പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മോര്‍ഫിംഗ് ചെയ്ത് വില്പന നടത്തിയതിന് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ട 26-കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മോര്‍ഫിംഗ് ചെയ്ത് വില്പന നടത്തിയതിന് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ട 26-കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമലയിലെ ഓടങ്കുഴിയിലെ 26 കാരനായ സുബിൻ ബാബുവാണ് മലപ്പുറത്തെ ഒരു ലോഡ്ജിൽ കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവം കണ്ട ലോഡ്ജിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വിവരമറിഞ്ഞ് ബന്ധുക്കൾ മലപ്പുറത്തെത്തിയിട്ടുണ്ട്.

കേസിൽ അറസ്റ്റിലായ സുബിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. മലപ്പുറം വിട്ടുപോകുന്നത് വിലക്കുന്ന ജാമ്യ വ്യവസ്ഥകളിലൊന്നായതിനാൽ, ജില്ലയിലെ ഒരു സ്വകാര്യ ലോഡ്ജിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ആവശ്യമുള്ളപ്പോഴെല്ലാം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണെമെന്നും നിർദ്ദേശിച്ചിരുന്നു.

തിരുവനന്തപുരത്ത് മൊബൈൽ ഫോൺ ടെക്നീഷ്യനാണ് 26 കാരനായ സുബിൻ ബാബു. മലബാർ മേഖലയിലെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച്, അവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ നിന്ന് ഫോട്ടോകൾ ശേഖരിച്ച്, ആ ചിത്രങ്ങളുടെ മോർഫ് ചെയ്ത പതിപ്പുകൾ പ്രചരിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരായ കേസ്. സാമ്പത്തിക നേട്ടങ്ങൾക്കുവേണ്ടിയാണ് ഈ പ്രവൃത്തികൾ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

പ്രാഥമിക ചോദ്യം ചെയ്യലിൽ, താൻ ഫോട്ടോകൾ മോർഫ് ചെയ്തിട്ടില്ലെന്നും പണം സമ്പാദിക്കാൻ മറ്റൊരാൾ തനിക്ക് ചിത്രങ്ങൾ നൽകിയതാണെന്നും സുബിൻ പോലീസിനോട് പറഞ്ഞു. പിന്നീട് കുറ്റം സമ്മതിച്ചു. മലപ്പുറത്തെ പത്തിലധികം കോളേജുകളിൽ നിന്ന് പരാതികൾ ലഭിച്ചിരുന്നു. പോലീസ് മെറ്റയുമായി ബന്ധപ്പെടുകയും അക്കൗണ്ടുകളും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുബിൻ ബാബുവിനെ അറസ്റ്റ് ചെയ്തത്.

 

Leave a Comment

More News