ദോഹ (ഖത്തര്‍): കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും സാമൂഹിക പുരോഗതിയിലും നിർണായക പങ്കുവഹിച്ചുവരുന്ന പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷകൾ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ മതിയായ രീതിയിൽ പ്രതിഫലിച്ചിട്ടില്ലെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (CIC) അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ വികസന യാത്രയിൽ പ്രവാസി മലയാളികളുടെ സംഭാവന അതുല്യമായിരിക്കെ, അവരുടെ ക്ഷേമം, പുനരധിവാസം, നിക്ഷേപ പ്രോത്സാഹനം, തൊഴിൽ പിന്തുണ, സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തവും ഫലപ്രദവുമായ പുതിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം നേടുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. പ്രവാസി വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായിരിക്കെ പ്രത്യേകിച്ചും.
വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ ഇന്നും തൊഴിൽ അനിശ്ചിതത്വം, സാമ്പത്തിക സുരക്ഷ, ആരോഗ്യ പരിരക്ഷ, മടങ്ങിയെത്തുന്ന പ്രവാസികൾക്കായുള്ള പുനരധിവാസവും സംരംഭകത്വ സഹായവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ, ഇത്തരം വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടായിരുന്നു.
പ്രവാസികൾ വെറും വിദേശ നാണ്യ വരുമാനത്തിന്റെ ഉറവിടമല്ല; കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന്റെ ശക്തമായ പങ്കാളികളാണ്. അതിനാൽ വരാനിരിക്കുന്ന നയപരമായ ഇടപെടലുകളിലും അനുബന്ധ പ്രഖ്യാപനങ്ങളിലും പ്രവാസി സമൂഹത്തിന്റെ ക്ഷേമവും പങ്കാളിത്തവും മുൻഗണനാപൂർവ്വം പരിഗണിക്കണമെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഈ സാഹചര്യത്തിൽ പ്രവാസി ക്ഷേമത്തിനായി കൂടുതൽ സമഗ്രവും ഫലപ്രദവുമായ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി .ഐ.സി പ്രസിഡന്റ് ആർ. എസ്. അബ്ദുൽ ജലീൽ പ്രസ്താവനയിൽ അറിയിച്ചു.
.
