പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ നിര്‍ണ്ണായക തെളിവുകൾ പുറത്തുവിട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കുള്ള തെളിവുകൾ പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടു. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട നിർണായക ബാങ്ക് രേഖകളാണ് കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടത്. ഏരിയ സെക്രട്ടറി രക്തസാക്ഷി ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ സ്വന്തം പേരിലേക്ക് മാറ്റിയതായി വി കുഞ്ഞികൃഷ്ണൻ രേഖാമൂലം ചൂണ്ടിക്കാട്ടി.

വീടുപണിക്ക് പണം ചെലവഴിച്ചതായി എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ വ്യാജരേഖ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെളിവുകൾ പയ്യന്നൂരിലെ ജനങ്ങള്‍ മനസ്സിലാക്കുമെന്നും, അവർക്കിടയിലെ അഴിമതിക്കാരെ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

“പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതു മുതൽ, ഫണ്ട് ദുരുപയോഗം സംബന്ധിച്ച വാർത്തകൾ സിപിഎം കേന്ദ്രങ്ങൾ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. പാർട്ടിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. നിഷേധിക്കാനാവാത്ത തെളിവുകൾ വേണമെങ്കിൽ, തട്ടിപ്പിന്റെ മുഴുവൻ പട്ടികയും അവതരിപ്പിക്കാൻ ഞാൻ തയ്യാറാണ്. ഈ തെളിവുകൾക്കെതിരെയും ഈ സംഘം ന്യായീകരണങ്ങൾ കൊണ്ടുവന്നേക്കാം. എന്നാൽ, സത്യം ഏത് ന്യായീകരണങ്ങൾക്കും മുകളിൽ സൂര്യനെപ്പോലെ പ്രകാശിക്കുന്നു. ആ സത്യത്തെ ഇരുട്ടുകൊണ്ട് മറയ്ക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുവരും,” കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

“2018 ജൂലൈ 9 ന് പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലെ ധീര രക്തസാക്ഷി സഖാവ് ധനരാജ് കുടുംബ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ടിൽ നിന്ന് അന്നത്തെ ഏരിയ സെക്രട്ടറിയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് 5 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതിന്റെ തെളിവ് ഞാൻ പൊതുജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നു. ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ ചെലവിന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും അക്കൗണ്ടിന്റെ പകർപ്പും കമ്മിറ്റിക്ക് കാണിച്ചുകൊടുത്തു, ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു. ധീരനായ രക്തസാക്ഷി സഖാവ് ധനരാജിന്റെ പേരിൽ പിരിച്ചെടുത്ത ഫണ്ടിൽ നിന്ന് പോലും പയ്യന്നൂരിലെ പാർട്ടി നേതൃത്വം പണം തട്ടിയെടുത്തുവെന്ന് സ്ഥിരീകരിക്കാൻ ഈ പാർട്ടിക്കും, ഈ രാജ്യത്തെ ജനങ്ങൾക്കും, മാധ്യമങ്ങൾക്കും ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്,” കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.

Leave a Comment

More News