ബ്രാംപ്ടൺ (കാനഡ): ആഗോള മലയാളി സമൂഹത്തെ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി) അമേരിക്ക റീജിയന് കീഴിൽ പുതുതായി രൂപീകരിച്ച ബ്രാംപ്ടൺ പ്രൊവിൻസിന്റെ ഔദ്യോഗിക ഉദ്ഘാടനവും പ്രഥമ ഭരണസമിതിയുടെ സ്ഥാനാരോഹണവും പ്രൗഢഗംഭീരമായി നടന്നു. ഒക്ടോബർ 31 ശനിയാഴ്ച നടന്ന ചടങ്ങിൽ കാനഡ പാർലമെന്റ് അംഗവും ഫെഡറൽ സ്റ്റേറ്റ് സെക്രട്ടറിയുമായ (കുറ്റകൃത്യ പ്രതിരോധ വിഭാഗം) റൂബി സഹോട്ട മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിച്ചു. കാനഡയുടെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ മലയാളി സമൂഹം നൽകുന്ന സജീവ സംഭാവനകളെ മന്ത്രി പ്രശംസിച്ചു.
“കേരളത്തിന്റെ വേരുകളിൽ നിന്ന് കാനഡയുടെ അവസരങ്ങളിലേക്ക് — ഐക്യത്തിലൂടെ കരുത്തുറ്റ മലയാളി സമൂഹം” എന്ന ആപ്തവാക്യമുയർത്തിയാണ് പുതിയ പ്രൊവിൻസ് പ്രവർത്തനം ആരംഭിച്ചത്. മലയാളികളുടെ തനത് സാംസ്കാരിക പൈതൃകം പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിനൊപ്പം പ്രവാസി സമൂഹത്തിൽ സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ഡബ്ല്യു.എം.സി അമേരിക്ക റീജിയൻ പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അമേരിക്ക റീജിയൻ അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോ കോയിക്കലത്ത് 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മെർലിൻ സൂസൻ ഫിലിപ്പിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ബ്രാംപ്ടൺ പ്രൊവിൻസ് പ്രസിഡന്റ് ബിന്ദു സുനിൽ സ്വാഗതം ആശംസിച്ചു. അമേരിക്ക റീജിയൻ വനിതാ ഫോറം പ്രസിഡന്റ് ഡോ. സൂസൻ ചാണ്ടി ചടങ്ങുകൾ ഏകോപിപ്പിച്ചു. ഒന്റാറിയോ പ്രൊവിൻസ് പ്രതിനിധി മുരളി പണിക്കർ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. വൈസ് ചെയർമാൻ സംഗീത് മാലിയ്ക്കൽ മുഖ്യാതിഥിക്ക് നന്ദിയും ബ്രാംപ്ടൺ പ്രൊവിൻസ് ചെയർമാൻ സുനിൽകുമാർ ശങ്കുണ്ണി സമാപന കൃതജ്ഞതയും രേഖപ്പെടുത്തി.
ഡബ്ല്യു.എം.സി ഗ്ലോബൽ ചെയർമാൻ ജോൺ മത്തായി, ഗ്ലോബൽ പ്രസിഡന്റ് ജോളി തടത്തിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്, ഗ്ലോബൽ ട്രഷറർ ജോൺസൺ തലച്ചെല്ലൂർ, അമേരിക്ക റീജിയൻ ചെയർമാൻ ജോണി കുന്നംപുറം, ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറർ നിവിൻ വിൽഫ്രഡ്, ആൽബർട്ട പ്രൊവിൻസ് പ്രസിഡന്റ് ബെനോയ് ജോസഫ്, ഒന്റാറിയോ പ്രൊവിൻസ് പ്രസിഡന്റ് ഡേവിസ് ഫെർണാണ്ടസ് എന്നിവർ പുതിയ നേതൃത്വത്തിന് ആശംസകൾ നേർന്നു.
ബ്രാംപ്ടൺ പ്രൊവിൻസിന്റെ കർമ്മപദ്ധതികൾ പരിചയപ്പെടുത്തുന്ന ദൃശ്യാവിഷ്കാരവും ചടങ്ങിൽ പ്രദർശിപ്പിച്ചു. തുടർന്ന് അഞ്ജന ശ്രീകുമാറിന്റെ സംഗീതവിരുന്നും കാൽഗറി ‘നോർത്തേൺ ഗ്രൂവേഴ്സ്’ അവതരിപ്പിച്ച നൃത്തശില്പവും അരങ്ങേറി.
പ്രഥമ ഭരണസമിതി ഭാരവാഹികൾ (2026–2028):
സുനിൽകുമാർ ശങ്കുണ്ണി (ചെയർമാൻ), ബിന്ദു സുനിൽ (പ്രസിഡന്റ്), സംഗീത് മാലിയ്ക്കൽ (വൈസ് ചെയർമാൻ), അവന്തിക തരകൻ (വൈസ് ചെയർപേഴ്സൺ), സുമി രാജ് (സെക്രട്ടറി), തുഷാർ സുദർശനൻ (അസോസിയേറ്റ് സെക്രട്ടറി), ജോയ്സ് അഗസ്റ്റിൻ (ട്രഷറർ).

