ഗൾഫ് മേഖലയിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം: പ്രവാസി വെല്‍ഫെയര്‍

പ്രവാസി വെല്‍ഫെയര്‍ നേതൃസംഗമം സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഖത്തര്‍: ഗൾഫ് മേഖലയിലെ സമകാലിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും വേനലവധിക്കാലം കൂടി ആസന്നമായിരിക്കെ വിമാനക്കമ്പനികൾ നടത്തുന്ന അന്യായമായ യാത്രാനിരക്ക് വർദ്ധനവ് പ്രവാസി സമൂഹത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും യാത്രാക്ലേശം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ നേതൃസംഗമം ആവശ്യപ്പെട്ടു.

വിമാനക്കമ്പനികൾ നടത്തുന്ന ഇത്തരം നിരക്ക് വർദ്ധനവ്, നീണ്ട കാലത്തെ പ്രവാസത്തിന് ശേഷം കുടുംബങ്ങളുമായി ഒന്നിക്കാനായി നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന പ്രവാസികളുടെ അവകാശങ്ങൾക്കും സാമൂഹിക നൈതിക താൽപര്യങ്ങൾക്കും വിരുദ്ധമാണ്. പ്രവാസികളുടെ ജീവിതം തന്നെ ത്യാഗപൂർണ്ണമായ സാഹചര്യങ്ങളിലാണിപ്പോൾ . അതിനാൽ അവരുടെ യാത്രാവകാശം ചൂഷണത്തിനിരയാകുന്നത് അംഗീകരിക്കാനാവില്ല. കൂടാതെ പല വിമാനക്കമ്പനികളും റദ്ദ് ചെയ്ത സർവീസുകൾക്ക് പകരം നൽകിയ വൗച്ചറും റീഫണ്ടും കാലതാമസം കൂടാതെ നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം.

പ്രവാസികളുടെ ജീവിതം കൂടുതൽ സുരക്ഷിതവും സമാധാന പൂർണ്ണവുമായിരിക്കണമെങ്കിൽ, അവരുടെ യാത്രാവകാശം സംരക്ഷിക്കപ്പെടണം. വിമാനക്കമ്പനികളുടെ അന്യായമായ നിരക്ക് വർദ്ധനവ് അവസാനിപ്പിക്കപ്പെടുകയും, സമത്വവും നീതിയും ഉറപ്പാക്കുന്ന യാത്രാനിരക്ക് സംവിധാനം നടപ്പാക്കുകയും വേണം.അതുകൊണ്ട് തന്നെ എക്കാലത്തും വിമാന യാത്രക്കാർ ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ ശക്തമായ നിയന്ത്രണങ്ങൾ കേന്ദ്രം കൊണ്ട് വരണം. ഇതിനായി സമ്മർദ്ദം ചെലുത്തി, ശുപാർശകൾ നൽകി, പ്രവാസികളുടെ പ്രശ്നം ഉയർത്തി കേന്ദ്രത്തെ നടപടി സ്വീകരിക്കാൻ പ്രേരിപ്പിക്കാനുള്ള രാഷ്‌ടിയ ബാധ്യത കേരള സർക്കാരിനുണ്ടെന്നും നേതൃസംഗമത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഹമ്മദ് ഷാഫി പുതിയ പ്രവര്‍ത്തനകാലയളവിലേക്കുള്ള നയപരിപാടികള്‍ അവതരിപ്പിച്ചു. വിവിധ തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കുള്ള പരിശീലന പരിപാടിക്ക് വൈസ് പ്രസിഡണ്ട് അനീസ് മാള, അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ സി സ്വാഗതം പറഞ്ഞു. സെക്രട്ടറി നിഹാസ് എറിയാട്, നടുമുറ്റം പ്രസിഡണ്ട് സന നസീം തുടങ്ങിയവര്‍ സംസാരിച്ചു.

VIDEO LINK – https://we.tl/t-P3sykdShLky8PVhd

Leave a Comment

More News