ഡാളസ്: ബിസിനസ്സ് എന്നാൽ നിർമ്മാണവും എണ്ണയുമാണെന്ന് കരുതിയിരുന്ന കാലത്ത് അറിവ് എന്ന സേവനത്തെ ഒരു ആഗോള ബിസിനസ്സ് മോഡലായി മാറ്റിയ ഒരു ചരിത്ര പരുഷനെ പരിചയപെടുത്തട്ടെ. ഗൾഫുകാർ എന്നെന്നും മനസ്സുകളിൽ സൂക്ഷിക്കുന്ന ഒരു പേര് സണ്ണി വർക്കി.അറിവിന്റെ വഴികാട്ടികളയി ദുബായിൽ എത്തിയ പ്രവാസി മലയാളി കുടുംബം. ഇന്ന് ലോക ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം ഉറപ്പിച്ചു.ലോകരുടെ ഇടയിൽ റാന്നിക്കാർക്കു അഭിമാനമായി മാറി സണ്ണി വർക്കി.
കേരളത്തിലെ പത്തനംതിട്ട റാന്നിയിൽ 1957 ഏപ്രിൽ 9-നാണ് സണ്ണി വർക്കി ജനിച്ചത്.കെ.എസ്. വർക്കിയുടെയും മറിയാമ്മ വർക്കിയുടെയും മകനായി കാച്ചണത്തു വീട്ടിലായിരുന്നു ജനനം.
1959 ല്‍ കുടുംബം ദുബായിലേയ്ക്ക് പറന്നു. തുടര്‍ന്ന് 1968 ല്‍ ഔര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ സ്ഥാപിച്ചു. യുകെയില്‍ എ-ലെവല്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ദുബായിലെ ഇന്‍ഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യന്‍ ബോയ്സ് സ്‌കൂളിലും, സെന്റ് മേരീസ് കാത്തലിക് ഹൈസ്‌കൂളിലും പഠിച്ചു. കുട്ടികാലത്തെ വിദ്യാഭ്യാസം കേരളത്തിൽ ആയിരുന്നു. തന്റെ 11-ാം വയസില്‍ പണം സമ്പാദിക്കുന്നതിനു വേണ്ടി റോഡ് സൈഡിൽ കച്ചവടം നടത്തിയ ഒരു കുട്ടിക്കാലം സണ്ണി വര്‍ക്കിക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംരംഭക യാത്രയുടെ തുടക്കം കൂടിയായിരുന്നു ഇത്.
ദുബായിൽ ആരംഭിച്ച ഒരു ചെറിയ സ്കൂളിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ശൃംഖലയായ ‘ജെംസ് എഡ്യൂക്കേഷൻ’ (GEMS Education) ആയി മാറ്റിയെടുത്തു. പഠനശേഷം സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിലാണ് സണ്ണി തന്റെ കരിയര്‍ ആരംഭിച്ചത്. ശേഷം വ്യാപാരം, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്കെയര്‍ മേഖലകളില്‍ കൈവച്ചു.
2000-ല്‍ അദ്ദേഹം തന്റെ കുടുംബത്തിന്റെ വിദ്യാഭ്യാസ സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനായി ഗ്ലോബല്‍ എജ്യുക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റംസ് (GEMS) സ്ഥാപിച്ചു. ഇന്ന് സിബിഎസ്ഇ, ഐസിഎസ്ഇ, ഐബി, ബ്രിട്ടീഷ്, അമേരിക്കന്‍ പ്രോഗ്രാമുകള്‍ ഉള്‍പ്പെടെ ഒന്നിലധികം പാഠ്യപദ്ധതികള്‍ വാഗ്ദാനം ചെയ്യുന്ന പ്രമുഖരാണ് ജെംസ് നെറ്റ്‌വർക്ക്.
സണ്ണി വര്‍ക്കിയാണ് ഇന്ന് ശൃംഖലയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍. മൂത്ത മകന്‍ ഡിനോ വര്‍ക്കി സിഇഒയും, ഇളയ മകന്‍ ജയ് വര്‍ക്കി എക്സിക്യൂട്ടീവ് ഡയറക്ടറും, ബോര്‍ഡ് അംഗവുമാണ്.
2003 ലാണ് GEMS ആഗോളതലത്തില്‍ വികസിപ്പിച്ചത്. ഇംഗ്ലണ്ടിലായിരുന്നു അതിന്റെ ആദ്യത്തെ സ്‌കൂള്‍ തുറന്നത്. 2004 -ല്‍ ഇന്ത്യയിലെത്തി.
വിദേശ രാജ്യങ്ങളിൽ ബിസിനസ്സ് എന്നാൽ നിർമ്മാണവും എണ്ണയുമാണെന്ന് കരുതിയിരുന്ന കാലത്ത്, ‘വിദ്യാഭ്യാസം’ എന്ന സേവനത്തെ ഒരു ആഗോള ബിസിനസ്സ് മോഡലായി മാറ്റിയതാണ് സണ്ണി വർക്കിയുടെ ഏറ്റവും വലിയ വിജയം. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യവും സംരംഭകത്വ ബുദ്ധിയും ചേർന്നപ്പോൾ അത് ലോകത്തെ 14-ലധികം രാജ്യങ്ങളിൽ പടർന്നു പന്തലിച്ച വിദ്യാലയങ്ങളുടെ വലിയൊരു ശൃംഖലയായി മാറി.
സണ്ണി വർക്കിയുടെ ശൈലി കേവലം കെട്ടിടങ്ങൾ പണിയുന്നതിലല്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിലാണ്. സാധാരണക്കാർ മുതൽ ലോകത്തിലെ അതിസമ്പന്നർക്ക് വരെ താങ്ങാനാവുന്ന വിവിധ തലങ്ങളിലുള്ള സ്കൂളുകൾ അദ്ദേഹം നിർമ്മിച്ചു. ബിസിനസ്സിൽ ലാഭം നേടുമ്പോഴും സാമൂഹിക പ്രതിബദ്ധത മറക്കാത്ത അദ്ദേഹം സ്ഥാപിച്ച ‘വർക്കി ഫൗണ്ടേഷൻ ആഗോളതലത്തിൽ അധ്യാപകരുടെ അന്തസ്സ് ഉയർത്തുന്നതിനായി വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകന് നൽകുന്ന ‘ഗ്ലോബൽ ടീച്ചർ പത്ത് ലക്ഷം ഡോളറിന്റെ പുരസ്കാരം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. വിദ്യാഭ്യാസത്തെ ഒരു ലാഭകരമായ വ്യവസായമാക്കി മാറ്റിയതിനൊപ്പം തന്നെ, അത് സമൂഹത്തിന്റെ നട്ടെല്ലായി നിലനിർത്താനും അദ്ദേഹം ശ്രമിച്ചു.
ബിൽ ഗേറ്റ്സിനെയും വാറൻ ബഫറ്റിനെയും പോലുള്ള ലോക സമ്പന്നർക്കൊപ്പം തന്റെ സമ്പത്തിന്റെ പകുതിയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്ന ‘ദി ഗിവിംഗ് പ്ലെഡ്ജിൽ ഒപ്പിട്ട ആദ്യത്തെ മലയാളി കൂടിയാണ് അദ്ദേഹം. പാരമ്പര്യമായി ലഭിച്ച അറിവിനെ ഒരു ആഗോള ബ്രാൻഡാക്കി മാറ്റിയ സണ്ണി വർക്കി, തന്റെ വേരുകൾ മറക്കാത്ത ലോക പൗരനാണ്. വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് ഭാരത സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ഒരു സംരംഭകൻ എന്നതിലുപരി, വരുംതലമുറയുടെ ശില്പി എന്ന നിലയിലാണ് സണ്ണി വർക്കി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത്. ബിസിനസ്സ് നേതൃത്വത്തെക്കുറിച്ചും സാങ്കേതികവിദ്യയുടെ വളർച്ചയെക്കുറിച്ചും അറിയാൻ താല്പര്യമുള്ള നിങ്ങൾക്കായി, ഒരു മലയാളിക്ക് എങ്ങനെ ആഗോളതലത്തിൽ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സണ്ണി.
ആഗോള തലത്തിൽ അറിവിന്റെ മേഖലയെ കഠിന പരിശ്രമത്തിലൂടെ വളർത്തിയെടുക്കുകയും, സമ്പത്തിന്റെ ഓഹരി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി മാറ്റി വയ്ക്കുകയും ചെയ്‌ത് ലോക പ്രസിദ്ധി നേടിയെടുത്തുകൊണ്ടിരിക്കുന്ന സണ്ണി വർക്കിക്ക് തുടന്നുള്ള കർമ്മ പദ്ധതികൾക്ക് എല്ലാവിധ ആശംസകൾ നേരുന്നു.


