അദ്ധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം കേരളത്തിന് അപമാനം: വി ഡി സതീശന്‍

തിരുവനന്തപുരം: കടുത്ത ജാതി അധിക്ഷേപത്തെ തുടർന്ന് നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. നിതിൻ രാജിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ധ്യാപകര്‍ ജാതീയമായി അധിക്ഷേപിക്കപ്പെട്ടതിനെ തുടർന്ന് അനുഭവിച്ച അപമാനം മൂലമാണ് ആ കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത്. ഇത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളെയും തകർത്തു. സ്വന്തമായി ഒരു വീട് പോലുമില്ലാതെ എല്ലാം നഷ്ടപ്പെടുത്തി വിദ്യാഭ്യാസം നൽകിയ മകന്റെ മൃതദേഹം ഏറ്റുവാങ്ങേണ്ടി വന്ന കുടുംബത്തിന്റെ ദുരവസ്ഥയിൽ കേരളം ലജ്ജിച്ചു തല കുനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാതി അധിക്ഷേപം വർദ്ധിക്കുന്നത് തടയാൻ കർശനമായ നിയമങ്ങൾ അനിവാര്യമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാതി അടിസ്ഥാനമാക്കിയുള്ള പീഡനങ്ങൾ വർദ്ധിക്കുന്നത് തടയാൻ കർശന നിയമങ്ങൾ അനിവാര്യമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ‘രോഹിത് വെമുല’ എന്ന പേരിൽ ഒരു പ്രത്യേക നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് പ്രകടന പത്രികയിൽ ഉറപ്പു നൽകിയിട്ടുണ്ട്. പഠനകാലത്ത് കുട്ടികൾക്ക് ലഭിക്കുന്ന ഇ-ഗ്രാന്റ് ഒരു ഔദാര്യമല്ല, മറിച്ച് നൂറ്റാണ്ടുകളായി അരികുവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന് ഭരണഘടന നൽകുന്ന അവകാശമാണ്. ഇത് ലഭിക്കാത്തതിന് പോലും കുട്ടികളെ പരിഹസിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിദ്ധാർത്ഥ്, നിതിൻ രാജ് എന്നിവരുടെ കേസുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സർക്കാരിന്റെ നിലപാടിനെയും വിമർശിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ കേസിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വിദ്യാർത്ഥികൾക്ക് വഴികാട്ടികളാകേണ്ട അദ്ധ്യാപകർ ജാതി അടിസ്ഥാനമാക്കിയുള്ള പീഡകരാകുന്നത് ക്രൂരമാണ്. അത്തരക്കാർക്ക് അദ്ധ്യാപകരായി തുടരാൻ അവകാശമില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ മുൻവിധികളില്ലാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Comment

More News