ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഡോ. ജെ. ഷാഹിദയെയും നഴ്സ് പി.എസ്. ധന്യയെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് രാവിലെ തന്നെ കിട്ടിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചെങ്കിലും പ്രതിഷേധം കടുത്തതോടെ രാത്രിയോടെ ഇരുവരേയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ശസ്ത്രക്രിയാ പിഴവിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഗൈനക്കോളജി പ്രൊഫസർ, ഫോറൻസിക് വിഭാഗം മേധാവി, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിലെ പ്രൊഫസർ എന്നിവർ അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു.
അഞ്ചു വർഷത്തോളം വയറ്റിൽ ലോഹവസ്തുവുമായി നരകയാതന അനുഭവിച്ച പുന്നപ്ര സ്വദേശിനി ഉഷ ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് മാറ്റി. എം.പി കെ.സി. വേണുഗോപാലിന്റെ ഇടപെടലിനെത്തുടർന്നാണ് ഉഷയെ കൊച്ചിയിലെത്തിച്ചത്. അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഉഷയെ വിദഗ്ധ പരിശോധനകൾക്ക് ശേഷം നാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. അഞ്ചു വർഷത്തെ വിട്ടുമാറാത്ത വേദനയ്ക്ക് ഇതോടെ അറുതിയാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
2021 മെയ് 10 ന് ഉഷയ്ക്ക് ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. വീട്ടിലേക്ക് മടങ്ങിയ ശേഷം കഠിനമായ വേദനയും തുടർച്ചയായ രക്തസ്രാവവും അനുഭവപ്പെട്ടു. നിരവധി ഡോക്ടർമാരിൽ നിന്ന് ചികിത്സ ലഭിച്ചെങ്കിലും അവസ്ഥ മെച്ചപ്പെട്ടില്ല. വർഷങ്ങളോളം അവര്‍ കുത്തിവയ്പ്പുകളും മരുന്നുകളും കഴിച്ചുകൊണ്ടിരുന്നു. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ, അത് മൂത്രക്കല്ലാണ് എന്ന് പറഞ്ഞ് തിരിച്ചയച്ചു. അടുത്തിടെ, ഒരു യൂറോളജി ഡോക്ടറെ സമീപിച്ചപ്പോൾ, എക്സ്-റേ ഉൾപ്പെടെയുള്ള പരിശോധനകൾ നിർദ്ദേശിക്കപ്പെട്ടു. എക്സ്-റേ പരിശോധനയ്ക്കിടെയാണ് വയറിനുള്ളിലെ കത്രിക കണ്ടെത്തിയത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ചികിത്സ തേടാൻ നിർദ്ദേശിച്ചു.
ഈ വിവരം അറിഞ്ഞപ്പോൾ വേദന കൊണ്ട് തളർന്നിരുന്ന താൻ എക്സ്റേ മുറിയിൽ നിന്ന് ചിരിച്ചുകൊണ്ടാണ് പുറത്തേക്ക് വന്നതെന്ന് ഉഷ പറയുന്നു. വയറ്റിൽ ഇത്രയും കാലം കത്രികയുമായാണ് താന്‍ നടന്നതെന്ന് വിശ്വസിക്കാനായില്ലെന്നും അവർ പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ അത് മൂടിവയ്ക്കാനും ഒതുക്കിത്തീർക്കാനും മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. വിവരം ആരോടും പറയരുതെന്നും വണ്ടാനത്ത് വച്ചുതന്നെ ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുക്കാമെന്നും അധികൃതർ വാഗ്ദാനം ചെയ്തു. എന്നാൽ, വണ്ടാനത്തെ ചികിത്സയിൽ ഇനി വിശ്വാസമില്ലെന്നും അവിടേക്ക് ഇനിയൊരിക്കലുമില്ലെന്നും ഉഷ വ്യക്തമാക്കിയതോടെയാണ് കൊച്ചിയിലേക്ക് മാറ്റാൻ തീരുമാനമായത്.
ആലപ്പുഴയിലെ ഈ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നതോടെ സമാനമായ രീതിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ താമരശ്ശേരി സ്വദേശിനി ഹർഷിനയും നീതി തേടി വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുകയാണ്. വർഷങ്ങളായി തുടരുന്ന തന്റെ പോരാട്ടത്തിന് അർഹമായ നീതി ലഭിക്കുന്നതുവരെ കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ സമരം തുടരുമെന്ന് ഹർഷിന സമരസമിതി വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെയും മന്ത്രി വീണാ ജോർജിന്റെയും നടപടികൾ പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങുന്നുവെന്ന് ഹർഷിന കുറ്റപ്പെടുത്തി.
തനിക്കുണ്ടായ അനുഭവം മറ്റൊരാൾക്കും സംഭവിക്കരുതെന്ന ലക്ഷ്യത്തോടെയാണ് വീണ്ടും തെരുവിലിറങ്ങുന്നതെന്നും പുതിയ സംഭവങ്ങൾ അധികൃതരുടെ ആവർത്തിക്കുന്ന വീഴ്ചയാണെന്നും ഹർഷിന ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
