പൊന്നോണക്കാലം വന്നെത്തുമ്പോൾ വാടികൾ
പൊന്നിൻ തളികകൾ പേറിനിൽപ്പു!
എന്തൊരാഹ്ളാദമാണെല്ലാവരും സുഖ-
സന്തോഷം കാംക്ഷിച്ചു കാത്തിരിപ്പൂ!
കാലങ്ങൾ എത്രയായ്! എങ്കിലും ഓണത്തിൻ
കാലം നവോത്സാഹ ദായിയിന്നും!
ആലസ്യം പാടേ മറന്നു സകലരും
ആബാലവൃദ്ധം കൊണ്ടാടുന്നോണം!
മാവേലിമന്നനെ ചെമ്മേ വരവേൽക്കാൻ
മാലോകരെമ്പാടും കാത്തിരിപ്പൂ!
അത്തം തുടങ്ങിയാൽ പിന്നെ സകലർക്കും
പത്തു ദിനങ്ങൾ തിരക്കു തന്നെ!
മാലോകരെല്ലാരും ഒന്നായിരുന്നോരാ
കാലം നാം ഇന്നും സ്മരിപ്പതില്ലേ?
കാലമിന്നെത്രയോ മാറിപ്പോയെമ്പാടും
കലഹമാണാർക്കാർക്കുമൈക്യമില്ല!
നേരും നെറിയും പ്രശോഭിച്ച കാലം പോയ്
നേരെ മറിച്ചായി കാര്യമെല്ലാം!
നൊമ്പരം തോന്നും മനസ്സിനിന്നാരെയും
നമ്പുവാൻ കൊള്ളാത്ത കാലമായി!
കണ്മഷ മില്ലാത്ത കാലം പോയ്, വർദ്ധിപ്പൂ
തൻ കാര്യ മാത്ര പ്രസക്തരെങ്ങും!
ആരെത്ര എന്തെല്ലാം ചെയ്താലും സത്യത്തിൻ
മാറ്റു കുറയ്ക്കുവാനാവുകില്ലാ!
വീണ്ടും വരട്ടെ പൊന്നോണക്കാലം നാട്ടിൽ
വീണ്ടും വരട്ടെ പതിവു പോലെ!
മുറ്റങ്ങൾ സുന്ദര മാക്കാം, നാമേവർക്കു-
മുറ്റവൻ മാവേലി ത്തമ്പുരാനായ് !

