കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിക്കെതിരെ പാലാ എംഎൽഎ മാണി സി കാപ്പൻ ശക്തമായി രംഗത്തെത്തി. യുഎഡിഎല്ലിൽ ചേരാൻ ജോസ് കെ മാണി കോൺഗ്രസ് നേതാക്കളെ കണ്ടുവെന്ന് മാണി സി കാപ്പൻ ആരോപിച്ചു. എന്നാൽ, പാലായിൽ ജയിക്കുമെന്ന ജോസ് കെ മാണിയുടെ സ്വപ്നം പൂവണിയില്ലെന്നും, താനീ പറയുന്നത് നിഷേധിക്കാൻ ജോസിന് കഴിയുമോ എന്നും മാണി സി കാപ്പൻ വെല്ലുവിളിച്ചു.
ജോസ് കെ മാണി കണ്ട നേതാക്കളെ ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. കുരിശ് പള്ളി മാതാവിനെ മുന്നില്‍ വെച്ച് കണ്ടില്ലെന്ന് പറഞ്ഞാല്‍, ജോസ് കെ മാണി പറയുന്നതെന്നും ഞാന്‍ ചെയ്യും. തന്ത്രങ്ങളോ മന്ത്രങ്ങളോ പ്രയോഗിക്കുന്നതില്‍ അര്‍ത്ഥമില്ല. പാലായിലെ ജനങ്ങള്‍ അത് തിരിച്ചറിയും. പാലായില്‍ ജയിക്കുമെന്ന് ജോസ് കെ മാണി സ്വപ്നം പോലും കാണരുതെന്ന് അദ്ദേഹം വ്യക്തമാക്കി.
പാലായിലെ വികസന പ്രവർത്തനങ്ങളിൽ എംഎൽഎ വേണ്ടത്ര ഇടപെട്ടിട്ടില്ലെന്ന് ജോസ് കെ മാണി ആരോപിച്ചതിന് പിന്നാലെയാണ് വിമർശനവുമായി മാണി സി കാപ്പൻ രംഗത്തെത്തിയത്. വീണ്ടും മത്സരിച്ചാൽ തോൽക്കുമെന്ന ഭയമാണ് ജോസ് കെ മാണിയുടെ ആരോപണങ്ങൾക്ക് പിന്നിലെന്ന് മാണി സി കാപ്പൻ മറുപടി നൽകി. പാലായിലെ ജനങ്ങൾ രാഷ്ട്രീയമായി പ്രബുദ്ധരാണെന്നും അവർക്ക് വസ്തുതകൾ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലായുടെ വികസനത്തിനായി മാണി സി. കാപ്പൻ ഒന്നും ചെയ്തിട്ടില്ലെന്നും ജനങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു പ്രാദേശിക പദ്ധതി പോലും ഇല്ലെന്നും ജോസ് കെ മാണി നേരത്തെ ആരോപിച്ചിരുന്നു. പാലായിൽ നടന്ന വികസന പ്രവർത്തനങ്ങൾ കെ.എം മാണി നടത്തിയവയാണെന്നും, മാണി സി. കാപ്പൻ മറ്റെന്താണ് ചെയ്തതെന്നും ജോസ് കെ മാണി ചോദിച്ചു.
ജില്ലാ വികസന അവലോകന യോഗങ്ങളിൽ കാപ്പൻ പങ്കെടുക്കാറില്ലെന്നും, വികസനം തടസ്സപ്പെടുത്തുന്നത് ഞാനാണെന്ന് പറഞ്ഞു നടക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. പാലാ വികസനം മാതൃകയായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു പ്രാദേശിക പദ്ധതിയെങ്കിലും നടപ്പിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
