പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ കേരളം ആര് പിടിച്ചെടുക്കും? (രാഷ്ട്രീയ അവലോകനം): എ.സി.ജോര്‍ജ്

കേരള നാടും തൊടിയും പ്രകൃതിയും സൂര്യതാപത്താല്‍ ചുട്ടുപൊള്ളുമ്പോള്‍ കേരള രാഷ്ട്രീയ തെരഞ്ഞെടുപ്പ് ഗോദയില്‍ പതിവുപോലെ മുഖ്യമായി മൂന്ന് രാഷ്ട്രീയ മുന്നണികള്‍ അരയും തലയും മുറുക്കി കൊമ്പുകോര്‍ക്കുകയാണ്. ഉഗ്രതാപത്താല്‍ പൊടിപടലങ്ങള്‍ പാറുന്ന അന്തരീക്ഷത്തില്‍ മൂന്നു മുന്നണികളുടെയും കൊടികള്‍ കൈകളിലേന്തി, തൊണ്ട തൊരപ്പന്‍ മുദ്രാവാക്യങ്ങളുമായി, ചില രാഷ്ട്രീയ പാരഡി ഗാനങ്ങളുമായി കേരള തെരുവോരങ്ങളില്‍ ഉറഞ്ഞു തുള്ളുകയാണ് രാഷ്ട്രീയ മുന്നണി പിന്നണി പോരാളികള്‍. ഗള്‍ഫ് യുദ്ധം കാരണം പാചക വാതകത്തിനു തീപിടിച്ച വില ആയതിനാല്‍ പൊറോട്ടയും ചിക്കനും ലഭ്യമല്ലാത്തതിനാല്‍ കൂലിക്ക് എടുത്ത മുദ്രാവാക്യവിളിതൊഴിലാളികള്‍ക്ക് വിറകില്‍ അടുപ്പു കത്തിച്ചെടുത്തു പാകം ചെയ്ത ചോറും സാമ്പാറും വിളമ്പേണ്ടിവന്ന ഗതികേട് എവിടെയും കാണാം. അതുപോലെതന്നെ പൊരിഞ്ഞ യുദ്ധമൂലം ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ താറുമാറായതിനാല്‍ ഗള്‍ഫ് യൂറോപ്പ് അമേരിക്ക തുടങ്ങിയ രാജ്യമേഖലകളില്‍ നിന്ന് ഇലക്ഷന്‍ പ്രചാരണത്തിനും, വോട്ടിങ്ങിനും എത്തേണ്ട വിദേശ മലയാളികളുടെ എണ്ണവും ഇപ്രാവശ്യം വളരെ കുറഞ്ഞു കാണുന്നുണ്ട്.

വിവിധ കേരള മാധ്യമങ്ങളില്‍ നിന്ന്, സോഷ്യല്‍ മീഡിയയില്‍ നിന്ന്, വ്യക്തിഗതമായ മാര്‍ഗങ്ങളിലൂടെ ലഭ്യമായ വിവരങ്ങളുടെ വെളിച്ചത്തില്‍ ഇപ്രാവശ്യത്തെ കേരള അസംബ്ലി തെരഞ്ഞെടുപ്പിനെ പറ്റി ഒരു വിഹഗ വീക്ഷണം നടത്തുകയാണ് ഇവിടെ. എല്ലാം പൂര്‍ണമായി ശരിയായിരിക്കണം എന്ന് നിര്‍ബന്ധമില്ല. ബൗദ്ധികപരമായ ഒരു നിരീക്ഷണം മാത്രം. കുറച്ചൊക്കെ സ്വതന്ത്ര ചിന്തയുള്ള മറുനാടന്‍ മലയാളി ഷാജന്‍ സ്‌കറിയാ രണ്ടാഴ്ച മുമ്പ് അമേരിക്കയിലെ, ഹൂസ്റ്റന്‍, ഡാളസ്, ശിക്കാഗോ, ലോസ് ആഞ്ചലസ്, സിറ്റികളില്‍ ചുറ്റിക്കറങ്ങി പത്രസമ്മേളനങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ സിറ്റി ആയ ന്യൂയോര്‍ക്കില്‍ എന്തു കൊണ്ടോ അദ്ദേഹം പോയില്ല. ഇന്ത്യയിലെ ചില ഭരണാധികാരികളോട് മാത്രമായി ചോദിക്കേണ്ടിയിരുന്ന ചില ചോദ്യങ്ങള്‍ വെറുമൊരു മാധ്യമപ്രവര്‍ത്തകനായ അദ്ദേഹത്തോട് ഇവിടെ ചിലര്‍ ചോദിക്കുന്നത് കണ്ടു. ഇപ്പോള്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റ്, ഷാജന്‍ സ്‌കറിയയെ കിടപ്പുമുറിയില്‍ കയറി അദ്ദേഹത്തെ ഒരു ഷര്‍ട്ട് പോലും ഇടാന്‍ സമ്മതിക്കാതെ അര്‍ദ്ധ നഗ്‌നനായി പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യം കേരളക്കര കണ്ടതാണ്. അപ്പോള്‍ ഓടിച്ചെന്ന് അദ്ദേഹത്തെ രക്ഷിച്ചത് ബിജെപിയിലെ സുന്ദരിയും തീപാറുന്ന പ്രാസംഗികയുമായ ശ്രീമതി ശോഭാ സുരേന്ദ്രന്‍ ആയിരുന്നു എന്ന് പറയപ്പെടുന്നു. അതിനാല്‍ ആകാം മറുനാടന്‍ ഷാജന് സ്വതന്ത്ര വീക്ഷണത്തില്‍ ബിജെപിക്കു അനുകൂലമായി അല്പം വെള്ളം ചേര്‍ക്കേണ്ടി വന്നത്.

ഇപ്പോള്‍ കേരളം ഭരിക്കുന്ന കക്ഷി ഖജനാവില്‍ പണം ഇല്ലെന്നു പറയുമ്പോഴും സ്വന്തം സുഖസൗകര്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും മറ്റും മറ്റും ആയി നികുതി ദായകരുടെ പണം യഥേഷ്ടം ധൂര്‍ത്തടിക്കുകയാണ്. അവരുടെ ഭരണത്തിന്റെ അവസാന നാളുകളില്‍ പാവപ്പെട്ടവര്‍ക്കായി പണവും പെന്‍ഷനും ഉള്‍പ്പെടെ മോഹന സുന്ദര വാഗ്ദാനങ്ങള്‍ തെരുവില്‍ ചൊരിയുകയാണ്. മുന്‍നിര മാധ്യമങ്ങളെ പരസ്യങ്ങള്‍ കൊണ്ടും അഭിമുഖങ്ങള്‍ കൊണ്ടും വിലയ്‌ക്കെടുത്തിരിക്കുകയാണ്. കേന്ദ്രത്തിലും കേരളത്തിലുംഭരണമില്ലാത്ത യുഡിഎഫ് – UDF അഭിപ്രായ സര്‍വേകളില്‍ മുന്‍നിരയില്‍ ആണെങ്കില്‍ തന്നെയും കേന്ദ്രത്തില്‍ ഭരണമുള്ള ബിജെപി – NDA – മുന്നണിയോടും, കേരളഭരണം കയ്യാളുന്ന LDF എല്‍ഡിഎഫിനോടും പോരാടുകയാണു. അതോടൊപ്പം അവര്‍ക്ക് മറ്റു മുന്നണികളേക്കാള്‍ സാമ്പത്തിക ഫണ്ടും കുറവാണ്. എങ്ങും അധികാരവും ഭരണവും ഇല്ലാത്തവര്‍ക്ക് ഫണ്ട്, വരുമാനം കുറവായിരിക്കുമല്ലൊ. കൂടാതെ യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസില്‍ കൂടുതല്‍ ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും ഉണ്ടല്ലോ. പലപ്പോഴും അവിടെയുള്ളത് കൂട്ടായ നേതൃത്വം ആണ്. അത് ഗുണവും ദോഷവും ചെയ്യുന്നുണ്ട്. അവിടെ എല്ലാവര്‍ക്കും പദവികള്‍ വേണം സ്ഥാനാര്‍ത്ഥി ആകണം. അതുപോലെ മുഖ്യമന്ത്രി പദമോഹികളും ധാരാളമുണ്ട്. അതുകൊണ്ട് പാളയത്തില്‍ തന്നെ പട പലപ്പോഴും നടക്കാറുമുണ്ട്. അതിനാല്‍ ആണ് പലപ്പോഴും യുഡിഎഫിനെ തോല്‍പ്പിക്കുന്നതു യുഡിഫ് തന്നെ എന്ന് പറയാറ്.

യുഡിഫിലും അവരുടെ ഘടകകക്ഷികളിലും എത്രയെത്ര സ്ഥാനമോഹികളാണു ഉടുപ്പിട്ട് വന്നത്. അതുപോലെ അര്‍ഹതപ്പെട്ട പലരെയും തഴഞ്ഞ് അനര്‍ഹര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ട് എന്ന വസ്തുതയും ഇവിടെ മറച്ചു വെക്കുന്നില്ല. നീതിയുടെയും യുക്തിയുടെയും വെളിച്ചത്തില്‍ നോക്കിയാല്‍ രാഹുല്‍ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസ് പുകച്ചു പുറത്തു ചാടിച്ചതും സീറ്റ് നല്‍കാത്തതും വലിയ വീഴ്ച തന്നെയാണ്. ഉത്തരം വീഴ്ചകള്‍ വേറെയും ഉണ്ട് എല്ലാം വിശദീകരിക്കുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. എംപിമാര്‍ ആരും അസംബ്ലിയിലേക്ക് മത്സരിക്കേണ്ടതില്ല എന്ന തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തപ്പോള്‍ അതിനെതിരെ ഉറഞ്ഞുതുള്ളി താന്‍ മത്സരിക്കും എന്ന പിടിവാശിയെടുത്ത പാര്‍ട്ടിയുടെ കൊല കൊമ്പനെ അവസാനം തളക്കാന്‍ പറ്റിയതും പാര്‍ട്ടി ഹൈക്കമാണ്ടിനു ഒരു നേട്ടമായി കരുതാം. സാന്ദര്‍ഭികമായി ഇവിടെ ഒരു കാര്യം എടുത്തു പറയട്ടെ. അതായത് കേരളത്തില്‍ നിന്ന് പോകുന്ന എംപിമാര്‍ പാര്‍ട്ടി ഭേദമെന്യേ അധികം പേരുടെ പാര്‍ലമെന്റ് പ്രകടനങ്ങളും വളരെ താഴേക്കിടയില്‍ ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഡല്‍ഹിയിലെ നോര്‍ത്ത് ഇന്ത്യയിലെ ഹിന്ദി വാലകളെയും ഗോസാമികളെയും കാണുമ്പോള്‍, നമ്മുടെ മലയാള എംപിമാര്‍ കവാത്തു തന്നെ മറക്കുന്നു. അവരില്‍ പലര്‍ക്കും ഇംഗ്ലീഷിലോ ഹിന്ദിയിലൊ സംസാരിക്കാനുള്ള കഴിവ് കുറവാണെന്ന് പാര്‍ലമെന്റിലെ പ്രകടനങ്ങള്‍ കണ്ടാലും കേട്ടാലും അറിയാം. കേരളത്തില്‍ വന്നു മലയാളത്തില്‍ ഗര്‍ജ്ജിക്കുന്ന മുന്‍ സൂചിപ്പിച്ച കെ.സുധാകരന്‍, അതുപോലെ മന്ത്രിയാണെങ്കിലും സുരേഷ് ഗോപി ഒക്കെ ആ വകുപ്പില്‍ പെടും എന്നു അവരുടെ പാര്‍ലമെന്റ് പ്രകടനങ്ങളുടെ വീഡിയോ കണ്ടാല്‍ അറിയാം.

ഇവിടെ അസംബ്ലി തെരഞ്ഞെടുപ്പിലേക്ക് തന്നെ വരാം. പ്രതിപക്ഷ കക്ഷികളുടെ അനൈക്യ കാരണം ഇടതു പക്ഷത്തിന് എന്ത് അനീതിയും ദുര്‍ഭരണവും നടത്താം എന്ന ഒരു നില വന്നു. പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ അധികാര കേന്ദ്രീകരണം, മറ്റു മന്ത്രിമാര്‍ ആ അധികാരത്തിനു ചുറ്റും സ്തുതി പാടകരായി ഓച്ഛാനിച്ചു നില്‍ക്കുന്ന ഒരു അവസ്ഥ വന്നു. അദ്ദേഹത്തിന്റെ ആഡംബര ബസ്സിലുള്ള എഴുന്നള്ളത്തും, ദൂര്‍ത്തും, അതിനെതിരെ സമാധാനപരമായി പ്രക്ഷോപണം നടത്തിയവരെ തല്ലി ചതച്ചതും, അവര്‍ക്കെതിരെ കേസെടുത്തതും, മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ ചെറിയ മുദ്രാവാക്യം മുഴക്കിയവരെ പാര്‍ട്ടി പ്രമാണിയായ ഈ പി ജയരാജന്‍ തൊഴിച്ച് തള്ളിയതും, പോരാഞ്ഞിട്ട് തൊഴി കൊണ്ടവര്‍ക്ക് എതിരെ കേസ് എടുത്തത് ഒക്കെ ജനം ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കഴിഞ്ഞ മാസമല്ലേ കേരളത്തിന്റെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് സിനിമാനടന്‍ നടികര്‍ തിലകം ശിവാജി ഗണേശനെ തന്നെ തോല്‍പ്പിക്കുമാറ് ‘ കഴുത്തുളുക്കി’ തിര നാടകം അഭിനയിച്ചു മാന്യമായി തെരുവില്‍ പ്രതിഷേധിച്ച യൂത്തു കോണ്‍ഗ്രസുകാരെ കേസെടുപ്പിച്ച് അകത്താക്കിയത്. ഇങ്ങനെ അറിഞ്ഞതും അറിയാത്തതുമായ എത്രയെത്ര അന്യായ സംഭവങ്ങള്‍ പിണറായി ഭരണത്തില്‍ നടന്നിരിക്കുന്നു. ഇതെല്ലാം പ്രതിപക്ഷ കക്ഷികള്‍ക്ക് അനുകൂലമായ ഒരു വോട്ടായി മാറ്റാന്‍ സാധിച്ചില്ലെങ്കില്‍ അത് അവരുടെ ദൗര്‍ബല്യമായിട്ട് തന്നെ കരുതണം.

അതായത് മറ്റ് രണ്ടു മുന്നണികളേക്കാള്‍ അച്ചടക്കം കുറഞ്ഞവരും അധികാര കസേരയ്ക്ക് വേണ്ടി കടിപിടി കൂടുന്നവരുമായ യുഡിഎഫിന് തമ്മില്‍ ഭേദം തൊമ്മന്‍ എന്നുമാത്രം കണക്കാക്കി വോട്ടര്‍മാര്‍ അധികാരം വെള്ളി തളികയില്‍ തന്നാല്‍ പോലും അത് വീഴാതെ പൊട്ടാതെ ഉടയാതെ യുഡിഎഫിന് കൊണ്ടു നടക്കാന്‍ പറ്റുമോ എന്നതും ഒരു വിഷയമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് തൂത്തു വാരി വിജയം കൈവരിച്ചെങ്കിലും ഇക്കുറി അസംബ്ലി തിരഞ്ഞെടുപ്പായതിനാല്‍ ബിജെപി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇലക്ഷന്‍ കമ്മീഷന്‍ വോട്ടിംഗ് മെഷിനറികളില്‍ തിരിമറി നടത്തുമോ എന്നുള്ള സന്ദേഹം യുഡിഎഫ് കക്ഷികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ന് പൊതുജനം കഴുതയാണെന്നും പറയാറുണ്ടല്ലോ?. ഒരൊറ്റ ഓണ കിറ്റിനു വോട്ട് കൊടുത്ത ഇത്തരം പൊതുജന കഴുതകള്‍ അവസാന മിനിറ്റില്‍ പെട്ടെന്നുള്ള മത വര്‍ഗീയ വിഷത്തിലോ,വിഷു ഈസ്റ്റര്‍ കല്‍ക്കണ്ട കനിയിലോ വീണു വോട്ട് അടയാളം മാറി കുത്താനും സാധ്യതയുണ്ടല്ലോ. എന്നാല്‍ എല്‍ഡിഎഫ്കാര്‍, ഏത് അനീതിയെയും ന്യായീകരിച്ചുകൊണ്ട് അവരുടെ കപ്പിത്താനെ തലയില്‍ ചുമ്മി കൊണ്ടുവന്ന് ലോക തലസ്ഥാനമായ ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറിലെ ഇരുമ്പ് കസേരയില്‍ ഇരുത്തി വാഴിക്കാനും തയ്യാറായത് നമ്മള്‍ കണ്ടതാണ്. അതിനൊക്കെയായി പ്രവാസികള്‍ക്ക് NRI എം.പി മാരെയും സൃഷ്ടിച്ചത് ഓര്‍മയില്ലേ? അതിനൊക്കെ കുടപിടിക്കാന്‍ അമേരിക്കയിലെ ചില മെഗാ സംഘടനക്കാരായ ഫോമാക്കാരും, ഫോകാനക്കാരും, വേള്‍ഡ് മലയാളിക്കാരും മറ്റുമുണ്ടായിരുന്നു എന്നുള്ളത് മറ്റൊരു വസ്തുത. മറ്റൊരു പരമാര്‍ത്ഥം എന്തെന്നാല്‍ അമേരിക്കയെ സ്ഥിരം കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്ന ഈ പാര്‍ട്ടിയിലെ പ്രമുഖര്‍ പലരും ചികിത്സയ്ക്കായി അമേരിക്കയില്‍ തന്നെയാണ് വരാറുള്ളത്. ഇത്രയും എഴുതിയ സ്ഥിതിക്ക് മറ്റൊരു സത്യം കൂടെ ഇവിടെ വിശദീകരിക്കാന്‍ ആഗ്രഹിക്കുകയാണ്. നാട്ടില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയ ചില മലയാളികള്‍ക്കും, ഇന്ത്യക്കാര്‍ക്കും, നാട്ടിലെ പാര്‍ട്ടികളുടെ പേരില്‍ ഇവിടെ ഓവര്‍സീസ് സംഘടനകള്‍ ഉണ്ട്. മിക്കവാറും നാട്ടില്‍ നിന്ന് എത്തുന്ന അവരുടെ പാര്‍ട്ടി നേതാക്കളെ ചുമ്മി കൊണ്ട് നടക്കുന്നതാണ് അവളുടെ പ്രധാന രാഷ്ട്രീയ തൊഴില്‍.

ആ ഓവര്‍സിസ് പാര്‍ട്ടി ഘടക ഇടയിലും അധികാര വടംവലിയും കുത്തിത്തിരുപ്പുമുണ്ട്. വീട്ടില്‍, നാട്ടില്‍ നിന്ന് പഠിച്ചത്, അല്ലെങ്കില്‍ നാട്ടിലെ പാരമ്പര്യം അല്ലേ ഇവിടെ പാടൂ. ഇവിടെയും വളരുകയും പിളരുകയും ചെയ്യും. അതുപോലെ ചിലരെല്ലാം അമേരിക്കന്‍ രാഷ്ട്രീയത്തിലും കയറി പറ്റുന്നുണ്ട്. നല്ല കാര്യം. പക്ഷെ നാട്ടിലെ രാഷ്ട്രീയ പാരമ്പര്യം ഇവിടെ കളിക്കരുത്. കൂടുതല്‍ കളിച്ചാല്‍ വോട്ട് കുറയും അകത്താകും. അതുപോലെ ഇവിടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വിജയിച്ച അധികാര പദവികള്‍ എത്തുന്നവര്‍ സ്ഥിരമായി കേരള രാഷ്ട്രീയ എംഎല്‍എമാരും എംപിമാരും ചെയ്യുന്ന മാതിരി, അവരുടെ പാത പിന്തുടര്‍ന്ന് ഇവിടത്തെ എല്ലാ മലയാളി, പള്ളി ആരാധന, സമാജം പ്രവര്‍ത്തന മീറ്റിങ്ങുകളില്‍ മാത്രം പോയി കുത്തിയിരുന്ന് വിഷയം അറിയാതെ, ഉദ്ഘാടകരും, മുഖ്യപ്രഭാഷകരും ആയി പ്രേക്ഷകരെ ബോറടിപ്പിക്കുന്നവരായി മാറാതിരിക്കുന്നത് അഭികാമ്യം. അവരെ തെരഞ്ഞെടുത്ത് വിട്ടിരിക്കുന്ന സകലമാന പൊതു ജനത്തിനും വേണ്ടിയാണ് അവരുടെ ആ സമയം വിനിയോഗിക്കേണ്ടത്. അമേരിക്കന്‍ മലയാളി ഇലക്റ്റഡ് വ്യക്തികളെയും അല്ലാതെ മലയാളികള്‍ക്കും മലയാളി സദസ്സുകള്‍ക്കും വേണ്ടി മാത്രമുള്ളതല്ല. അതുപോലെ അവരെയൊക്കെ മാത്രം പൊക്കിക്കൊണ്ട് വരുന്ന സംഘാടകരും അത് മനസ്സിലാക്കണം. കേരള ഇലക്ഷനെ പറ്റി എഴുതുമ്പോള്‍, അത് ഒരു അമേരിക്കന്‍ മലയാളിയെയും, ഒരു പ്രവാസിയെയും എപ്രകാരം സ്വാധീനിക്കും, അതുപോലെ മലയാളിയുടെ അമേരിക്കന്‍ രാഷ്ട്രീയം ഇതുമായി എങ്ങനെ ബന്ധപ്പെടുത്താം, അമേരിക്കന്‍ മലയാളി ഇലക്റ്റഡ് വ്യക്തികളെയും എങ്ങനെ ബന്ധപ്പെടുത്താം, താരതമ്യം ചെയ്യാം എന്നതിനെപ്പറ്റി ഒക്കയുള്ള ഏതാനും ചില ഹൃസ്വ ശിഥില ചിന്തകള്‍ കൂടി മാത്രമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

Leave a Comment

More News