തിരുവനന്തപുരം: ആറുവരി ദേശീയ പാതകളിലൂടെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ സർവീസ് നടത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ബസുകൾ ദേശീയപാതയ്ക്ക് പകരം സർവീസ് റോഡുകൾ ഉപയോഗിക്കണമെന്നാണ് പുതിയ നിർദേശം. ബസ് ഡ്രൈവർമാരുടെ നിയമലംഘനങ്ങളും അതിനെത്തുടർന്നുള്ള അപകടസാധ്യതയും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
നിർദേശം ലംഘിച്ച് ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. നിയമലംഘനം കണ്ടെത്തിയാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
ആറുവരി ദേശീയ പാതയിൽ വാഹനങ്ങൾ നിർത്താൻ പാടില്ലെന്നാണ് നിലവിലെ വ്യവസ്ഥ. ബസ് സ്റ്റോപ്പുകൾ സർവീസ് റോഡുകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ബസുകൾ സർവീസ് റോഡുകൾ തന്നെ ഉപയോഗിക്കണം. സർവീസ് റോഡ് ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമേ ബസുകൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകൂ. അതും താൽക്കാലിക ക്രമീകരണമെന്ന നിലയിലായിരിക്കും.
ചില ബസുകൾ ആറുവരി ദേശീയപാതയിലൂടെ സർവീസ് നടത്തുകയും യാത്രക്കാരെ പ്രധാനപാതയിൽ തന്നെ ഇറക്കിവിടുകയും ചെയ്യുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതുമൂലം യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്താൻ കിലോമീറ്ററുകളോളം നടക്കേണ്ടിവന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതും റോഡിലൂടെ പിന്നോട്ട് ഓടിക്കുന്നതുമായ ബസുകളെക്കുറിച്ചും പരാതികൾ ലഭിച്ചിട്ടുണ്ട്. ബസുകളുടെ അമിതവേഗവും അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായി കണ്ടെത്തിയതോടെയാണ് നിയമങ്ങൾ കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.
