സ്വിസ് ഫെഡറൽ കൗൺസിലർ കരിൻ കെല്ലർ-സട്ടറിന്റെ സംസാരത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ചെറിയ പദവി ചൂണ്ടിക്കാട്ടി അവര്‍ കൂടുതല്‍ ഇളവുകൾ ആവശ്യപ്പെട്ടതിൽ താൻ രോഷാകുലനാണെന്നും അതിനാൽ 30% താരിഫ് 39% ആക്കി ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടണ്‍: സ്വിറ്റ്‌സർലൻഡിന് മേലുള്ള താരിഫ് വർധിപ്പിക്കാനുള്ള കാരണമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു വനിതാ നേതാവുമായുള്ള സംഭാഷണം ചൂണ്ടിക്കാട്ടി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സ്വിസ് നേതാവിന്റെ ആശയവിനിമയ ശൈലി തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് ട്രംപ് പറഞ്ഞത്. രാജ്യത്തിന്റെ ചെറിയ പദവി ചൂണ്ടിക്കാട്ടി അവർ ആവർത്തിച്ച് ഇളവുകൾ ആവശ്യപ്പെട്ടത് ട്രംപിനെ ചൊടിപ്പിച്ചു. അദ്ദേഹം താരിഫ് 30 ശതമാനത്തിൽ നിന്ന് 39 ശതമാനമായി വർദ്ധിപ്പിക്കുകയും ചെയ്തു.
സ്വിറ്റ്സർലൻഡ് യുഎസിലേക്ക് സാധനങ്ങൾ വിൽക്കുന്നുണ്ടെങ്കിലും 42 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മിയുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. സ്വിറ്റ്സർലൻഡിന് പ്രധാനമന്ത്രിയോ പ്രസിഡന്റോ ഇല്ല, മറിച്ച് ഫെഡറൽ കൗൺസിലിലെ ഏഴ് അംഗങ്ങളാണ് സർക്കാർ നടത്തുന്നത്.
ഫെഡറൽ കൗൺസിലറും സ്വിസ് കോൺഫെഡറേഷന്റെ പ്രസിഡന്റും, ഫെഡറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻസ് (FDF) മേധാവിയുമായ കരിൻ കെല്ലർ-സട്ടറാണ് ട്രംപുമായി സംസാരിച്ചത്. അവര്‍ വളരെ ആക്രമണാത്മകമായാണ് സംസാരിച്ചതെന്ന് ട്രംപ് പറഞ്ഞു. “ഞങ്ങള്‍ ഒരു ചെറിയ രാജ്യമാണ്, 30 ശതമാനം താരിഫ് താങ്ങാൻ കഴിയില്ല” എന്ന് ആവര്‍ത്തിച്ച് പറഞ്ഞതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. 30 ശതമാനം താരിഫ് ഇതിനകം കുറവായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ, ചർച്ചകൾക്ക് ശേഷം ഞാനത് 39 ശതമാനമായി വര്‍ദ്ധിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
ഒരു ചെറിയ രാജ്യമായതുകൊണ്ട് കാര്യമില്ലെന്ന് ട്രംപ് കരിൻ കെല്ലർ-സട്ടറോട് തുറന്നു പറഞ്ഞു. സ്വിറ്റ്സർലൻഡിന് യുഎസുമായി 42 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മിയുണ്ട്. സ്വിറ്റ്സർലൻഡ് യുഎസിലേക്ക് സാധനങ്ങൾ വിൽക്കുന്നു, പക്ഷേ താരിഫ് നൽകുന്നില്ല. ഇളവുകൾ നൽകുന്നതിനേക്കാൾ താരിഫ് വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ട്രംപ് വാദിച്ചു. ന്യായീകരിക്കാവുന്ന നീക്കമാണിതെന്ന് അദ്ദേഹം അതിനെ വിശേഷിപ്പിച്ചു.
