സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ഭരണകൂട ഭീകരതയെക്കെതിരെ ജസ്റ്റിസ് & സോളിഡാരിറ്റി കോൺഫറൻസ് സംഘടിപ്പിച്ചു

എറണാകുളം: ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരിൽ രാജ്യത്ത് ന്യൂനപക്ഷങ്ങൾ നേരിടുന്ന കടുത്ത വേട്ടയാടലുകളെയും മനുഷ്യാവകാശ ലംഘനങ്ങളെയും തുറന്നുകാട്ടി, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ജസ്റ്റിസ് & സോളിഡാരിറ്റി കോൺഫറൻസ് സംഘടിപ്പിച്ചു.

9/11ന് ശേഷം അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച വാർ ഓൺ ടെറർ പദ്ധതിയുടെ 25 വർഷം പൂർത്തിയാവുന്ന പശ്ചാത്തലത്തിലാണ് ലോകത്തിലും ഇന്ത്യയിലും മുസ്ലീം സമുദായത്തെ നേരിടുന്ന അന്യായമായ വേട്ടയാടലുകളെക്കുറിച്ചും, നീതിന്യായ വ്യവസ്ഥയില്‍ മുസ്ലിമിനെക്കുറിച്ചും മുൻവിധികളെക്കുറിച്ചുമുള്ള ആഴത്തിലുള്ള ചർച്ചകൾ സമ്മേളനത്തില്‍ സംഘടിപ്പിച്ചു.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി ആരിഫലി പരിപാടി ഉദ്ഘാടനം ചെയ്തു. ബാബരി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷം ശക്തിപ്പെട്ട ഹിന്ദുത്വ രാജ്യത്ത് സെക്യൂലറിസത്തിന്റെയും ജനാധിപത്യത്തിന്റെയും അടിത്തറയെ തന്നെ നശിപ്പിച്ചു. ഹിന്ദു മുസ്ലിം ദ്രവീകരണം സംഭവിച്ചു എന്നു മാത്രമല്ല അത് വംശഹത്യയ്ക്ക് വളമാക്കി ഉപയോഗിക്കുകയും ചെയ്യുന്നു. രാജ്യത്ത് ഏതെങ്കിലും സംഭവങ്ങൾ ഉണ്ടാകുമ്പോൾ തന്നെ അതിൽ മുസ്‌ലിം വിരുദ്ധ ആഖ്യാനങ്ങള്‍ ബോധപൂർവം തന്നെ രൂപപ്പെടുത്തുകയും ചെയ്യുന്നു. പിന്നെ മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്യുകയും, അവര്‍ വിചാരണ തടവുകാരായി രാജ്യത്തെ ജയിലുകളിൽ ദീർഘ കാലം കഴിയേണ്ടി വരികയും ചെയ്യുന്നു എന്നതാണ് നിലവിലെ സാഹചര്യം. ഇതിനെതിരെ ജാഗ്രതയോടെ നിൽക്കേണ്ട കാലമാണിതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ഹർഷ് മന്ദിർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഭീകരവാദക്കേസുകളിൽ പ്രതി ചേർക്കപ്പെടുകയും പിന്നീട് നിരപരാധികളാണെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കുകയും ചെയ്ത മുസ്ലീം യുവാക്കളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ നമ്മുടെ മുന്നിലുണ്ട്. 2000-നും 2026-നും ഇടയിൽ ഭീകരക്കുറ്റം ചുമത്തപ്പെട്ട 423 പേരെയാണ് കോടതി പിന്നീട് കുറ്റവിമുക്തരാക്കിയത്. ഇതിൽ 243 പേർ ദീർഘകാലം വിചാരണത്തടവുകാരായി ജയിലിൽ കഴിഞ്ഞവരാണ്. കുറ്റം ചുമത്തപ്പെടുന്നത് മുതൽ കേസിൽ നിന്നും പൂർണ്ണമായി വിമുക്തരാകാൻ ശരാശരി 16 വർഷത്തോളമെടുത്തെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വിചാരണക്കാലയളവിൽ ജയിലിൽ വെച്ചോ അല്ലാതെയോ മരണപ്പെട്ട നിരപരാധികളും നിരവധിയാണ്. എന്നാൽ, നിരപരാധികൾക്കെതിരെ വ്യാജ കേസുകൾ ചമച്ച ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ പോലും ഇതുവരെ നിയമനടപടികൾ സ്വീകരിച്ചിട്ടില്ലെന്നത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ വലിയ പോരായ്മയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വിലപ്പെട്ട യൗവനവും ജീവിതവുമാണ് ജയിലറകളിൽ ഇല്ലാതാകുന്നത്. ഇതിന് പുറമെ പ്രതി ചേർക്കപ്പെടുന്നവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന സാമൂഹിക ഒറ്റപ്പെടലും മാനഹാനിയും ദുരിതങ്ങളും കടുത്തതാണെന്ന് സമ്മേളനത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.

സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട് അദ്ധ്യക്ഷത വഹിച്ചു. മുംബൈ സ്ഫോടന കേസിൽ അന്യയമായി പ്രതി ചേർക്കപ്പെട്ട് വർഷങ്ങളോളം ജയിലിൽ കിടന്ന അഡ്വ. വാഹിദ് ഷേക്ക്, എസ്.ഐ.ഒ പ്രസിഡന്റ്‌ അബ്ദുൽ വാഹിദ്, ജി.ഐ.ഒ പ്രസിഡന്റ്‌ ഷിഫാന കെ, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ എന്നിവർ സംബന്ധിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി ഓറഞ്ച് ജംപ് സ്യൂട്ട്’ എന്ന പേരിൽ എക്സിബിഷനും നടന്നു.

Leave a Comment

More News