കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം

കുവൈറ്റ്: തുടർച്ചയായ രണ്ടാം ദിവസവും യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ തിരിച്ചടിച്ചു. കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. തങ്ങളുടെ നാവികസേനയും വ്യോമസേനയും സംയുക്തമായി കുവൈറ്റിലെ അരിഫ്ജാൻ, അലി അൽ സലേം വ്യോമതാവളങ്ങളെയും ബഹ്‌റൈനിലെ ജുഫൈറിലെയും ഷെയ്ഖ് ഇസയിലെയും യുഎസ് താവളങ്ങളെയും ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

യുഎസ് ആക്രമണത്തിനുള്ള മറുപടിയായിട്ടാണ് ഇറാൻ ഇതിനെ വിശേഷിപ്പിച്ചത്. തെക്കൻ ഇറാനിലെ തീരപ്രദേശങ്ങൾ ആക്രമിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ അമേരിക്ക ലംഘിച്ചുവെന്ന് ഇറാൻ ആരോപിക്കുന്നു. യുഎസ് ആക്രമണം തുടർന്നാൽ, പശ്ചിമേഷ്യയിലുടനീളമുള്ള (മധ്യേഷ്യ) മറ്റ് യുഎസ് താവളങ്ങളും ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിൽ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ബന്ദർ അബ്ബാസ്, ചബഹാർ, ജാസ്ക്, അബു മൂസ ദ്വീപ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഇറാനിയൻ ലക്ഷ്യങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും യുഎസ് ആക്രമണം നടത്തിയത്.

ഈ ആക്രമണങ്ങളെത്തുടർന്ന്, മുഴുവൻ ഗൾഫ് മേഖലയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലെ സുരക്ഷാ സേനകൾ പൂർണ്ണ ജാഗ്രതയിലാണ്. ബഹ്‌റൈനിലും ഖത്തറിലും വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള്‍ വീടിനുള്ളിൽ തന്നെ തുടരാനും ജനാലകളിൽ നിന്ന് അകന്നു നിൽക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിരവധി ഡ്രോണുകളും മിസൈലുകളും ആകാശത്ത് വെച്ച് വെടിവച്ചിട്ടതായി കുവൈറ്റ് അവകാശപ്പെട്ടു.

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇറാൻ “കുറ്റവാളിയും കൊലപാതകിയും” എന്നാണ് വിശേഷിപ്പിച്ചത്. ഏകപക്ഷീയമായ ആക്രമണം നടത്തി ട്രം‌പ് കരാർ ലംഘിച്ചുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ഇറാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

More News