ഹ്യൂസ്റ്റൻ: മലയാള സാഹിത്യ ചരിത്രകാരനും, പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സംഘാടകനുമായ ജോർജ് മണ്ണിക്കരോട്ട് ഹ്യൂസ്റ്റനിൽ അന്തരിച്ചു. ജൂൺ 6 ശനിയാഴ്ച വൈകീട്ട് 7.55-നായിരുന്നു അന്ത്യം. കുറച്ചു നാളുകളായി വിവിധ രോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. അദ്ദേഹത്തിൻറെ സഹധർമ്മിണി ഏലിയാമ്മ കുറച്ചു വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു.
ബൃഹത്തായ അമേരിക്കൻ മലയാള സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തിനു പുറമേ, നോവൽ, ചെറുകഥ, ലേഖന സമാഹാരം എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റന്റെ പ്രസിഡന്റ് പദവിയും അലങ്കരിച്ചിട്ടുണ്ട്.
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഭാരവാഹികളും പ്രവർത്തകരും, ‘കേരള ലിറ്റററി ഫോം യുഎസ്എ’ പ്രവർത്തകരും അദ്ദേഹത്തിൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
കൂടുതൽ വിവരങ്ങൾ പിന്നീട്.
