₹3,600ൽ നിന്ന് ₹24,000ലേക്ക് ഹോസ്റ്റൽ ഫീസ്; 175 വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചെന്ന് പരാതി, ഒക്ടോബർ മൂന്നിനകം രണ്ടാം വർഷ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതിനാൽ ആശങ്ക
തൃശ്ശൂർ: ഹോസ്റ്റൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിക്കെതിരെയും കുത്തനെ വർധിപ്പിച്ച ഹോസ്റ്റൽ ഫീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. സർവകലാശാലാ അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ കാമ്പസ് കവാടത്തിനു മുന്നിൽ കുടിൽ കെട്ടി സമരം ആരംഭിച്ചു.
ശനിയാഴ്ച മുതൽ വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നടന്നുവന്ന പ്രതിഷേധം തിങ്കളാഴ്ച കോളേജ് യൂണിയൻ ഏറ്റെടുത്തതോടെയാണ് സമരം കൂടുതൽ ശക്തമായത്. കാമ്പസിന്റെ പ്രധാന കവാടത്തിനു മുന്നിൽ താൽക്കാലിക കുടിൽ നിർമിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. ആവശ്യങ്ങളിൽ തീരുമാനമാകുന്നതുവരെ സമരം തുടരാനാണ് അവരുടെ നിലപാട്.
വിഷയത്തിൽ വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവകലാശാലാ അധികൃതരുമായി നേരിട്ട് ചർച്ച നടത്താൻ പലതവണ ശ്രമിച്ചെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്നാണ് സമരക്കാരുടെ ആരോപണം. വിദ്യാർഥികളുടെ പഠനത്തെയും തുടർ രജിസ്ട്രേഷനെയും നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും അധികൃതർ ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു.
പൂക്കോട്, മണ്ണുത്തി കാമ്പസുകളിലായി ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി (BVSc & AH) കോഴ്സിൽ ഒന്നാംവർഷം പഠിക്കുന്ന 175 വിദ്യാർഥികളുടെ പരീക്ഷാഫലമാണ് ഹോസ്റ്റൽ ഫീസ് കുടിശ്ശികയുണ്ടെന്ന കാരണത്താൽ തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് വിദ്യാർഥികൾ പറയുന്നത്.
ഒക്ടോബർ മൂന്നിനകം പിഴ കൂടാതെ രണ്ടാംവർഷ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ സമയപരിധിക്കു മുമ്പ് ഒന്നാംവർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ തുടർപഠനത്തെയും രജിസ്ട്രേഷൻ നടപടികളെയും ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. ഫീസ് സംബന്ധിച്ച തർക്കത്തിന്റെ പേരിൽ അക്കാദമിക് ഫലം തടഞ്ഞുവെക്കുന്നത് നീതീകരിക്കാനാകില്ലെന്നാണ് കോളേജ് യൂണിയന്റെ നിലപാട്.
വർഷത്തിൽ 3,600 രൂപയായിരുന്ന ഹോസ്റ്റൽ ഫീസ് ഒറ്റയടിക്ക് 24,000 രൂപയായി ഉയർത്തിയതാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം. മെസ് ഫീസിന് പുറമേയാണ് ഈ തുക നൽകേണ്ടതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
ഹോസ്റ്റലുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഇത്രയും വലിയ ഫീസ് വർധന നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിദ്യാർഥികളുടെ വാദം. സാധാരണ കുടുംബങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് പുതിയ ഫീസ് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായും അവർ പറയുന്നു.
അതേസമയം, ഹോസ്റ്റൽ ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം ഇപ്പോഴെടുത്തതല്ലെന്നും 2024-ൽ തന്നെ ഇതുസംബന്ധിച്ച തീരുമാനമുണ്ടായിരുന്നുവെന്നുമാണ് സർവകലാശാലാ അധികൃതരുടെ വിശദീകരണം. വിദ്യാർഥികൾക്ക് സാധ്യമായ ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്നും പ്രവേശന സമയത്തുതന്നെ ഹോസ്റ്റൽ വാടക വർധിപ്പിച്ച കാര്യം അറിയിച്ചിരുന്നുവെന്നും അധികൃതർ പറയുന്നു.
എന്നാൽ ഫീസ് വർധനയെച്ചൊല്ലിയുള്ള തർക്കം വേറിട്ട വിഷയമാണെന്നും അതിന്റെ പേരിൽ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോളേജ് യൂണിയൻ വ്യക്തമാക്കി. പരീക്ഷാഫലം വൈകുന്നത് വിദ്യാർഥികളുടെ തുടർപഠനത്തെയും രജിസ്ട്രേഷനെയും ബാധിക്കുമെന്നതിനാൽ സർവകലാശാലാ അധികൃതർ അടിയന്തരമായി വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
ഹോസ്റ്റൽ ഫീസ് വർധന പുനഃപരിശോധിക്കുക, തടഞ്ഞുവെച്ച പരീക്ഷാഫലങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുക, വിദ്യാർഥികളുമായി ഔദ്യോഗിക ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.
