പ്രൊഫഷണൽ ലൈസൻസുകൾ നേടുന്നതിനോ പുതുക്കുന്നതിനോ ഇമിഗ്രേഷൻ സ്റ്റാറ്റസ് തെളിയിക്കേണ്ട നിയമം പ്രാബല്യത്തിൽ വരുന്നു; ടെക്സസിൽ അനധികൃതമായി താമസിക്കുന്ന ആയിരക്കണക്കിന് പേരെ നേരിട്ട് ബാധിക്കും

ഡാളസ്: അമേരിക്കയിലെ ടെക്സസിൽ അനധികൃതമായി താമസിക്കുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടു പുതിയ നിയമം അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫഷണൽ ലൈസൻസുകൾ നേടുന്നതിനോ പുതുക്കുന്നതിനോ നിയമപരമായ ഇമിഗ്രേഷൻ സ്റ്റാറ്റസ് തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കിക്കൊണ്ട് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ലൈസൻസിങ് ആൻ്റ് റെഗുലേഷൻ (TDLR) പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് ടെക്സസിൽ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ടെക്സസിൽ സോഷ്യൽ സെക്യൂരിറ്റി നമ്പരില്ലാതെ ജോലിയെടുക്കുന്നവർക്ക് ഇനിമുതൽ തൊഴിൽ ചെയ്യുന്നതിനുള്ള ലൈസൻസ് നൽകുകയോ പുതുക്കി നൽകുകയോ ചെയ്യേണ്ടെന്നാണ് തീരുമാനം. ഈ നിയമം മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ടെക്സസ് ട്രിബ്യൂൺ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം കോസ്മെറ്റോളജിസ്റ്റുകൾ, ഇലക്ട്രീഷ്യൻമാർ, എയർ കണ്ടീഷനിങ് ടെക്നീഷ്യൻമാർ തുടങ്ങി നിരവധി മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇനിമുതൽ തങ്ങൾ അമേരിക്കയിൽ നിയമപരമായി താമസിക്കുന്നവരാണെന്ന് തെളിയിക്കേണ്ടി വരും. ഇലക്ട്രീഷ്യൻമാർ മുതൽ ഡോഗ് ബ്രീഡർമാർ വരെ നീളുന്ന മുപ്പതോളം വ്യത്യസ്ത തൊഴിൽ മേഖലകളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

1996ലെ ഫെഡറൽ നിയമം അനുസരിച്ച് രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് സംസ്ഥാനം നൽകുന്ന ആനുകൂല്യങ്ങൾ നിഷേധിക്കാമെന്ന വാദമാണ് ഈ പുതിയ നീക്കത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ ടെക്സസിലുള്ള ഏകദേശം 1.7 ദശലക്ഷം പേർ അനുമതി ഇല്ലാതെ നിർമാണം, ഹോസ്പിറ്റാലിറ്റി അടക്കം വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിലെ വലിയൊരു വിഭാഗം നിർമാണം, സേവനം തുടങ്ങിയ മേഖലകളിൽ പ്രൊഫഷണൽ ലൈസൻസുകളോടെയാണ് ജോലി ചെയ്യുന്നത്.

പുതിയ നിയമം വരുന്നതോടെ ലൈസൻസ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകുകയും ഇത് ഇവരുടെ ഉപജീവനമാർഗത്തെ പൂർണമായും ഇല്ലാതാക്കുകയും ചെയ്യും. ലൈസൻസ് ഇല്ലാതെ ജോലി ചെയ്യുന്നത് നിയമവിരുദ്ധമായതിനാൽ പലർക്കും തങ്ങളുടെ തൊഴിൽ ഉപേക്ഷിക്കേണ്ടി വരികയോ അല്ലെങ്കിൽ നിയമവിരുദ്ധമായ രീതിയിൽ ജോലി തുടരേണ്ടി വരികയോ ചെയ്യുന്ന സാഹചര്യം സംജാതമാകും.

സാമ്പത്തിക വിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ നിയമം നടപ്പിലാക്കുന്നതിലൂടെ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ വലിയൊരു കുറവ് സംസ്ഥാനത്തുണ്ടാകുമെന്നും ഇത് സേവനങ്ങളുടെ വില വർധിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്കും കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മെയ് ഒന്നിന് ശേഷം ലൈസൻസ് അപേക്ഷകർ തങ്ങളുടെ പാസ്‌പോർട്ടോ വർക്ക് പെർമിറ്റോ മറ്റ് അംഗീകൃത രേഖകളോ ഹാജരാക്കേണ്ടി വരും.

Leave a Comment

More News