പന്ത്രണ്ടിന്‍റെ ഓര്‍മ്മകള്‍.. ഇന്ന് ജൂലൈ പന്ത്രണ്ട്, ഞായറാഴ്ച, പതിവുപോലെ രാവിലത്തെ ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ ഞാന്‍ എന്‍റെ ഇടവകയായ കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ കാത്തോലിക്കാ ദേവാലയത്തിലെത്തി. ഞായറാഴ്ച പതിവുപോലെ മൂന്ന് തിരുവചന വായനകളുണ്ടായിരുന്നു. ആദ്യ വായന ജോഷ്വായുടെ പുസ്തകം 4ാം അദ്ധ്യായം ഒന്ന് മുതന്‍ പതിനൊന്ന് വരെയായിരുന്നു. അതില്‍ കര്‍ത്താവ് ജോഷ്വയോട്, ഇസ്രയേലിന്‍റെ പന്ത്രണ്ട് ഗോത്രങ്ങളില്‍ നിന്ന് പന്ത്രണ്ട് പേരെ തിരഞ്ഞെടുക്കുവാനും ജോര്‍ദ്ദാന്‍ നദിയില്‍ നിന്ന് പന്ത്രണ്ട് കല്ലുകള്‍ എടുത്ത് സ്മാരകമായി സ്ഥാപിക്കാനും കല്പിക്കുന്നു. ഈ ചെറിയ ഭാഗത്ത്തന്നെ ‘പന്ത്രണ്ട്’ എന്ന സംഖ്യ അഞ്ച് പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്നു.
രണ്ടാമത്തെ വായന വെളിപാട് 21: 9 21 ആയിരുന്നു. പുതിയ ജറുശലേമിനെ കുറിച്ചുള്ള ഈ ഭാഗത്തും പന്ത്രണ്ട് കവാടങ്ങള്‍, പന്ത്രണ്ട് മാലാഖമാര്‍, പന്ത്രണ്ട് അടിത്തറകള്‍, തുടങ്ങി ‘പന്ത്രണ്ട്’ എന്ന സംഖ്യ പലവട്ടം പരാമര്‍ശിക്കപ്പെടുന്നു.
തുടര്‍ന്ന്സുവിശേഷ വായന മത്തായി 10: 1 15 ല്‍ നിന്നായിരുന്നു. ‘അവന്‍ തന്‍റെ പന്ത്രണ്ട് ശിഷ്യന്മാരെവിളിച്ച്’ എന്ന വാക്യത്തോടെയാണ്അത്ആരംഭിക്കുന്നത്ഇവിടേയും പന്ത്രണ്ട് എന്ന സംഖ്യ വീണ്ടും വീണ്ടും കടന്നു വരുന്നു.
ബൈബിളില്‍ പല ഭാഗങ്ങളിലായി ‘പന്ത്രണ്ട്’ എന്ന സംഖ്യക്ക് പ്രത്യക പ്രാധാന്യം നല്‍കിയിരിക്കുന്നതായി കാണാം. എന്നാല്‍ ഈ ലേഖനത്തില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത് ഇന്നത്തെ ദിവസത്തെ (ജൂലൈ 12, 2026 ) തിരുവചന വായനയെ മാത്രംആസ്പദമാക്കിയാണ്.
മൂന്നു വായനകളിലുമായി ‘പന്ത്രണ്ട്’ എന്ന സംഖ്യ ഇത്രയേറെ പ്രാവശ്യം കേട്ടപ്പോള്‍, അറിയാതെ ഞാന്‍ ഇന്നത്തെ തീയതി നോക്കി.. ജൂലൈ12. അതൊടൊപ്പം വര്‍ഷങ്ങള്‍ പിന്നിലേക്ക്എന്‍റെ മനസ്സ്സഞ്ചരിച്ചു. എന്‍റെ വിവാഹ ദിനവും ജൂണ്‍ പന്ത്രണ്ട് ആയിരുന്നു.
ഇതെല്ലാം വെറും യാദ്യശ്ചികതയായിരിക്കാം. എങ്കിലും ചില യാദ്യശ്ചികങ്ങള്‍ നമ്മെ ഒരു നിമിഷം നിര്‍ത്തി ജീവിതത്തെ കുറിച്ചും ദൈവത്തിന്‍റെ പരിപാലനത്തെ കുറിച്ചും ചിന്തിപ്പിക്കും. ഇന്നെനിക്ക്അങ്ങിനെ ഒരു അനുഭവമായിരുന്നു.
നിങ്ങളുടെ ജീവിതത്തിലും ഇങ്ങിനെ പ്രത്യേക ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു തീയതിയോ ഒരു സംഖ്യയോഉണ്ടാകാം. അവ വെറും അക്കങ്ങള്‍ മാത്രമല്ല ചിലപ്പോള്‍ നന്ദിയുടേയും ഓര്‍മ്മകളുടേയും വിശ്വാസത്തിന്‍റേയും വാതിലുകള്‍ തുറക്കുന്ന നിമിഷങ്ങളായി മാറും.
ഈ ചിന്തകള്‍ കുറിച്ചുവയ്ക്കുന്നതും ഇന്ന്തന്നെ ജൂലൈ പന്ത്രണ്ട്. ഒരുപക്ഷെ ഇന്നത്തെ ദൈവവചനം എന്‍റെ മനസ്സില്‍ ഉണര്‍ത്തിയ ഒരു ചെറിയ ധ്യാനത്തിന്‍റെ ഫലമായിരിക്കാം ഈ ലേഖനം. എല്ലാവര്‍ക്കും ദൈവവ ചനത്തില്‍ അധിഷ്ഠിതമായ അനുഗ്രഹം നിറഞ്ഞ ഒരു പന്ത്രണ്ടിന്‍റെ ദിവസം ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു.
