യാത്രക്കാരുടെ സംഘർഷത്തിനിടെ ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ട്; കാണാതായവർക്കായി കടലിൽ വ്യാപക തിരച്ചിൽ

സാൻ ഹുവാൻ: പ്യൂർട്ടോ റിക്കോയുടെ പടിഞ്ഞാറൻ തീരത്തിന് സമീപം കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. യുഎസ് കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനത്തിൽ കുറഞ്ഞത് 40 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ബോട്ടിൽ ഏകദേശം 60 പേർ ഉണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ നൽകിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ആശങ്ക.
ഞായറാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. യാത്രയ്ക്കിടെ ബോട്ടിലുണ്ടായിരുന്ന ചിലർ തമ്മിൽ സംഘർഷമുണ്ടായതായും ഇത് പിന്നീട് അക്രമത്തിലേക്ക് നീങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ചിലർക്ക് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരിക്കേറ്റതായും പറയുന്നു.
സംഘർഷം രൂക്ഷമായതോടെ പരിഭ്രാന്തരായ ചില യാത്രക്കാർ ലൈഫ് ജാക്കറ്റുകൾ പോലും ധരിക്കാതെ കടലിലേക്ക് ചാടിയെന്നാണ് രക്ഷപ്പെട്ടവർ നൽകിയ മൊഴി. ഇതിനിടെ ബോട്ടിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തിന് പിന്നാലെ ചിലർ 12 മണിക്കൂറിലധികം കടലിൽ സഹായത്തിനായി കാത്തിരിക്കേണ്ടിവന്നതായും രക്ഷപ്പെട്ടവർ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ മോണ ദ്വീപിന് സമീപം കടന്നുപോയ മറ്റൊരു ബോട്ടിലുണ്ടായിരുന്നവർ കടലിൽ ആളുകളെ കണ്ടെത്തിയതോടെയാണ് വിവരം അധികൃതരെ അറിയിച്ചത്. ഇവർ നാലുപേരെ വെള്ളത്തിൽനിന്ന് രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
തുടർന്ന് യുഎസ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാണാതായ മറ്റുള്ളവർക്കായി കടലിലും സമീപപ്രദേശങ്ങളിലും തിരച്ചിൽ തുടരുകയാണ്. യാത്രക്കാരുടെ കൃത്യമായ എണ്ണവും ഇവർ ഏത് രാജ്യക്കാരാണെന്നതും സ്ഥിരീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഡൊമിനിക്കൻ റിപ്പബ്ലിക്കും പ്യൂർട്ടോ റിക്കോയ്ക്കുമിടയിലെ മോണ പാസേജ് കുടിയേറ്റത്തിനായി ഉപയോഗിക്കപ്പെടുന്ന അപകടകരമായ കടൽപാതകളിലൊന്നാണ്. ഹെയ്തി ഉൾപ്പെടെയുള്ള കരീബിയൻ മേഖലകളിൽ നിന്ന് ദാരിദ്ര്യം, രാഷ്ട്രീയ അസ്ഥിരത, സംഘർഷം തുടങ്ങിയ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവർ പലപ്പോഴും ചെറിയതും അമിതമായി ആളുകളെ കയറ്റിയതുമായ ബോട്ടുകളിലാണ് ഈ കടൽപാതയിലൂടെ യാത്ര ചെയ്യുന്നത്.
മോശം കാലാവസ്ഥയും ശക്തമായ കടൽപ്രവാഹവും സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും ഇത്തരം യാത്രകളെ അതീവ അപകടകരമാക്കുന്നു. മുൻകാലങ്ങളിലും മോണ പാസേജിൽ കുടിയേറ്റ ബോട്ടുകൾ അപകടത്തിൽപ്പെട്ട് നിരവധി പേർ മരിക്കുകയും കാണാതാവുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഹെയ്തിയിലെ രൂക്ഷമായ സംഘർഷവും സുരക്ഷാ പ്രതിസന്ധിയും കുടിയേറ്റം വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി തുടരുകയാണ്. സായുധ സംഘങ്ങളുടെ അക്രമവും രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയും മൂലം വലിയൊരു വിഭാഗം ജനങ്ങൾ സ്വന്തം വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്.
