‘ഇനി കുറച്ച് സമാധാനം വേണം’; 2027 സമാധാനത്തിന്റെയും സ്ഥിരതയുടെയും വർഷമാകട്ടെയെന്ന് ഖത്തർ പ്രധാനമന്ത്രി

ദോഹ (ഖത്തര്‍): വർഷങ്ങളായി തുടരുന്ന സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം മിഡിൽ ഈസ്റ്റ് മേഖലയ്ക്ക് സമാധാനവും സ്ഥിരതയും അനിവാര്യമാണെന്നും 2027 അതിനുള്ള വർഷമായി മാറണമെന്നാണ് ആഗ്രഹമെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി. തുടർച്ചയായ മേഖലാ പ്രതിസന്ധികൾക്കിടയിൽ ഖത്തറിനും മേഖലയിലെ മറ്റു രാജ്യങ്ങൾക്കും ആശ്വാസം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച നടന്ന ഖത്തർ സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെയാണ് മേഖലയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി ആശങ്ക പങ്കുവച്ചത്. 2022-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് പിന്നാലെ ഖത്തറിനും മേഖലയ്ക്കും ഒന്നിനു പിന്നാലെ മറ്റൊന്നായി പ്രതിസന്ധികളെ നേരിടേണ്ടിവന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വർഷങ്ങളായി കാര്യമായ ഇടവേളയില്ലാതെ സംഘർഷങ്ങളും രാഷ്ട്രീയ അനിശ്ചിതത്വവും തുടരുകയാണെന്നും ഇനി മേഖലയ്ക്ക് സമാധാനത്തിലേക്കും സ്ഥിരതയിലേക്കും മടങ്ങേണ്ട സമയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2023 ഒക്ടോബറിൽ ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ആരംഭിച്ച യുദ്ധവും തുടർന്നുണ്ടായ സംഭവവികാസങ്ങളും മിഡിൽ ഈസ്റ്റിനെ വ്യാപകമായി ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ യുദ്ധം നടക്കുന്ന പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിയില്ലെന്നും ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ, സമ്പദ്‌വ്യവസ്ഥ, സമുദ്രഗതാഗതം, ഊർജവിതരണം തുടങ്ങിയ മേഖലകളിലേക്കും വ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് 2027 മേഖലയ്ക്ക് ആശ്വാസവും സമാധാനവും നൽകുന്ന വർഷമാകണമെന്ന ആഗ്രഹം ഖത്തർ പ്രധാനമന്ത്രി പ്രകടിപ്പിച്ചത്.

2022-ലെ ഫിഫ ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പിനെക്കുറിച്ചും ഷെയ്ഖ് മുഹമ്മദ് സംസാരിച്ചു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തറിന് ലഭിച്ചപ്പോൾ രാജ്യത്തിന്റെ ശേഷിയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇത്രയും വലിയൊരു അന്താരാഷ്ട്ര കായികമേള വിജയകരമായി സംഘടിപ്പിക്കാൻ ഖത്തറിന് കഴിയുമോയെന്ന സംശയവും പലരും പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതിലൂടെ രാജ്യത്തിന്റെ സംഘടനാശേഷിയും അടിസ്ഥാനസൗകര്യങ്ങളും ലോകത്തിന് മുന്നിൽ തെളിയിക്കാൻ കഴിഞ്ഞുവെന്നാണ് പ്രധാനമന്ത്രിയുടെ വിലയിരുത്തൽ. വിവിധ ഘട്ടങ്ങളിൽ നേരിട്ട വെല്ലുവിളികളിൽനിന്ന് കൂടുതൽ കരുത്തോടെയാണ് ഖത്തർ മുന്നോട്ടുവന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മേഖലയിലെ ഇറാന്റെ പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിനും ഖത്തർ പ്രധാനമന്ത്രി പ്രതികരിച്ചു. ഖത്തറിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ടെഹ്‌റാനെ ‘സമാധാന നിർമ്മാതാവ്’ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. യുഎസ്–ഇറാൻ സംഘർഷവും മേഖലയിലെ തുടർ സംഭവവികാസങ്ങളും ഗൾഫ് രാജ്യങ്ങൾക്ക് സൃഷ്ടിച്ച പ്രത്യാഘാതങ്ങളും അദ്ദേഹം പരാമർശിച്ചു.

മേഖലയിലെ സംഘർഷങ്ങൾ സമുദ്രഗതാഗതത്തെയും ഊർജവിതരണ ശൃംഖലയെയും ബാധിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് സ്ഥിരത അതീവപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള നിർണായക സമുദ്രപാതകളിൽ ഉണ്ടാകുന്ന തടസ്സങ്ങൾ ആഗോള ഊർജവിപണിയെയും നേരിട്ട് ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

ലോകത്തിലെ പ്രധാന ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കയറ്റുമതി രാജ്യങ്ങളിലൊന്നായ ഖത്തറിന്റെ ഊർജവ്യാപാരത്തെയും മേഖലാ സംഘർഷം കാര്യമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. റോയിട്ടേഴ്‌സ് കണക്കുകൾ പ്രകാരം, യുദ്ധത്തിന്റെ ആറുമാസത്തിനിടെ ഖത്തറിന്റെ എൽഎൻജി കയറ്റുമതിയിൽ 96 ശതമാനം വരെ ഇടിവുണ്ടായി. ഇതിലൂടെ ഏകദേശം 24 ബില്യൺ ഡോളറിന്റെ വാതകവിൽപ്പനയെ ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഹോർമുസ് കടലിടുക്കിന് ചുറ്റുമുണ്ടായ തടസ്സങ്ങളും ഖത്തറി എൽഎൻജി ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും വിതരണശൃംഖലയെ ബാധിച്ച ഘടകങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഘർഷം രൂക്ഷമാകുന്നതിന് മുമ്പ് ആഗോള എൽഎൻജി ആവശ്യത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഖത്തർ നിറവേറ്റിയിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

തുടർച്ചയായ രാഷ്ട്രീയ-സൈനിക സംഘർഷങ്ങൾ സുരക്ഷയെ മാത്രമല്ല, രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും ആഗോള ഊർജവിപണിയെയും ബാധിക്കുന്ന സാഹചര്യത്തിൽ, മേഖലയിൽ സംഘർഷങ്ങൾക്ക് പകരം ചർച്ചകളും നയതന്ത്രപരമായ പരിഹാരങ്ങളും മുൻതൂക്കം നേടണമെന്നാണ് ഖത്തറിന്റെ നിലപാട്. അതുകൊണ്ടുതന്നെ, ‘2027 സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും സ്ഥിരതയുടെയും വർഷമാകട്ടെ’ എന്ന സന്ദേശമാണ് ഖത്തർ പ്രധാനമന്ത്രി മുന്നോട്ടു വെക്കുന്നത്.

Leave a Comment

More News