കേരള നിയമ സഭാ തിരഞ്ഞെടുപ്പ്: നിയമ സഭ പിടിച്ചെടുക്കാൻ മുന്നണികളുടെ 47 വനിതകള്‍ കളത്തിലിറങ്ങുന്നു

തിരുവനന്തപുരം: ഇത്തവണ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ 47 സ്ത്രീകളാണ് ജനവിധി തേടുന്നത്. എല്ലാ പ്രധാന മുന്നണികളും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമിക്കുമ്പോൾ, മൊത്തം സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ സ്ത്രീകളുടെ ശതമാനം ഇപ്പോഴും കുറവാണെന്ന വിമർശനവും ഉയരുന്നുണ്ട്. എൽഡിഎഫാണ് ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികളെ നിർത്തുന്നത്. എൽഡിഎഫ് (18), എൻഡിഎ (17), യുഡിഎഫ് (12) എന്നിങ്ങനെയാന് മുന്നണി തിരിച്ചുള്ള കണക്കുകള്‍.

പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലമാണ് ഇത്തവണ ശ്രദ്ധാകേന്ദ്രം. മൂന്ന് പ്രധാന മുന്നണികളും ഇവിടെ സ്ത്രീകളെയാണ് രംഗത്തിറക്കുന്നത്. എൽഡിഎഫിനായി സിറ്റിംഗ് എംഎൽഎ കെ. ശാന്തകുമാരി, യുഡിഎഫിനായി കെപിസിസി ജനറൽ സെക്രട്ടറി കെ.എ. തുളസി, എൻഡിഎയ്ക്കായി ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എന്നിവർ നേർക്കുനേർ പോരാടുന്നു.

​മന്ത്രിമാരായ വീണ ജോർജ്, ഡോ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി എന്നിവർ ജനവിധി തേടുമ്പോള്‍, ഉമ തോമസ്, കെ.കെ. രമ തുടങ്ങിയവര്‍ പ്രതിപക്ഷത്ത് നിന്ന് മത്സരിക്കുന്നുണ്ട്. ശോഭ സുരേന്ദ്രൻ, പത്മജ വേണുഗോപാൽ, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖ എന്നിവര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നു.

​ഇത്തവണയും സ്ത്രീകൾക്ക് പേരിന് മാത്രമേ സീറ്റ് നൽകിയിട്ടുള്ളൂവെന്ന് വിവിധ കോണുകളിൽ നിന്ന് ആരോപണമുണ്ട്. വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിലും പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലും നിരവധി സ്ത്രീകൾക്ക് സീറ്റ് നൽകിയിട്ടുണ്ടെന്നാണ് ആരോപണം.

​പേരാവൂർ: മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന മണ്ഡലമാണ് പേരാവൂര്‍. അതുപോലെ, എല്‍ ഡി എഫ് കോട്ടയായ എലത്തൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് വിദ്യ ബാലകൃഷ്ണനാണ്.

രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും മുന്നണികളുടെ ശക്തികേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് അവസരം നൽകുന്നതിൽ പിന്നിലാണെന്ന ചർച്ചകൾക്കും ഈ തിരഞ്ഞെടുപ്പ് തുടക്കമിട്ടിട്ടുണ്ടെങ്കിലും, ഈ 47 വനിതാ പോരാളികൾ അവരുടെ രാഷ്ട്രീയ ശക്തി ഒട്ടും നഷ്ടപ്പെടാതെ മണ്ഡലങ്ങളിൽ സജീവമാണ്.

Leave a Comment

More News