കോട്ടയം അതിരൂപതയും ക്നാനായ സമുദായവും അനുഷ്ഠിച്ചുവരുന്ന നിർബന്ധിത സ്വവംശ വിവാഹനിഷ്ഠയും, അത് പാലിക്കാൻ കഴിയാത്തവരെ സമുദായ അംഗത്വത്തിൽ നിന്നും വിശ്വാസ സമൂഹത്തിൽ നിന്നും പുറത്താക്കുന്ന അക്രൈസ്തവ നടപടികളും ഭരണഘടനാ വിരുദ്ധമെന്നും, ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകിയിട്ടുള്ള മൗലികാവകാശങ്ങളുടെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും കേരള ഹൈക്കോടതി വിധിച്ചു. മാർച്ച് 23 തിങ്കളാഴ്ച ഹൈക്കോടതി സിംഗിൾ ബഞ്ച് ജഡ്ജി, എസ്. ഈശ്വരനാണ് 11 ദിവസം നീണ്ട വാദങ്ങൾ കേട്ടശേഷം പ്രസ്തുത വിധിപ്രഖ്യാപനം നടത്തിയത്. ക്നാനായ കാത്തലിക് നവീകരണ സമിതി 2014 – ൽ കോട്ടയം സബ്കോടതിയിൽ നിർബന്ധിത സ്വവംശ നിഷ്ഠയ്ക്കും അതിൻറെ പേരിൽ സമുദായ അംഗങ്ങൾക്ക്മേൽ സ്വീകരിച്ചിരുന്ന കോട്ടയം അതിരൂപതയുടെ അക്രൈസ്തവ നടപടികൾക്കും എതിരെ ഫയൽ ചെയ്ത പരാതിയിൽ 2021 -ൽ കോട്ടയം സബ്കോടതിയും, 2022 – ൽ ജില്ലാ കോടതിയും പുറപ്പെടുവിച്ച വിധിക്കെതിരെ കോട്ടയം അതിരൂപതയും സ്വദേശത്തും വിദേശത്തുമുള്ള ക്നാനായ സമുദായ സംഘടനകളും സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടുള്ളതായിരുന്നു ഹൈക്കോടതി വിധി. കാനായുടെ സഹോദര സംഘടനയാണ് കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്നാനായ കത്തോലിക്കാ നവീകരണ സമിതി.
പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യവും അടിസ്ഥാനപരവുമായൊരു അവകാശമാണ് തൻറെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുകയെന്നത്. ഇന്ത്യയുടെ നിയമവ്യവസ്ഥയും, ബഹുഭൂരിപക്ഷം ആധുനിക സമൂഹങ്ങളും അനുവദിച്ചിട്ടുള്ളതായ പ്രസ്തുത വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറ്റം നടത്തുവാൻ സമൂഹങ്ങൾക്കോ, സ്ഥാപനങ്ങൾക്കോ, മതവിഭാഗങ്ങൾക്കോ അധികാരമില്ലെന്ന് ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജന്മം വഴി ഒരു വ്യക്തിക്ക് ലഭിക്കുന്ന സമുദായ അംഗത്വം, നിയമ സാധുതയില്ലാത്ത ഏതെങ്കിലും ആചാരം ലംഘിച്ചുവെന്നാരോപിച്ച് റദ്ദ് ചെയ്യുവാൻ മതസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പൗലോസ് ശ്ലീഹാ ഗലാത്തിയാക്കാർക്ക് നൽകിയൊരു ബൈബിൾ സന്ദേശത്തിൽ പ്രതിപാദിച്ചിട്ടുള്ള ” യഹൂദനെന്നോ, ഗ്രീക്കുകാരനെന്നോ, അടിമയെന്നോ – സ്വതന്ത്രനെന്നോ, ആണെന്നോ – പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ക്രിസ്തുവിൽ ഒന്നാണ് ” എന്നുള്ള ബൈബിൾ വചനം കോടതി വിധിയിൽ പ്രതിപാദിച്ചിട്ടുമുണ്ട്. സ്വവംശ വിവാഹനിഷ്ഠ പാലിക്കുവാൻ താല്പര്യമുള്ള ക്നാനായ സമുദായ അംഗങ്ങൾക്ക് അതിനുള്ള അവകാശം കോടതിവിധിയിൽ വ്യക്തമായി അനുവദിച്ചിട്ടുമുണ്ട്.
ക്നാനായ സമുദായത്തിൽ ജനിച്ച്, ബാല്യവും യൗവനവും താണ്ടി വിവാഹ പ്രായം എത്തിയ ബിജു ഉതുപ്പ് എന്ന യുവാവിന് സ്വസമുദായത്തിൽ നിന്ന് കണ്ടെത്തിയ യുവതിയുമായുള്ള വിവാഹം ആശീർവദിക്കുവാൻ 1989 – ൽ കോട്ടയം രൂപതാധികൃതർ സന്നദ്ധരായില്ല. രൂപതാധികൃതരുടെ നിഷേധാത്മക നടപടിക്കെതിരെ നിയമനടപടിക്ക് തയ്യാറായ അദ്ദേഹത്തിന് 1991 -ൽ അനുകൂലമായ വിധി കോട്ടയം സബ് കോടതി പുറപ്പെടുവിച്ചു. കോട്ടയം സബ് കോടതി വിധി അനുസരിക്കുവാൻ തയ്യാറാകാതെ എറണാകുളം ജില്ലാ കോടതിയെ സമീപിച്ച രൂപതാ നേതൃത്വത്തിന് അവിടെയും തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ക്രൈസ്തവ മൂല്യങ്ങളായ നീതി, ദയ,ക്ഷമ എന്നിവ വെടിഞ്ഞ് ജില്ലാ കോടതി വിധിക്കെതിരെ കേരള ഹൈക്കോടതിയിൽ അപ്പീലിനു മുതിർന്ന കോട്ടയം രൂപതാധികൃതർക്ക് 2017 – ൽ അപ്പീൽ തിരസ്കരിച്ചു കൊണ്ട് ജസ്റ്റിസ് ഹരിലാൽ പുറപ്പെടുവിച്ച വിധിയും പ്രതികൂലമായിരുന്നു. പ്രസ്തുത വിധിയിലെ സാങ്കേതിക ന്യൂനതകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ച രൂപത നേതൃത്വത്തിന് അവിടെനിന്നും ലഭിച്ച ആശ്വാസ ഉത്തരമായിരുന്നു പരാതി പുനഃ പരിശോധിക്കുവാൻ ഹൈക്കോടതിക്ക് നൽകിയ നിർദ്ദേശം. ബിജു ഉതുപ്പ് പരാതിയും കെ സി എൻ എസ് കേസിനൊപ്പം ഹൈക്കോടതി പരിഗണിച്ചു.
കോട്ടയം രൂപത, കൊട്ടോടി സെൻറ് ആൻഡ് ഇടവകാംഗം ജസ്റ്റിൻ ജോൺ തലശ്ശേരി രൂപതയിൽപ്പെട്ട ബിജി മോളുമായുള്ള വിവാഹം 2022 ലെ ജില്ലാ കോടതിവിധിയുടെ അടിസ്ഥാനത്തിൽ നടത്തി തരുവാൻ അപേക്ഷിച്ചു. അദ്ദേഹത്തിൻറെ അപേക്ഷ നിരസിച്ച സഭ നടപടി ചോദ്യം ചെയ്ത് ജസ്റ്റിൻ ജോൺ സമർപ്പിച്ച പരാതിയും കോടതി ഒന്നായി പരിഗണിച്ചു. 47 വർഷങ്ങൾ പിന്നിട്ടിട്ടും, അനുകൂലമായ മൂന്ന് കോടതിവിധികൾ അദ്ദേഹത്തിന് ലഭിച്ചിട്ടും കോട്ടയം രൂപതാംഗമായി ബിജു ഉതുപ്പിനെ പരിഗണിക്കാൻ തയ്യാറാകാത്ത രൂപതാധികൃതരുടെ നിർദയവും അക്രൈസ്തവുമായ നടപടിയെ കടുത്ത ഭാഷയിലാണ് ജസ്റ്റിസ് എസ്. ഈശ്വരൻ വിധിന്വായത്തിൽ പരാമർശിച്ചത്. ബിജു ഉതുപ്പിന് 50000 രൂപ നഷ്ടപരിഹാരം നൽകുവാൻ കൽപ്പിച്ചതിനൊപ്പം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കരുതെന്ന പരാമർശവും വിധിന്യായത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ജസ്റ്റിൻ ജോണിന്റെയും വിജിമോളുടെയും വിവാഹം, കർമ്മം കൊട്ടോടി സെൻറ് ആൻഡ് ഇടവകാംഗമായി തുടരുവാൻ അദ്ദേഹത്തെ അനുവദിച്ചുകൊണ്ട് നടത്തുവാനും കോടതി ഉത്തരവായി.
ജസ്റ്റിസ് എസ്. ഈശ്വരന്റെ മാർച്ച് 23 വിധി കേരള കത്തോലിക്ക സഭാചരിത്രത്തിൽ ഉറപ്പായും ഇടം പിടിക്കും. കത്തോലിക്കാ സഭയുടെ അടിസ്ഥാന സ്വഭാവങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള ” ഏകവും പരിശുദ്ധവും സ്ലൈഹികവും സാർവത്രികവുമായ ” സഭ എന്ന സങ്കൽപ്പത്തിന് ലഭിച്ചൊരു സ്ഥിരീകരണം കൂടിയാണ് പ്രസ്തുത വിധി.
1979 – ൽ സ്ഥാപിതമായ ക്നാനായ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക, ക്നാനായേതര വിവാഹത്തിൽ ഏർപ്പെടുന്നവരെ ക്നാനായ മിഷനുകളിൽ നിന്ന് വിടുതൽ നൽകുകയും കൂദാശകൾ നിഷേധിക്കുകയും ചെയ്തുവരുന്ന നടപടി വത്തിക്കാനിലെ പൗരസ്ത്യ തിരു സംഘത്തിൻറെ ശ്രദ്ധയിൽ തുടർച്ചയായി കൊണ്ടുവന്നിട്ടുണ്ട്. 1986 – ൽ ഇന്ത്യൻ വംശജൻ കൂടിയായ പൗരസ്ത്യ തിരുസംഘ തലവൻ അന്തരിച്ച കാർഡിനൽ ലുർദ്ദ്സ്വാമി ചിക്കാഗോ അതിരൂപതയ്ക്ക് നൽകിയ ഒരു കൽപ്പനയിൽ ഇന്ത്യയിൽ നടന്നിരുന്ന ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും അമേരിക്കൻ ദേവാലയങ്ങളിലേക്കും കുടിയേറ്റാൻ അനുവദിക്കില്ലെന്നും, സ്വസമൂഹത്തിൽ നിന്നോ ഇതര സമൂഹത്തിൽ നിന്നോ ഉള്ള വിവാഹ പരിഗണന കൂടാതെ ക്നാനായ മാതാപിതാക്കൾക്ക് ജനിച്ച എല്ലാ വ്യക്തികൾക്കും അമേരിക്കയിലെ ക്നാനായ മിഷനുകളിൽ അംഗത്വം നൽകണമെന്നും ഉത്തരവിട്ടു. കോട്ടയം അതിരൂപതാധികൃതരുടെയും ഇന്ത്യയിലെയും അമേരിക്കയിലെയും ക്നാനായ സമുദായ സംഘടനകളുടെയും നിരന്തരമായ അപേക്ഷകളും സമ്മർദ്ദ തന്ത്രങ്ങളും തിരസ്കരിച്ചുകൊണ്ടും, 2001 – ൽ സ്ഥാപിതമായ ഷിക്കാഗോ സെൻറ് തോമസ് സിറോ മലബാർ രൂപതയുടെ മൗന അനുമതി അവഗണിച്ചുകൊണ്ടും, മാറിമാറി വന്ന പൗരസ്ത്യ തിരു സംഘ തലവന്മാർ 1986 ലെ ലുർദ്ദ്സ്വാമിയുടെ നിലപാട് ആവർത്തിച്ച് കൽപ്പനകൾ പുറപ്പെടുവിച്ചിട്ടുമുണ്ട്. ക്നാനായ പാരമ്പര്യങ്ങളെക്കുറിച്ചും സ്വവംശ വിവാഹ നിഷ്ഠയുടെ മാനദണ്ഡത്തിൽ ദേവാലയാംഗത്വം അനുവദിക്കുന്ന നടപടിയുടെ സാധുതയെക്കുറിച്ചും ആഴത്തിൽ പഠിക്കുവാൻ നിയോഗിച്ച കാനഡയിൽ നിന്നുള്ള ബിഷപ്പ് മുൾഹാൾ കമ്മീഷനും വത്തിക്കാന് സമർപ്പിച്ച റിപ്പോർട്ടിൽ കോട്ടയം രൂപതയുടെയും അമേരിക്കയിലെ ക്നാനായ മിഷനുകളുടെയും അക്രൈസ്തവ നിലപാടുകൾ പാടെ തള്ളിക്കളഞ്ഞു.
നിർബന്ധിത സ്വവംശ വിവാഹനിഷ്ഠയ്ക്ക് വിലക്കേർപ്പെടുത്തിയ കേരള ഹൈക്കോടതി വിധി കാനാ ഊഷ്മളമായി സ്വാഗതം ചെയ്തു. ജസ്റ്റിസ് ഈശ്വരൻ പുറപ്പെടുവിച്ച വിധിന്വായത്തിൽ നമ്മുടെ രക്ഷകനായ യേശു ക്രിസ്തുവിന്റെ കരസ്പർശം പതിഞ്ഞിട്ടുണ്ടെന്ന് കാനാ പ്രസിഡൻറ് അലക്സ് കാവുംപുറത്ത് അഭിപ്രായപ്പെട്ടു. ക്നാനായ സമുദായത്തിന് കേരളത്തിലും, വടക്കേ അമേരിക്കയിലും, യൂറോപ്പിലും പുതിയ രൂപതകൾ അനുവദിക്കപ്പെടുവാൻ കോടതിവിധി നടപ്പാകുന്നത് വഴി സാധ്യമാകുമെന്നും അദ്ദേഹം കരുതുന്നു. സിറോ മലബാർ സഭയിലെ വിവിധ രൂപതകൾക്കിടയിലും ക്നാനായ സമൂഹത്തിലും ഇതര സിറോ മലബാർ രൂപതാ സമൂഹങ്ങളിലും ഉൾപ്പെടുന്ന വിശ്വാസികൾക്കിടയിലും സ്നേഹവും, വിശ്വാസവും, സഹകരണവും, സഹവർത്തിത്വവും പ്രബലമാകുവാൻ കോടതിവിധി അംഗീകരിക്കുന്നത് വഴി നിമിത്തമാകുമെന്ന് കാനാ പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
ജോസ് കല്ലിടിക്കിൽ
പി. ആർ. ഓ. കാനാ
