കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ വകുപ്പിനുള്ള അവാർഡ് കേരളത്തിന് ലഭിച്ചു

തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭ ശാക്തീകരണ പദ്ധതി (പിഎംഎഫ്എംഇ) നടപ്പിലാക്കുന്നതിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിന്റെ അവാര്‍ഡ് കേരളത്തിന് ലഭിച്ചു. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ 10,000 സംരംഭകർക്ക് വായ്പ നൽകുന്നതിനായി കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നിരുന്നാലും, സംസ്ഥാന വ്യവസായ വകുപ്പ് ഇതുവരെ 10,175 സംരംഭകർക്ക് വായ്പ അനുവദിച്ചു.

പി.എം.എഫ്.എം.ഇ. പദ്ധതി പ്രകാരം സ്വയം സഹായ സംഘാംഗങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ ധന സഹായം മറ്റ് ആനുകൂല്യങ്ങൾ കുടുംബശ്രീ മിഷൻ (സ്റ്റേറ്റ് റൂറൽ ലൈവലി ഹുഡ് മിഷൻ (SRLM)/സ്റ്റേറ്റ് അർബൻ ലൈവിലിഹുഡ് മിഷൻ (SULM)) മുഖേന നൽകി വരുന്നു. സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻ (SRLM) ഇതുവരെ 6,297 അംഗങ്ങൾക്ക് 19.60 കോടി രൂപ അനുവദിച്ചു. സംസ്ഥാന നഗര ഉപജീവന മിഷൻ (SULM) ഇതുവരെ 1,060 അംഗങ്ങൾക്ക് 3.90 കോടി രൂപ അനുവദിച്ചു.

കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര അഗ്രി ബിസിനസ് ഇൻകുബേറ്ററിൽ, അരി, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജന സംസ്‌കരണം എന്നിവയ്ക്കായി കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ 2.75 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ ഒരു കോമൺ ഇൻകുബേഷൻ സെന്റർ കഴിഞ്ഞ വർഷം സ്ഥാപിച്ചു.

കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറുമായി സഹകരിച്ച് 60:40 എന്ന അനുപാതത്തിലാണ് പി.എം.എഫ്.എം.ഇ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നോഡൽ ഡിപ്പാർട്‌മെന്റായും കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെബിപ്പ്) സംസ്ഥാന നോഡൽ ഏജൻസിയായും പ്രവർത്തിക്കുന്നു. ആഗസ്റ്റ് 24, 25 തീയതികളിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന പി.എം.എഫ്.എം.ഇ കോൺക്ലേവിൽ സംസ്ഥാനത്തിന് വേണ്ടി വ്യവസായ വാണിജ്യ ഡയറക്ടറും കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും പുരസ്‌കാരം ഏറ്റുവാങ്ങും.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News