അദ്ധ്യാപക നിയമന അംഗീകാരം: സംസ്ഥാനതല ‘അദാലത്ത്-റിസോൾവ്’ പ്രോഗ്രാമിന് തുടക്കം

കോട്ടയം: അദ്ധ്യാപക നിയമന അംഗീകാരവുമായി ബന്ധപ്പെട്ട പരാതികൾ സർക്കാർ സമയബന്ധിതമായി പരിഹരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമന അംഗീകാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘അദാലത്ത്-റിസോൾവ്’ (Adalat-Resolve) പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ എയ്ഡഡ് മേഖല നിർണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. എയ്ഡഡ് സ്‌കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. കെ-ടെറ്റ് വിഷയത്തിൽ കൂടുതൽ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് നിയമന അംഗീകാരം ലഭിക്കാതെ കാത്തിരിക്കുന്ന ഏകദേശം 1,600 അധ്യാപകരുടെ വിഷയത്തിൽ പരിഹാരം കണ്ടെത്തി ഉത്തരവ് പുറപ്പെടുവിക്കും. ജില്ലാതല ഓഫീസുകളിൽ തന്നെ തീർപ്പാക്കാവുന്ന കാര്യങ്ങൾ തീരുമാനത്തിനായി വകുപ്പ് ആസ്ഥാനത്തേക്ക് അയയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന അനാവശ്യ കാലതാമസം ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും.

ഓരോ ഓഫീസിനും സ്വതന്ത്രമായി തീരുമാനമെടുക്കാവുന്ന വിഷയങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമായി നിർവചിക്കുന്ന പ്രത്യേക മാനുവൽ പ്രസിദ്ധീകരിക്കും. ഇതിലൂടെ ഭരണനടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയും തീരുമാനങ്ങളിലെ കാലതാമസം കുറയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി കൂടെ എന്ന പദ്ധതിക്കു വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞശേഷവും ചില കുട്ടികൾക്ക് യോഗ്യതയ്ക്കൊത്ത മികവില്ലാതെ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി നാല്, ഏഴ് ക്ലാസുകളിൽ ഇത്തരം കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകും. ഇതിനായി താരാപഥം എന്ന പേരിൽ ഒരു പരിപാടി നടപ്പാക്കും.

സ്‌കൂളുകളിലെ കായിക പ്രവർത്തനങ്ങൾ സജീവമാക്കും. കൂടുതൽ വിദ്യാലയങ്ങളിൽ കായികാധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ പഠിച്ചിറങ്ങുന്ന കുട്ടികളിൽ തൊഴിൽ പ്രാവീണ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോഴ്സുകൾ പുനഃക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ചാണ്ടി ഉമ്മൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിനു ജോബ് കുഴിമണ്ണിൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത്ത് ബാബു, അഡീഷണൽ ഡയറക്ടർ ആർ.എസ്. ഷിബു എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന ദക്ഷിണ മേഖലാ അദാലത്താണ് കോട്ടയത്തു നടന്നത്.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News