പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റാനാണ് തീരുമാനം; യാത്രാസൗകര്യം മെച്ചപ്പെടുമെന്ന് പഞ്ചായത്ത്, നിലവിലെ ആശുപത്രി മാറ്റുന്നതിൽ നാട്ടുകാർക്ക് ആശങ്ക
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പൂമംഗലത്ത് സ്ഥിതി ചെയ്യുന്ന ഗവ. ആയുർവ്വേദ ആശുപത്രി നിലവിലെ സ്ഥലത്തുനിന്ന് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. തോപ്പിൽ പ്രവർത്തിക്കുന്ന ആശുപത്രി ചേലൂർ–അരിപ്പാലം റോഡിൽ പണിക്കാട്ടിൽ ഭുവനേശ്വരി ക്ഷേത്രത്തിന് സമീപമുള്ള പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റാനാണ് ഗ്രാമ പഞ്ചായത്തിന്റെ തീരുമാനം. ഇതിനാവശ്യമായ ഔദ്യോഗിക അനുമതി തേടി ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ.) അപേക്ഷ നൽകിയിട്ടുണ്ട്.
ഡി.എം.ഒ.യുടെ അനുമതി ലഭിച്ചാൽ ഈ മാസം തന്നെ ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് പഞ്ചായത്ത് അധികൃതരുടെ നീക്കം. ഇതിന്റെ മുന്നോടിയായി പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് മുന്നിൽ ഗവ. ആയുർവേദാശുപത്രിയുടെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികളും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ജോലികളും പൂർത്തിയാക്കി ആശുപത്രി പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി.
പൂമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 2008-ലാണ് നിലവിലെ ആയുർവേദാശുപത്രി ആരംഭിച്ചത്. ജോജി ജോസഫ് കാരാത്രയുടെ സ്മരണാർഥം പിതാവ് കെ.പി. ജോസഫ് സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് ആശുപത്രി കെട്ടിടം നിർമിച്ചത്.
അന്നത്തെ എം.എൽ.എ. തോമസ് ഉണ്ണിയാടന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടനിർമാണം നടത്തിയത്. മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. പ്രദേശത്തെ ജനങ്ങൾക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കുന്നതിൽ പിന്നീട് ഈ സ്ഥാപനം പ്രധാന പങ്കുവഹിച്ചു.
ആശുപത്രിയുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2018-ൽ കെട്ടിടത്തിന്റെ മുകൾനിലയിൽ മിനി കോൺഫറൻസ് ഹാളും നിർമിച്ചിരുന്നു. വിവിധ ആരോഗ്യ-ബോധവത്കരണ പരിപാടികളും ചികിത്സാ പ്രവർത്തനങ്ങളുമായി ആശുപത്രി മുന്നോട്ടുപോകുന്നതിനിടെയാണ് ഇപ്പോൾ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനുള്ള തീരുമാനം വന്നിരിക്കുന്നത്.
നിലവിലെ ആശുപത്രി മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികളിൽ ഒരു വിഭാഗം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ ഭൂമിയിൽ പൊതുഫണ്ട് ഉപയോഗിച്ച് നിർമിക്കുകയും വർഷങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്ന ആശുപത്രി അവിടെനിന്ന് മാറ്റുന്നത് ഉചിതമാണോയെന്നാണ് ഇവർ ഉയർത്തുന്ന ചോദ്യം.
ആശുപത്രിയിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി സമീപകാലത്ത് ജനപങ്കാളിത്തത്തോടെ ഏകദേശം ഒരു ലക്ഷം രൂപ ചെലവഴിച്ച് റോഡ് വീതികൂട്ടിയതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. കെട്ടിടവും കോൺഫറൻസ് ഹാളും റോഡും ഉൾപ്പെടെ വിവിധ സൗകര്യങ്ങൾ ഒരുക്കിയ സാഹചര്യത്തിൽ ആശുപത്രിയെ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ആവശ്യകതയും നാട്ടുകാർ ചോദ്യം ചെയ്യുന്നു.
അതേസമയം, ആയുർവേദാശുപത്രി മാറ്റുന്നതോടെ നിലവിലെ കെട്ടിടം ഉപയോഗശൂന്യമാകില്ലെന്ന് പൂമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി വ്യക്തമാക്കി. ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടം കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള സബ് സെന്ററായി മാറ്റാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.
ആയുർവേദാശുപത്രിയുടെ നിലവിലെ സ്ഥാനം രോഗികൾക്ക് യാത്രാക്ലേശം സൃഷ്ടിക്കുന്നുണ്ടെന്നാണ് പഞ്ചായത്ത് ചൂണ്ടിക്കാട്ടുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന പല രോഗികൾക്കും ബസിൽനിന്നിറങ്ങിയ ശേഷം ആശുപത്രിയിലെത്താൻ ഏറെ ദൂരം നടക്കുകയോ ഓട്ടോറിക്ഷയെ ആശ്രയിക്കുകയോ ചെയ്യേണ്ടിവരുന്നുണ്ട്. പ്രായമായവർക്കും ചികിത്സയ്ക്കെത്തുന്ന ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് വിലയിരുത്തൽ.
ആശുപത്രി മാറ്റാൻ ഉദ്ദേശിക്കുന്ന പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് മുന്നിൽ തന്നെ ബസ് സ്റ്റോപ്പുള്ളത് പ്രധാന നേട്ടമാണെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. പൊതുഗതാഗതത്തെ ആശ്രയിച്ചെത്തുന്ന രോഗികൾക്ക് ബസിറങ്ങിയ ഉടൻ ആശുപത്രിയിലെത്താൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ നിലവിലെ ആശുപത്രിയേക്കാൾ കൂടുതൽ സ്ഥലസൗകര്യം ലഭ്യമാണെന്നും പഞ്ചായത്ത് പറയുന്നു. ആവശ്യമായ അറ്റകുറ്റപ്പണികളും ആശുപത്രി പ്രവർത്തനത്തിനാവശ്യമായ ക്രമീകരണങ്ങളും പൂർത്തിയാക്കിയ ശേഷം ഡി.എം.ഒ.യുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മാറ്റം വേഗത്തിൽ നടപ്പാക്കുമെന്ന് പ്രസിഡന്റ് കെ.എസ്. തമ്പി വ്യക്തമാക്കി.
ഇതോടെ, ഒരുവശത്ത് രോഗികൾക്ക് കൂടുതൽ യാത്രാസൗകര്യം ലഭിക്കുമെന്ന പഞ്ചായത്തിന്റെ വാദവും മറുവശത്ത് പൊതുഫണ്ടും ജനപങ്കാളിത്തവും ഉപയോഗിച്ച് വികസിപ്പിച്ച നിലവിലെ ആശുപത്രി മാറ്റേണ്ടതുണ്ടോ എന്ന നാട്ടുകാരുടെ ചോദ്യവും ചർച്ചയാകുകയാണ്.
