തിരുവനന്തപുരം: കോണ്‍ഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസ് തന്നെ മോശക്കാരനായി ചിത്രീകരിച്ചു എന്നാരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പത്തു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ചു. ഇക്കഴിഞ്ഞ മൂന്നാം തീയതി നടത്തിയ പത്രസമ്മേളനത്തിനിടെയാണ് രാഹുല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഷഹനാസ് ആരോപിച്ചത്. . ഷഹനാസ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, നഷ്ടപരിഹാരമായി പത്തു കോടി രൂപ നല്‍കണമെന്നും രാഹുലിന്റെ നോട്ടീസിൽ പറയുന്നു. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക 100 പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാനുള്ള പദ്ധതിക്കായി ഉപയോഗിക്കുമെന്നും രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്.
ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം രാഹുൽ നടത്തിയ ചില പരാമർശങ്ങൾക്കെതിരെ ഷഹനാസ് ശക്തമായി രംഗത്തെത്തിയിരുന്നു. രാഹുലുമായി തനിക്ക് സൗഹൃദമില്ലെന്നും അദ്ദേഹത്തോടൊപ്പം ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും ഷഹനാസ് കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചുവെന്ന രാഹുലിന്റെ വാദം പൂർണ്ണമായും തെറ്റാണെന്നും അവർ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെ ശക്തമായ ഭാഷയിൽ വിമർശിച്ച ഷഹനാസ്, രാഹുലിന്റെ ആരോപണങ്ങളിൽ നിന്ന് ഭയപ്പെടാനോ ഒളിക്കാനോ ഒന്നുമില്ലെന്നും തുറന്ന സംവാദത്തിന് തയ്യാറാണെന്നും പറഞ്ഞുകൊണ്ട് അദ്ദേഹത്തെ വെല്ലുവിളിച്ചു. തന്റെ ഫോൺ പരിശോധനക്ക് വിധേയമാക്കാന്‍ തയ്യാറാണെന്നും രാഹുലിന് ധൈര്യമുണ്ടെങ്കിൽ അദ്ദേഹം തന്റെ ഫോൺ പരിശോധനയ്ക്ക് നൽകണമെന്നും ഷഹനാസ് പറഞ്ഞു. രാഹുൽ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും സോഷ്യൽ മീഡിയ വഴി അദ്ദേഹം നൽകിയ മറുപടികൾ തന്റെ പക്കലുണ്ടെന്നും അവർ പറഞ്ഞു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് രാഹുൽ തനിക്ക് മോശം സന്ദേശം അയച്ചതായും ഷഹനാസ് ആരോപിച്ചു. വർഷങ്ങളായി താൻ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും അവർ വ്യക്തമാക്കി. രാഹുലിനെ തന്റെ സുഹൃത്ത് എന്ന് വിളിക്കുന്നത് തനിക്ക് അപമാനിക്കുന്നതിന് തുല്യമാണെന്നും, രാഹുൽ കള്ളം പറയുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
താൻ ഇപ്പോഴും പാർട്ടിയുടെ ഭാഗമാണെന്നും ഇതുവരെ ഒരു മുതിർന്ന നേതാവും വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഷഹനാസ് പറഞ്ഞു. കുടുംബത്തിൽ ആരെങ്കിലും തെറ്റ് ചെയ്താലും ഇരയ്ക്കൊപ്പം നിൽക്കുമെന്നാണ് തന്റെ അഭിപ്രായമെന്നും തന്റെ തുറന്നുപറച്ചിലുകൾക്ക് പിന്നിൽ ഒരു അജണ്ടയുമില്ലെന്നും അവർ വ്യക്തമാക്കി.
