സ്വാതന്ത്യ ദിനത്തിലെ മഹാ ഓണത്തിന് ഗ്രേറ്റ് ഇന്ത്യൻ ലീഡേഴ്സ് പരേഡ്

ടൊറന്റോ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിലാണ് ഇക്കുറി മഹാഓണത്തിന് അരങ്ങൊരുങ്ങുന്നതെന്നതിനാൽ ദേശീയതയും നിറഞ്ഞു നിൽക്കുന്നതാകും ഇത്തവണത്തെ ആഘോഷം. ഓഗസ്റ്റ് 15 ശനിയാഴ്ച ടൊറോന്റോയിലെ സങ്കോഫ സ്ക്വയറിൽ മഹാഓണത്തിന് കേളികൊട്ടുയരുക സ്വാതന്ത്ര്യസമര നിരയിലെ പ്രമുഖരുടെ വേഷത്തിൽ എത്തുന്ന കുട്ടിപ്പടയുടെ പരേഡോടെയാകും. ഗ്രേറ്റ് ഇന്ത്യൻ ലീഡേഴ്സ് പരേഡിൽ പതിനാല് വയസിൽ താഴെയുള്ളവർക്ക് മഹാത്മാഗാന്ധിയായും സുഭാഷ്ചന്ദ്രബോസ് ആയും ഝാൻസി റാണിയായുമെല്ലാം അണിഞ്ഞൊരുങ്ങാനാണ് അവസരം ലഭിക്കുക.

ഏറ്റവും മികച്ച വേഷമണിയുന്ന കുട്ടിയെ കാത്തിരിക്കുന്നത് 222 ഡോളർ സമ്മാനമാണ്. രണ്ടാം സ്ഥാനക്കാർക്ക് 111 ഡോളർ ലഭിക്കും. പരേഡിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ പത്ത് പേർക്ക് ഗിഫ്റ്റ് കൂപ്പണും ലഭിക്കും. പുതുതലമുറയ്ക്കും ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ ആവേശം പകരുകയാണ് ഗ്രേറ്റ് ഇന്ത്യൻ ലീഡേഴ്സ് പരേഡിന്റെ ലക്ഷ്യമെന്ന് മുഖ്യസംഘാടകൻ ജെറിൻ രാജ് അറിയിച്ചു.

മുതിർന്നവരുടെ സംഘത്തിനും മഹാഓണത്തിൽ സജീവമാകാൻ അവസരമുണ്ട്. പത്ത് പേരടങ്ങുന്ന സംഘത്തിന് സാസ്കാരിക ഘോഷയാത്രയിൽ പങ്കെടുക്കാൻ അവസരമുണ്ട്. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 666.66, 333.33, 111.11 ഡോളറാണ് സമ്മാനമായി ലഭിക്കുക. സംഘടനകൾക്കും കൂട്ടായ്മകൾക്കും കമ്യൂണിറ്റി പാർട്ണർമാരാകാനും അവസരമുണ്ട്.

വടക്കൻ അമേരിക്കയിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യൻ ആഘോഷങ്ങളിലൊന്നായി മാറിക്കഴിഞ്ഞ ‘മഹാ ഓണ’ത്തോടനുബന്ധിച്ച് നടക്കുന്ന ‘മിസ് കേരളം കാനഡ’ മൽസരമാണ് മറ്റൊരു പ്രത്യേകത. ഇവയ്ക്കു പുറമെ കൂടുതൽ കലാപരിപാടികളുമുണ്ടാകും. കഴിഞ്ഞവർഷം നാട്ടിൽനിന്നും എത്തിച്ച റോബോട്ടിക് കരിവീരനും സങ്കോഫ സ്ക്വയറിലെ ആകർഷണമാകും.

ടൊറന്റോ സിറ്റിയുടെ കണക്കുകൾപ്രകാരം കഴിഞ്ഞ രണ്ടു വർഷങ്ങളിലും നഗരം കണ്ട ഏറ്റവും വലിയ പരിപാടികളിലൊന്നായിരുന്നു മഹാ ഓണം. സാങ്കോഫ സ്ക്വയർ എന്നറിയിപ്പെടുന്ന യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിലെ ഏറ്റവും വലിയ പരിപാടിയുമായിരുന്നു. പന്ത്രണ്ട് മണിക്കൂറോളം നീളുന്ന കലാ-സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും ആസ്വദിക്കാനുമെല്ലാമായി കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും അമേരിക്കൻ അതിർത്തിയിലെ നഗരങ്ങളിൽ നിന്നുമൊക്കെ കലാകാരന്മാരും കാഴ്ചക്കാരുമൊക്കെ എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

മഹാഓണത്തിന് പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പിനും ബന്ധപ്പെടേണ്ട നമ്പർ: +1 (647) 781-3743
ഇമെയിൽ: contact@levitateinc.ca

Leave a Comment

More News