
എടത്വ: വേനൽ കടുത്തതോടെ കിണറുകളും വാച്ചാലുകളും പൂർണ്ണമായും വറ്റി തുടങ്ങിയപ്പോൾ തലവടി തെക്ക് പ്രദേശത്തുള്ളവർ ശുദ്ധജലത്തിനായി വലയുകയാണ്.
പൊതു ടാപ്പുകൾ ഇല്ലാത്ത തലവടി പഞ്ചായത്തിലെ ഏക വാർഡാണ് 12-ാം വാർഡ്. ഈ പ്രദേശത്ത് കുടിവെള്ളം പൊതു ടാപ്പിലൂടെ എത്തിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിയുന്നു. പൊതു ടാപ്പുകൾ സ്ഥാപിച്ച് ശുദ്ധജല വിതരണം ആരംഭിക്കുന്നത് വരെ പ്രദേശത്ത് ശുദ്ധജലം വിതരണം നടത്തണമെന്ന് 2014 ജൂൺ 6ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടെങ്കിലും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുള വീണ്ടും മനുഷ്യാവകാശ കമ്മീഷന് നിവേദനനം നല്‍കിയതിനെത്തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി 2023ൽ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.

ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ 6 വർഷം മുമ്പ് സമാന്തര കുടിവെള്ള വിതരണം നടത്തുവാൻ കിയോസ്ക് സ്ഥാപിച്ചിരുന്നു. എന്നാൽ, ടാങ്ക് കാലഹരണപ്പെട്ടത് മൂലം ഇന്നലെ വീണ്ടും പുതിയ കിയോസ്ക് (ടാങ്ക്) സ്ഥാപിച്ചു. ശുദ്ധ ജലം ഇനിയും എത്തിയിട്ടില്ല.
ചുട്ടുമാലി, ചെത്തിപുരയ്ക്കൽ, തോട്ടടി, വട്ടടി എന്നീ പ്രദേശങ്ങളില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായിരികുകയാണ്. ഇടത്തോടുകളിൽ കറുകലും പുല്ലും പോളയും വളർന്ന് നീരൊഴുക്ക് തടസ്സപ്പെട്ട് കിടക്കുകയാണ്.
ഈ പ്രദേശത്ത് ജലജീവൻ പദ്ധതിയിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിച്ചെങ്കിലും നീരേറ്റുപുറം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയായെങ്കിൽ മാത്രമേ ഈ പ്രദേശത്ത് പൈപ്പ് ലൈനിലൂടെ ശുദ്ധജലം എത്തുകയുളളൂ.

