തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസണിന് മുന്നോടിയായി ശബരിമലയിലേക്കുള്ള പ്രധാന പാതകളുടെ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ഇതിനായി ധനകാര്യ വകുപ്പ് പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജായി 550 കോടി രൂപ അനുവദിച്ചു. തീർത്ഥാടകർക്ക് സുരക്ഷിതവും മികച്ച നിലവാരമുള്ളതുമായ യാത്രാസൗകര്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും മുഖ്യമന്ത്രി വി.ഡി. സതീശനും നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് തുക അനുവദിക്കാൻ തീരുമാനമായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ശബരിമലയുമായി ബന്ധപ്പെട്ട റോഡ് വികസന പ്രവർത്തനങ്ങൾക്കായി ഒറ്റത്തവണയായി അനുവദിക്കുന്ന ഏറ്റവും വലിയ തുകയാണിതെന്ന് മന്ത്രി അറിയിച്ചു.
തീർത്ഥാടന പാതകളിലെ പ്രധാന വികസന-നവീകരണ പ്രവർത്തനങ്ങൾ മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് പ്രവർത്തനങ്ങൾ വേഗത്തിലാക്കും.
നിലയ്ക്കലിലും പമ്പയിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ ഏറ്റെടുത്തിരുന്ന ചില പ്രവൃത്തികളുടെ ചുമതലയും പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ ജോലികൾ പൂർത്തിയാക്കുന്നതിനായി 15 കോടി രൂപ അധികമായി അനുവദിച്ചു.
പ്രവൃത്തികളുടെ പുരോഗതി കൃത്യമായ ഇടവേളകളിൽ വിലയിരുത്തും. തീർത്ഥാടന സീസൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ പദ്ധതികൾ പൂർത്തിയാകുന്നുവെന്ന് ഉറപ്പാക്കാനാണ് നടപടി. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നിശ്ചിത സമയപരിധിക്കുള്ളിൽ ജോലികൾ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
റോഡ് സുരക്ഷയ്ക്ക് പ്രത്യേക പരിഗണന
ശബരിമലയിലേക്കുള്ള റോഡുകളുടെ നവീകരണത്തിനൊപ്പം തീർത്ഥാടകരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടികൾക്കും പ്രത്യേക പ്രാധാന്യം നൽകും. റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്കായി മാത്രം 15 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിൽ പൂർത്തിയാകാതെ കിടക്കുന്ന പ്രവൃത്തികൾ മുൻഗണനാടിസ്ഥാനത്തിൽ ഏറ്റെടുത്ത് പൂർത്തിയാക്കും. ശബരിമല മേഖലയിലെ സർക്കാർ വിശ്രമകേന്ദ്രങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും പദ്ധതിയുടെ ഭാഗമായി നടത്തും.
അപകടസാധ്യത കൂടുതലുള്ള മേഖലകളിൽ ക്രാഷ് ബാരിയറുകൾ, സ്പീഡ് ബ്രേക്കറുകൾ, റിഫ്ലക്ടറുകൾ, മുന്നറിയിപ്പ്-ദിശാ സൈൻബോർഡുകൾ എന്നിവ സ്ഥാപിക്കും. റോഡുകളിലെ കാഴ്ച മറയ്ക്കുന്ന മരച്ചില്ലകളും മറ്റ് സസ്യജാലങ്ങളും നീക്കം ചെയ്ത് ദൃശ്യപരത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.
തീർത്ഥാടന സീസണിൽ ശബരിമലയിലേക്കെത്തുന്ന ഭക്തർക്ക് കൂടുതൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്ന തരത്തിലാണ് റോഡ് നവീകരണ-സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നത്.
