ച്, കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത രണ്ടു വർഷത്തേക്കുള്ള കർമ്മപദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യുന്നതിനായി വേൾഡ് മലയാളി കൗൺസിലിന്റെ (WMC) 15-ാമത് ദ്വൈവാർഷിക ആഗോള സമ്മേളനം ആഗസ്റ്റ് 21 മുതൽ 24 വരെ ഡാളസിലെ DFW Wyndham Hotel-ൽ നടക്കും.

കോട്ടയം ലോക്സഭാ മണ്ഡലം എം.പി. അഡ്വ. ഫ്രാൻസിസ് ജോർജ് സമ്മേളനത്തിന്റെ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത സിനിമാതാരവും നർത്തകിയുമായ ദിവ്യ ഉണ്ണിയും സമ്മേളനത്തിൽ പങ്കെടുക്കും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രവിശ്യകളിൽ നിന്നുമായി നിരവധി പ്രതിനിധികൾ സമ്മേളനത്തിനെത്തും.

സാധാരണ മലയാളി സംഘടനകളുടെ സമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായ പ്രവർത്തനരീതിയാണ് WMCയുടെ ആഗോള സമ്മേളനത്തിനുള്ളത്. ആഘോഷങ്ങൾക്കായി മാത്രം ആളുകൾ ഒത്തുചേരുന്ന വേദിയല്ല ഇത്. വിവിധ രാജ്യങ്ങളിലെയും റീജിയനുകളിലെയും പ്രവിശ്യകളിലെയും നിയുക്ത പ്രതിനിധികൾ ഒരുമിച്ചിരുന്ന് സംഘടനയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, മലയാളി സമൂഹം നേരിടുന്ന പുതിയ വെല്ലുവിളികൾ ചർച്ച ചെയ്യുകയും, അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശയും കർമ്മപദ്ധതിയും രൂപപ്പെടുത്തുകയും ചെയ്യുന്ന ആഗോള ആശയവിനിമയ വേദിയാണ് WMC സമ്മേളനം.

“WMC എന്താണ് ചെയ്യുന്നത്?” എന്ന ചോദ്യം ചില കോണുകളിൽ നിന്ന് ഉയരാറുണ്ട്. അതിന് വലിയ അവകാശവാദങ്ങളിലൂടെയല്ല, പ്രവർത്തനങ്ങളിലൂടെയാണ് മറുപടി നൽകേണ്ടതെന്നതാണ് WMCയുടെ നിലപാട്.

കേരളത്തിലെ മാലിന്യസംസ്കരണം പോലുള്ള സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്നതു മുതൽ അമേരിക്കയിലെ മലയാളികളെ ബാധിക്കുന്ന H-1B വിസ ഉൾപ്പെടെയുള്ള കുടിയേറ്റ വിഷയങ്ങളിൽ അമേരിക്കൻ ഭരണകൂടത്തിന്റെയും നയരൂപീകരണ സംവിധാനങ്ങളുടെയും ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള ശ്രമങ്ങൾ വരെ WMCയുടെ ചർച്ചകളുടെയും ഭാവി പ്രവർത്തനങ്ങളുടെയും ഭാഗമാണ്.

ഇത്തരം ശ്രമങ്ങളുടെ ഫലം എല്ലായ്പ്പോഴും ഉടനടി ദൃശ്യമാകണമെന്നില്ല. ഇന്ന് ഉയർത്തുന്ന ഒരു ആശയമോ ആരംഭിക്കുന്ന ഒരു ചെറിയ ഇടപെടലോ വർഷങ്ങൾക്കുശേഷം വലിയൊരു മാറ്റത്തിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ കൂടുതൽ സംസാരിക്കുന്നതിനേക്കാൾ പ്രവർത്തിക്കുകയും അതിന്റെ ഫലം സമൂഹത്തിന് മുന്നിൽ കാണിക്കുകയും ചെയ്യുക എന്ന സമീപനമാണ് പുതിയ നേതൃത്വം സ്വീകരിക്കുന്നത്.

WMCയിൽ വിവിധ ഗ്രൂപ്പുകളും ഘടകങ്ങളും നിലവിലുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. അവയെ കൂടുതൽ ഏകോപിപ്പിച്ച് ശക്തവും ഒരുമയുള്ളതുമായ ഒരു ആഗോള മലയാളി വേദിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

എന്നാൽ സംഘടനയുടെ സമഗ്രമായ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കാതെ ഉയരുന്ന വിമർശനങ്ങളുമായി വ്യക്തിപരമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെടാൻ WMC നേതൃത്വം ആഗ്രഹിക്കുന്നില്ല. ആരോഗ്യകരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുമ്പോഴും സമൂഹമാധ്യമ വിവാദങ്ങൾക്കു പിന്നാലെ സമയം ചെലവഴിക്കുന്നതിനേക്കാൾ മലയാളി സമൂഹത്തിന് ഗുണകരമായ പദ്ധതികൾക്കായി ആ സമയം വിനിയോഗിക്കുകയാണ് കൂടുതൽ അർത്ഥവത്തായ സമീപനം എന്ന നിലപാടിലാണ് നേതൃത്വം.

ഒരു വീഡിയോയിലൂടെയോ സമൂഹമാധ്യമ പോസ്റ്റിലൂടെയോ ഒരു സംഘടനയെ വിമർശിക്കുന്നത് എളുപ്പമാണ്. എന്നാൽ വിവിധ രാജ്യങ്ങളിലുള്ള മലയാളികളെ ഒരുമിപ്പിച്ച് ആശയങ്ങൾ രൂപപ്പെടുത്തുകയും പദ്ധതികൾ നടപ്പാക്കുകയും സാമൂഹിക വിഷയങ്ങളിൽ ദീർഘകാല ഇടപെടലുകൾ നടത്തുകയും ചെയ്യുന്നത് നിരന്തരമായ കൂട്ടായ പരിശ്രമം ആവശ്യപ്പെടുന്ന കാര്യമാണ്.

വിമർശനങ്ങൾക്ക് ഏറ്റവും ശക്തമായ മറുപടി വാക്കുകളല്ല — പ്രവർത്തനവും അതിന്റെ ഫലവുമാണ്” എന്ന സന്ദേശമാണ് WMC മുന്നോട്ടുവയ്ക്കുന്നത്.

മലയാളി പ്രവാസി സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികൾ മുൻകാലത്തേതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. കുടിയേറ്റം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, യുവജനങ്ങളുടെ പങ്കാളിത്തം, സാങ്കേതികവിദ്യ, സാമൂഹിക ഉത്തരവാദിത്വം, സാംസ്കാരിക പൈതൃക സംരക്ഷണം തുടങ്ങി നിരവധി മേഖലകളിൽ പുതിയ സമീപനങ്ങൾ ആവശ്യമാണ്.

പുതിയ തലമുറയിലെ നേതാക്കളുടെ ആശയങ്ങളും സാങ്കേതികവിദ്യയും അനുഭവസമ്പത്തും സാമൂഹിക പ്രതിബദ്ധതയും ഒരുമിപ്പിച്ച് WMCയെ കൂടുതൽ പ്രവർത്തനക്ഷമവും പ്രസക്തവുമായ ആഗോള മലയാളി ശൃംഖലയാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.

“ഞങ്ങൾക്ക് പദ്ധതികളുണ്ട്; കാഴ്ചപ്പാടുണ്ട്; അത് നടപ്പാക്കാനുള്ള മനസ്സുമുണ്ട്. ഓരോ കാര്യവും മുൻകൂട്ടി പ്രഖ്യാപിക്കുന്നതിനേക്കാൾ പ്രവർത്തിച്ച് ഫലം കാണിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്” എന്ന സന്ദേശത്തോടെയാണ് പുതിയ നേതൃത്വം മുന്നോട്ടുപോകുന്നത്.

ഡാളസ് ആഗോള സമ്മേളനം വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളിൽ വിവിധ സ്ഥാപനങ്ങളും സംരംഭകരും നൽകിയ സ്പോൺസർഷിപ്പും അകമഴിഞ്ഞ പിന്തുണയും നിർണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രതിനിധികളെ സ്വീകരിച്ച് നാലുദിവസത്തെ ഈ ആഗോള സംഗമം മികച്ച രീതിയിൽ സംഘടിപ്പിക്കാൻ ഇവരുടെ സഹകരണം വലിയ കരുത്തായതായി സംഘാടകർ അറിയിച്ചു.

Title Sponsor ആയി Malabar Gold സമ്മേളനത്തിന് പിന്തുണ നൽകുന്നു.

Co-Sponsors ആയി Eco Z, SPJ Adjusting Services, Pace Group എന്നിവരും സമ്മേളനത്തോടൊപ്പം കൈകോർക്കുന്നു.

Support Sponsors ആയി Inter Optics Kottayam, American Builder എന്നിവരും പിന്തുണ നൽകുന്നു.

Diamond Sponsors ആയി Angel Travels and Realty, Agape Home Health എന്നിവരും സമ്മേളനത്തിന്റെ വിജയത്തിനായി സഹകരിക്കുന്നു.

WMCയുടെ പ്രവർത്തനങ്ങളോടും ആഗോള മലയാളി സമൂഹത്തെ ഒരുമിപ്പിക്കാനുള്ള ദൗത്യത്തോടും വിശ്വാസം പ്രകടിപ്പിച്ച് മുന്നോട്ടുവന്ന എല്ലാ സ്പോൺസർമാരുടെയും പിന്തുണ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വലിയ സഹായമായതായി സംഘാടകർ വ്യക്തമാക്കി. അവരുടെ സഹകരണത്തിനും വിശ്വാസത്തിനും വേൾഡ് മലയാളി കൗൺസിൽ പ്രത്യേകം നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

ആഗോള സമ്മേളനത്തിന്റെ വിജയത്തിനായി WMC അമേരിക്ക റീജിയൻ നേതൃത്വവും വിവിധ പ്രവിശ്യകളിലെ പ്രവർത്തകരും സജീവമായ ഒരുക്കങ്ങളിലാണ്. അമേരിക്കയിലും കാനഡയിലുമായി വ്യാപിച്ചുകിടക്കുന്ന വിവിധ പ്രവിശ്യകളെ പ്രതിനിധീകരിക്കുന്ന നേതൃത്വനിരയാണ് അമേരിക്ക റീജിയന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

അമേരിക്ക റീജിയന്റെ ഭാരവാഹികൾ: ചെയർമാൻ: ജോണി കുന്നംപുറം (ഡാളസ്), പ്രസിഡന്റ്: പിന്റോ കണ്ണമ്പള്ളി (സൗത്ത് ജേഴ്‌സി), ജനറൽ സെക്രട്ടറി: അനീഷ് ജെയിംസ് (സൗത്ത് ജേഴ്‌സി), ട്രഷറർ: നിവിൻ വിൽഫ്രഡ് (ഒന്റാറിയോ, കാനഡ), വൈസ് പ്രസിഡന്റ് (അഡ്മിൻ): ജേക്കബ് എഫ്രേം (കാലിഫോർണിയ), വൈസ് പ്രസിഡന്റ്: ജോസ് ആറ്റുപുറം (ഫിലാഡൽഫിയ), വൈസ് ചെയർപേഴ്സൺ: മിനി നായർ (സതേൺ ആൽബർട്ട), വൈസ് ചെയർമാൻ: ജെയിംസ് പീറ്റർ (ഫിലാഡൽഫിയ), ജോയിന്റ് സെക്രട്ടറി: സ്മിതാമോൾ ജി. തോമസ് (ഫ്ലോറിഡ), വുമൺസ് ഫോറം പ്രസിഡന്റ്: ഡോ. സൂസൻ ചാണ്ടി (സതേൺ ആൽബർട്ട), വുമൺസ് ഫോറം സെക്രട്ടറി: ആലീസ് മാഞ്ചേരി (ഫ്ലോറിഡ), യൂത്ത് ഫോറം പ്രസിഡന്റ്: ബിബി മോഹൻ (സതേൺ ആൽബർട്ട).

ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മലയാളികൾ ഒരേ വേദിയിൽ കൂടിച്ചേരുന്ന ഡാളസ് സമ്മേളനം പുതിയ ബന്ധങ്ങൾക്കും ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

WMCയുടെ മഹത്തായ പാരമ്പര്യത്തിലേക്ക് നോക്കിയാൽ, 1995 ജൂലൈ 3-ന് അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ നടന്ന ആദ്യ ലോക മലയാളി സമ്മേളനത്തിന്റെ സമാപനദിനത്തിലാണ് വേൾഡ് മലയാളി കൗൺസിൽ രൂപംകൊണ്ടത്. അതിനുശേഷം ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കൂട്ടായ്മയ്ക്കും മാനവിക സേവന പ്രവർത്തനങ്ങൾക്കും സാംസ്കാരിക സംരക്ഷണത്തിനും നേതൃത്വ വികസനത്തിനും വേദിയൊരുക്കിയ സംഘടനയായി WMC വളർന്നു.

കൊച്ചി (1998), ഡാലസ് (2000, 2012), ഡിംഗ്ഡൻ–ജർമ്മനി (2002), ബഹ്റൈൻ (2004, 2022), കൊച്ചി (2006), സിംഗപ്പൂർ (2008), ദോഹ (2010), കുമരകം (2014), കൊളംബോ (2016), ബോൺ–ജർമ്മനി (2018), തിരുവനന്തപുരം (2024) എന്നിവിടങ്ങളിലെ വിജയകരമായ സമ്മേളനങ്ങളുടെ തുടർച്ചയായാണ് ഡാലസ് ഗ്ലോബൽ കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

ഗ്ലോബൽ നേതൃത്വം: ഗോപാല പിള്ള (ചെയർമാൻ), ജോൺ മാതായി (പ്രസിഡന്റ്), ക്രിസ്റ്റഫർ വർഗീസ് (സെക്രട്ടറി), ശശികുമാർ നായർ(ട്രഷറർ), കോൺഫറൻസ് കൺവീനർ, ജോൺസൻ തലച്ചെല്ലൂർ. കോൺഫറൻസ് കോ-കൺവീനർമാർ: നൈനാൻ മാതായി (ഫിലാഡൽഫിയ), സാം ലൂക്ക് മണ്ണിക്കരോട്ടു (ന്യൂയോർക്ക്), അനീഷ് ജെയിംസ് (ന്യൂജേഴ്‌സി), ജോളി പടയാട്ടിൽ (ജർമ്മനി), ശ്രീജിത്ത് (ഇന്ത്യ), ബാബു തങ്കലത്തിൽ (മിഡിൽ ഈസ്റ്റ്).

ഡാലസ് ഗ്ലോബൽ കോൺഫറൻസ് ഒരു സാധാരണ സമ്മേളനമല്ല, മൂന്ന് ദശാബ്ദങ്ങളിലേറെയായി ലോക മലയാളികളുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന മഹത്തായ ആഗോള കുടുംബസംഗമമാണ്. പഴയ സൗഹൃദങ്ങൾ പുതുക്കാനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും, പുതുതലമുറയ്ക്ക് നമ്മുടെ ഭാഷയും സംസ്കാരവും കൈമാറാനും ഈ വേദി അവസരമൊരുക്കും.

അമേരിക്ക റീജിയൻ മുൻ ചെയർമാൻ ചാക്കോ കോയിക്ക്ലത്ത്, വിവിധ പ്രൊവിൻസുകളുടെ പ്രസിഡന്റുമാരായ ജോൺ സാംസൺ(സൗത്ത് ജേർസി), ജിനു തരിയൻ(ന്യൂ ജേഴ്‌സി), ജേക്കബ് എഫ്രേം(കാലിഫോർണിയ) ഡോളമ്മ പണിക്കർ(ന്യൂ യോർക്ക്), രേഷ്മ പുത്തൻ(ഫ്ലോറിഡ), പ്രിൻസ് സാമുവേൽ(ഡാളസ് ), സജി പുളിമൂട്ടിൽ(ഹ്യൂസ്റ്റൺ), തോമസ് മാത്യു(നോർത്ത് ജേഴ്‌സി), ആൻസി തലച്ചെല്ലൂർ(നോർത്ത് ടെക്സാസ്), മനു ഡാനി(സണ്ണിവെയ്ൽ), നൈനാന മത്തായി (ഫിലാഡൽഫിയ), ബിനോയ് ജോസഫ് (Canada), ഡേവിസ് ഫെർണാണ്ടസ് (Toronto). ലിബിൻ ബെന്നി, ബോബി തോമസ്, ആലിസ് സ്റ്റീഫൻ തുടങ്ങിയവരും സമ്മേളനത്തിന്റെ വിജയത്തിനായി അശ്രാന്ത പരിശ്രമങ്ങളുമായി രംഗത്തുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു. ‌ ‌

ഒരുമിച്ച് ചിന്തിക്കാം. ഒരുമിച്ച് പ്രവർത്തിക്കാം. ലോകമെമ്പാടുമുള്ള മലയാളികളുടെ കഴിവുകളും അനുഭവങ്ങളും ഒരുമിപ്പിച്ച് നമ്മുടെ സമൂഹത്തിനായി കൂടുതൽ ശക്തമായൊരു ഭാവി സൃഷ്ടിക്കാം.

Leave a Comment

More News