
ദോഹ: പ്രവാസി വെൽഫെയർ പാലക്കാട് ജില്ലാക്കമ്മറ്റിയും ഇൻഡസ്ട്രിയൽ ഏരിയ ഘടകവും സംയുക്തമായി സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. പൗരാവകാശവും മാറുന്ന പൗരബോധവും എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടി പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ യുവാക്കൾ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ പൗരബോധവും അവകാശങ്ങളെ പറ്റി ബോധവാന്മാരും ആയിരിക്കണമെന്ന് അദ്ദേഹം ഉണർത്തി. അതേസമയം യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം ആരോഗ്യവും ചിന്താശേഷിയുമുള്ള ഭാവി തലമുറയെ നശിപ്പിക്കുമെന്നും അത് രാജ്യത്തിന്റെ ഭാവിക്ക് വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ആബിദ് ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. ഈ അടുത്തകാലത്ത് രാജ്യത്ത് നടക്കുന്ന പൗരാവകാശ സമരങ്ങൾ നീതി നിഷേധിക്കപ്പെടുന്ന പുതിയതലമുറ ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാൻ ആർജ്ജവം കാണിച്ചു തുടങ്ങിയതിന്റെ തെളിവാണെന്നും, ഭരണകൂടം നീതി നിർവഹണത്തിൽ വരുത്തുന്ന വീഴ്ചകൾ വലിയ അരാജകത്വത്തിലേക്ക് നമ്മുടെ നാട്ടിന്റെ സാമൂഹികാന്തരീക്ഷത്തെ കൊണ്ടെത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ ഇൻഡസ്ട്രിയൽ ഏരിയ പ്രസിഡന്റ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മൻസൂർ, ഫൈസൽ, മുഹമ്മദ് അലി, രാധാകൃഷ്ണൻ, ഷഫീഖ് അബ്ദുൽ റഹ്മാൻ, ശരീഫ് ബാഷ, അക്ബർ മളങ്ക്, എന്നിവർ പങ്കെടുത്തു. പാലക്കാട് ജില്ലാ പ്രസിഡന്റ് മുഹ്സിൻ സമാപനം നിര്‍വ്വഹിച്ചു.
