മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രവാസികളെ പാടേ അവഗണിച്ചിരിക്കുകയാണെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.
വി.ഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് വലിയ പ്രതീക്ഷയോടെയായിരുന്നു പ്രവാസികൾ കാത്തിരുന്നത്. പ്രവാസി കാര്യവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ഒരു പുതിയ പ്രഖ്യാപനങ്ങളും പ്രവാസികൾക്ക് വേണ്ടി ഉണ്ടായില്ല. ദീർഘനാളായി ആവശ്യപ്പെടുന്ന പ്രവാസി ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിക്കൽ, പദ്ധതികൾ കൂടുതൽ ആകർഷണീയമാക്കാനുള്ള പാക്കേജുകൾ, പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മടങ്ങിയെത്തുന്നവർക്കുള്ള പുനരധിവാസ പാക്കേജ് തുടങ്ങിയവയൊന്നും പരിഗണനക്ക് വന്നില്ല. ഇത് അദ്ദേഹം തെരഞ്ഞെടുപ്പിനു മുമ്പ് ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ പങ്കുവെച്ച പ്രവാസികളെ സംബന്ധിച്ച വലിയ സ്വപ്നങ്ങൾക്കൊക്കെ എതിരാണ്. പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കുമെന്ന പരാമർശമല്ലാതെ പുതിയ സർക്കാർ വിഭാവനം ചെയ്യുന്ന പുതുയുഗ കേരളത്തിൽ പ്രവാസികൾക്ക് ഒരു ഇടവുമില്ലെന്ന് അടിവരയിടുന്ന സമീപനമാണ് ബജറ്റിലൂടെ മനസ്സിലാക്കാൻ കഴിയുന്നതെന്നും പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി പറഞ്ഞു.
