തിരുവനന്തപുരം: വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണം അശാസ്ത്രീയമാണെന്നും, പാലം പൊളിച്ചുമാറ്റേണ്ടതുണ്ടെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതില്‍ ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അതുമൂലം പാലത്തിനടിയിലൂടെ വാഹനങ്ങൾ തിരിക്കാൻ കഴിയുന്നില്ലെന്നും മന്ത്രി വിമർശിച്ചു. അശാസ്ത്രീയമായ നിർമ്മാണം പരിഹരിക്കാൻ 1.5 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു.
അശാസ്ത്രീയമായ റോഡ് നിർമ്മാണം അപകടങ്ങൾ വർദ്ധിപ്പിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. റോഡ് നിർമ്മാണത്തിൽ ആസൂത്രണമില്ലാത്തതാണ് ബ്ലാക്ക് സ്പോട്ടുകൾ വർദ്ധിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി നിർമ്മിക്കുന്ന റോഡുകളിൽ പോലും അഞ്ച് മുതൽ ആറ് വരെ ബ്ലാക്ക് സ്പോട്ടുകൾ ഉണ്ടാകുന്ന സാഹചര്യങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സിവിൽ എഞ്ചിനീയറിംഗ് പഠനത്തിൽ റോഡ് ഡിസൈൻ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണെന്നും, ഇതുസംബന്ധിച്ച് ഗതാഗത സെക്രട്ടറിക്ക് നിർദ്ദേശം നൽകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. നിലവിൽ റോഡ് ഡിസൈൻ പലപ്പോഴും ഗൂഗിൾ മാപ്പ് നോക്കിയാണ് ചെയ്യുന്നതെന്ന് പരിഹസിച്ചുകൊണ്ടാണ് മന്ത്രി പ്രതികരിച്ചത്.

