സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

ടെക്സാസ് :കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത ഷൺമുഖസുന്ദരത്തിന്റെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ഫണ്ട് വരുന്നു. സവിതയുടെ കുടുംബവും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന ഈ സംരംഭത്തിന് ടെക്സസ് സർവകലാശാല പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് ഈ എൻഡോവ്‌മെന്റിന്റെ ലക്ഷ്യം. സവിതയുടെ വിദ്യാഭ്യാസത്തോടുള്ള താൽപ്പര്യവും സേവനമനോഭാവവും മുൻനിർത്തിയാണ് ഇത് രൂപീകരിച്ചിരിക്കുന്നത്.

5 ലക്ഷം ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് തുല്യമായ തുക യൂണിവേഴ്സിറ്റി കൂടി നൽകുന്നതോടെ 10 ലക്ഷം ഡോളറിന്റെ (1 മില്യൺ) വലിയൊരു നിധി രൂപപ്പെടും. ഇത് പ്രതിവർഷം 8 മുതൽ 10 വരെ വിദ്യാർത്ഥികൾക്ക് സഹായകരമാകും.

യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ ബിസിനസ് സ്കൂളിൽ സീനിയർ വിദ്യാർത്ഥിനിയായിരുന്നു 21-കാരിയായ സവിത. ഇന്ത്യൻ സ്റ്റുഡന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് ബോർഡ് അംഗമായും സവിത പ്രവർത്തിച്ചിരുന്നു.

മാർച്ച് 1-ന് ഓസ്റ്റിനിലെ സിക്സ്ത് സ്ട്രീറ്റിലുണ്ടായ വെടിവെപ്പിലാണ് സവിത കൊല്ലപ്പെട്ടത്. സംഭവത്തിൽ സവിതയുൾപ്പെടെ മൂന്ന് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സവിതയുടെ ഓർമ്മകൾ നിലനിർത്താനും ഭാവി തലമുറയ്ക്ക് പഠനത്തിനുള്ള വഴി തുറക്കാനും ഈ സ്കോളർഷിപ്പ് ഉപകരിക്കുമെന്ന് സർവകലാശാല അധികൃതരും കുടുംബവും പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Comment

More News