തൃശൂർ: കൂർക്കഞ്ചേരിയിലെ വീട്ടിൽ വൻ കവർച്ച. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് 55 പവൻ സ്വർണാഭരണങ്ങളും 3.5 ലക്ഷം രൂപയും കവർന്നു. കൂർക്കഞ്ചേരി സ്വദേശിയും വ്യവസായിയുമായ ഹസൻ അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഹസൻ അലിയും കുടുംബവും ഒരാഴ്ചയായി വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷ്ടാവ് വീട് ലക്ഷ്യമിട്ടതെന്നാണ് വിവരം.
മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്തായിരുന്നു. ഞായറാഴ്ച വൈകിട്ടോടെ കുടുംബം കൂർക്കഞ്ചേരിയിൽ തിരിച്ചെത്തി. എന്നാൽ വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനാൽ ഹസൻ അലി അന്ന് രാത്രി സഹോദരന്റെ വീട്ടിലാണ് താമസിച്ചത്.
തിങ്കളാഴ്ച രാവിലെ പള്ളിയിൽ പ്രാർഥനയ്ക്കായി പോയ ഹസൻ അലി പിന്നീട് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുൻവാതിൽ തകർത്ത നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 55 പവൻ സ്വർണാഭരണങ്ങളും 3.5 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുലർച്ചെ ഏകദേശം 1.30ഓടെ ഒരാൾ വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇയാൾ ഏകദേശം ഒരു മണിക്കൂറോളം വീടിനുള്ളിൽ ചെലവഴിച്ചതായാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. മോഷണം നടത്തിയ ശേഷം ഇയാൾ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക സംഘവും നെടുപുഴ പൊലീസും അന്വേഷണം ഊർജിതമാക്കി. മോഷ്ടാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം വീട്ടിലെത്തി വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിക്കും.
ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായയായ ‘ജിപ്സി’ വീടിന്റെ വലതുവശത്തുള്ള വഴിയിലൂടെ കുറച്ചുദൂരം ഓടിയശേഷം വീണ്ടും വീട്ടുപരിസരത്തേക്ക് മടങ്ങിയെത്തി. മോഷ്ടാവ് രക്ഷപ്പെട്ട വഴി കണ്ടെത്തുന്നതിനും ഇയാളെക്കുറിച്ച് കൂടുതൽ സൂചനകൾ ലഭിക്കുന്നതിനുമാണ് ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തിയത്.
മോഷണം നടന്ന സമയവും മോഷ്ടാവ് വീട്ടിലെത്തിയതും തിരികെ പോയതുമായ വഴികളും ഉൾപ്പെടെ വിശദമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞ് എത്രയും വേഗം പിടികൂടാനുള്ള നടപടികൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
