മറക്കാനാവാത്ത മനുഷ്യ ബന്ധങ്ങൾ (ഭാഗം-2): ജയൻ വർഗീസ്

പ്ലിമത് മിൽസിലെ കട്ടിംഗ് റൂം ഡയറക്ടറായിരുന്ന മിസ്റ്റർ ജോൺ റിട്ടയർമെന്റ് എടുക്കുകയാണ്. ഞങ്ങൾ ജോലിക്കാരോട് പിതൃ നിർവിശേഷമായ വാത്സല്യം പ്രകടിപ്പിച്ചിരുന്ന ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. ഒരിക്കൽ പോലും ആരോടും അദ്ദേഹം ദേഷ്യപ്പെട്ട് സംസാരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. തന്റെ സ്വർണ്ണപ്പല്ല് പുറത്തുകാട്ടിയുള്ള അദ്ദേഹത്തിന്റെ ചിരി വളരെ ആകർഷകമായിരുന്നു. കഠിനമായി അദ്ധ്വാനിക്കുന്നവർ എന്ന നിലയിൽ ഞങ്ങൾ മലയാളികളോട് അദ്ദേഹത്തിന് പൊതുവേ ഒരു മമതയുണ്ടായിരുന്നു. ഞങ്ങൾ മലയാളികൾ സംസാരിക്കുമ്പോൾ അദ്ദേഹത്തെ ‘അപ്പച്ചാ’ എന്നാണ് സംബോധന ചെയ്തിരുന്നത്. അർത്ഥം ആരോ പറഞ്ഞുകൊടുത്തിട്ടോ എന്തോ ആ വിളി അദ്ദേഹത്തിനും ഇഷ്ടമായിരുന്നു എന്നതിന് തെളിവായി ഓരോ വിളിയുടെയുംഅവസാനം ‘ആപാച്ചാ’ എന്ന് ആവർത്തിച്ചുകൊണ്ട് അദ്ദേഹം ചിരിക്കുമായിരുന്നു. ചെറിയ ഒരു സമ്മാനമൊക്കെ കൊടുത്ത് അദ്ദേഹത്തെ ഞങ്ങൾ യാത്രയാക്കി.

ക്യൂബൻ കുടിയേറ്റക്കാരനായ ഹെക്ടർ എന്നയാളാണ് പിന്നീട് വന്നത്. തന്റെ നാല് ഭാര്യമാരുടെയും അർദ്ധ നഗ്നചിത്രങ്ങൾ മേശപ്പുറത്തു പ്രദർശിപ്പിച്ചുകൊണ്ടാണ് ആളുടെ ഇരിപ്പ്. കേൾക്കാൻ തയാറാണെങ്കിൽ ഭാര്യമാരുടെ സെക്‌ഷ്വല്‍ പ്രകടനങ്ങളുടെ വീര കഥകൾ ആരുമായും പറഞ്ഞു രസിക്കുന്നത് ഹെക്ടറുടെ വലിയ വിനോദമായിരുന്നു. കൂട്ടത്തിൽ പ്രായം കുറഞ്ഞവളും, ഇപ്പോഴത്തെ ഭാര്യയുമായ കൊളംബിയക്കാരിയുടെ പല പോസിലുള്ള കുറെ ചിത്രങ്ങൾ എപ്പോഴും പുറത്തെടുത്തു നോക്കിക്കൊണ്ടേയിരിക്കും.

ജോലിക്കാരോട് യാതൊരു കരുണയുമില്ലാത്ത മനുഷ്യനായിരുന്നു ഹെക്ടർ. പ്രൊഡക്ഷൻ കുത്തനെ കൂട്ടാം എന്ന വാഗ്‌ദാനം കൊടുത്തുകൊണ്ടാണത്രേ അദ്ദേഹം ജോലി ഏറ്റെടുത്തത്. അതുകൊണ്ടു തന്നെ ജോലിക്കാരുടെ പിറകിൽ നിന്ന് മാറുകയില്ല. കഴിഞ്ഞയാഴ്ചത്തെ പ്രൊഡക്ഷൻ ആറായിരം ഡസൻ ആയിരുന്നുവെന്നും, അതിൽ അലൻ (ഉടമ) തൃപ്തനല്ലെന്നും, ഈയാഴ്ച ഏഴായിരം ഡസൻ എങ്കിലും കൊടുക്കണമെന്നും ഒക്കെ ജോലിക്കാരുടെ പിറകേ നടന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും.

ഹെക്ടറുടെ രീതി ഇഷ്ടപ്പെടാഞ്ഞിട്ടാണോ എന്നറിയില്ല, അധികം വൈകാതെ സൂപ്പർവൈസർ ആയിരുന്ന നിക്കി ജോലിയുപേക്ഷിച്ചു പോയി. പിന്നെ ഡയറക്ടർ കം സൂപ്പർവൈസർ എന്ന നിലയിലായി ഹെക്ടറുടെ പ്രവർത്തനങ്ങൾ. ആരെങ്കിലും പരസ്പരം സംസാരിക്കുന്നതു കണ്ടാൽപ്പോലും ഹെക്ടർ അവിടെ ഓടിയെത്തി അത് തടയും. അല്ലെങ്കിൽ ഇന്റർകോമിലൂടെ ഉറക്കെ പേര് വിളിച്ചുകൊണ്ട് ‘സംസാരം നിർത്തി ജോലി ചെയ്യ് ‘ എന്ന് വിളിച്ചു പറയും. ഇയാളുടെ ഇടപെടൽ പലർക്കും വളരെ മുഷിച്ചിലുണ്ടാക്കി. ഈസ്റ്റ് ആഫ്രിക്കക്കാരനായ കാബാ എന്ന യുവാവ് ഇതിന്റെ പേരിൽ ഹെക്ടറോട്‌ ഇടയുകയും പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്‌തെങ്കിലും, ഹെക്ടർ തന്റെ ശീലങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു.

ഒരു ദിവസം ഉച്ചയോടടുത്ത നേരത്ത് ഗ്യാസ് സ്റ്റേഷനിൽ നിന്ന് എനിക്കൊരു ഫോൺ കാൾ വന്നു. (മിനിമം പേ നിലവാരത്തിലുള്ള ഈ ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ട് വാടക ഉൾപ്പടെയുള്ള ചെലവുകൾ താങ്ങാനാവാതെ വന്നതിനാൽ രാത്രി 11 മുതൽ രാവിലെ 7 വരെയുള്ള ഷിഫ്റ്റിൽ ഒരു ഗ്യാസ് സ്റ്റേഷനിലും ഞാൻ രണ്ടാം ജോലി ചെയ്തിരുന്നു) ഏരിയാ മാനേജർ ‘ഡയാന’ ക്ക് ഉടൻ എന്നെ കാണണം എന്നാണ് അറിയിപ്പ്. നാൽപ്പതു വയസുള്ള ഒരു ഗ്രീക്ക് വനിതയാണ് ഡയാന. ഒതുങ്ങിയ ശരീര പ്രകൃതിയുള്ള ഡയാനാ അത്ര വലിയ സുന്ദരി അല്ലെങ്കിലും ഒരു യൂറോപ്യൻ അഴക് അവരെയും തഴുകി നിന്നിരുന്നു. ഏരിയാ മാനേജരുമായി നേരിട്ട് ബന്ധപ്പെടേണ്ട കാര്യം സാധാരണയായി എനിക്കില്ല. അതിന് നമുക്ക് സ്റ്റേഷൻ മാനേജരുണ്ട്.

അപ്പനമ്മമാരെ കൂട്ടിക്കൊണ്ടു വരാനായി പോകുമ്പോൾ ഒരു മാസത്തെ അവധി വേണമെന്ന് ഞാൻ പറഞ്ഞിരുന്നു. രണ്ടാഴ്ചയിൽ കൂടുതൽ അനുവദിക്കാൻ തനിക്കാവില്ലെന്നും, ഒരു മാസം വേണമെങ്കിൽ ഏരിയാ മാനേജരെ കാണണമെന്നും മാനേജർ പറഞ്ഞിരുന്നു. ഫോണിൽ വിളിച്ച് ഞാൻ അവരോട് ഈ റിക്വസ്റ്റ് വച്ചിരുന്നു. ഇനി അക്കാര്യം പറയാനാകുമോ എന്ന് ആദ്യം സംശയിച്ചു. അതോ കഴിഞ്ഞ രാത്രിയിലെ സ്റ്റേഷൻ ഓപ്പറേഷനിൽ കാര്യമായ പിഴവുകൾ വല്ലതും പറ്റിയിട്ടുണ്ടാവുമോ എന്നും സംശയിച്ചു.

ഹെക്ടറോട്‌ അനുവാദം വാങ്ങിച്ച് ഓടിപ്പിടഞ്ഞ്‌ ഞാൻ ഗ്യാസ് സ്റ്റേഷനിൽ എത്തി. ക്യാബിനു പുറത്ത് സ്റ്റേഷൻ ഫ്ലോറിൽ ഒരു സിഗരറ്റും പുകച്ചു നിൽക്കുന്നുണ്ട് ഡയാന. സാധാരണ ഗതിയിൽ ആ ഏരിയായിൽ പുകവലി പാടില്ലാത്തതാണെന്ന് ഏവർക്കുമറിയാം. എന്നെ കണ്ടതേ ആൾ ഒന്ന് കുഴഞ്ഞു തിരിഞ്ഞു. ഒരുവിധം നല്ല പൂസിലാണ് നിൽപ്പ് എന്ന് കണ്ടാൽത്തന്നെ അറിയാം. എന്നെ ചൂണ്ടി ‘നിനക്ക് ഒരു മാസം വെക്കേഷൻ വേണം അല്ലേ ? തന്നിരിക്കുന്നു’ എന്ന് പറഞ്ഞു. ഞാൻ താങ്ക്‌സ് പറഞ്ഞു നിൽക്കുമ്പോൾ ‘നിനക്ക് ഒന്നല്ല, രണ്ടു മാസം വേണമെങ്കിലും ഞാൻ തരും’ എന്ന് പറഞ്ഞുകൊണ്ട് എന്നെ നോക്കി ഒരു പ്രത്യേക തരത്തിൽ കണ്ണിറുക്കി കാണിച്ചു. വീണ്ടും ഞാൻ താങ്ക്‌സ് പറഞ്ഞു.

എന്നോട് ചേർന്ന് നിന്നുകൊണ്ട് എന്റെ തോളിലൂടെ കൈയിട്ടു കൊണ്ടായി പിന്നത്തെ സംസാരം. മദ്യത്തിന്റെ മണം കാര്യമായി തന്നെ ഞാനും ശ്വസിച്ചു. ‘വേറെയെന്താ നിനക്ക് വേണ്ടത് ? എന്ത് വേണേലും ഞാൻ നിനക്ക് തരും’ എന്ന് പറഞ്ഞ് എന്നെ കൂടുതൽ ചേർത്തു നിർത്തുകയാണ്. ‘എനിക്കൊന്നും വേണ്ട ‘ എന്ന് പറഞ്ഞ് ഞാൻ അകലാൻ ശ്രമിക്കുമ്പോൾ അവൾ സമ്മതിക്കുന്നില്ല. ‘അത് പറ്റില്ല. നീ ഇപ്പോൾത്തന്നെ എന്റെ അപ്പാർട്‌മെന്റിലേക്കു വരണം. എനിക്ക് നിന്നെ വേണം’ എന്ന് പറഞ്ഞുകൊണ്ട് അവർ എന്റെ കവിളിൽ ചുംബിച്ചു. തീപ്പൊള്ളൽ ഏറ്റ പ്രതീതിയാണ് എനിക്കനുഭവപ്പെട്ടത്. ഞാൻ പിടഞ്ഞു മാറി. ‘എന്റെ കൂടെ വരൂ പ്ലീസ്’ എന്നത് ഒരു യാചനയുടെ സ്വരമായിരുന്നു. അടുത്ത ‘പ്ലീസ് ‘ ൽ പകുതി കരച്ചിൽ ഉണ്ടായിരുന്നോ എന്നും സംശയമുണ്ട്. ‘സോറി എനിക്കൊന്നും വേണ്ട’ എന്ന് പറഞ്ഞു ഞാൻ കാറിൽ കയറുമ്പോൾ, മറ്റൊരു സിഗററ്റിന് തീ പിടിപ്പിച്ചുകൊണ്ട് ഹതാശയായ ആ ഗ്രീക്ക് യുവതി എന്നെത്തന്നെ നോക്കി അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു.

ഒരു വല്ലാത്ത അസ്വസ്ഥതയാണ് എനിക്ക് അനുഭവപ്പെട്ടത്. വണ്ടിയുടെ നിയന്ത്രണം പലപ്പോഴും പാളിപ്പോകുന്നതായി തോന്നി. ഒരു വിധത്തിൽ കമ്പനിയിലെത്തി ജോലി തുടരുമ്പോളും അകാരണമായ ഒരു ഭയം എന്നെ വേയാടുകയായിരുന്നു.

ഗ്യാസ് സ്റ്റേഷൻ വളപ്പിന്റെ വടക്കു പടിഞ്ഞാറേ മൂലയിൽ ഒരു വെൻഡിംഗ് മെഷീൻ സ്ഥാപിച്ചിരുന്നു. സോഡ, കാൻഡി, മറ്റ് അത്യാവശ്യ വസ്‌തുക്കൾ എന്നിവയൊക്കെ പൊതുജനങ്ങൾക്ക് പണം ഇട്ടുകൊടുത്താൽ കിട്ടുന്ന തരത്തിലുള്ള ഒരു സംവിധാനമാണ് അത്. രണ്ടു പ്രധാന സ്‌ട്രീറ്റുകൾ ക്രോസ് ചെയ്യുന്ന ഒരിടമായതിനാൽ ധാരാളംകസ്റ്റമേഴ്‌സ് വെൻഡിങ് മെഷീൻ ഉപയോഗിച്ചിരുന്നു. ആ മെഷീനുമായോ, അതിലെ കളക്ഷനുമായോ ഗ്യാസ്സ്റ്റേഷൻ ജീവനക്കാർക്ക് ബന്ധമില്ല. ഗ്യാസ് കമ്പനിയും, വെൻഡിങ് കമ്പനിയും തമ്മിലുള്ള ഏതോ കോൺട്രാക്ടിന്റെ അടിസ്ഥാനത്തിൽ ആണ് ആ ബിസിനസ്സ് പ്രവർത്തിച്ചിരുന്നത്.

ഒരു രാത്രിയിൽ ആ മെഷീൻ പൊളിച്ച്‌ ആരോ അതിലെ പണം എടുത്തു കൊണ്ട് പോയി. വളരെ പെട്ടെന്ന് പൊളിക്കാവുന്ന തരത്തിലല്ല അതിന്റെ നിർമ്മാണം എന്നതിനാൽ ശക്തമായ എന്തെങ്കിലും ഉപകരണം അത് പൊളിക്കാനായി ഉപയോഗിച്ചിരിക്കണം. ഞാൻ ജോലി ചെയ്തിരുന്ന രാത്രിയിൽ തന്നെ ആണോ അത് സംഭവിച്ചത് എന്ന് എനിക്ക് നിശ്ചയമില്ല. എങ്കിലും മിക്ക രാത്രികളിലും ഞാനാണ് ജോലി ചെയ്യുന്നത് എന്നതിനാൽ അതിന്റെ പേരിലുള്ള ചോദ്യങ്ങൾ എന്റെ നേർക്കാണ് വന്നത്. പോലീസ് വന്നു എന്നെ ചോദ്യം ചെയ്തു. വെൻഡിംഗ് മെഷീൻ സ്ഥിതി ചെയ്യുന്ന ഇടം കാബിനിൽ നിന്ന് വളരെ വളഞ്ഞു നിന്ന് നോക്കിയാൽ മാത്രമേ കാണാനാവുകയുള്ളു എന്നും, അത് കൊണ്ട് തന്നെ ആ ഭാഗത്തേക്ക് സാധാരണയായി നോക്കാറില്ലെന്നും ഞാൻ പറഞ്ഞു. അവിടെ നിന്നുള്ള യാതൊരു ശബ്ദവും കേൾക്കുകയുണ്ടായില്ല എന്ന എന്റെ മൊഴി പോലീസ്അത്രക്കങ്ങു വിശ്വസിച്ചതായി തോന്നിയില്ല. വെറുതെയിരുന്നാൽ അപ്പോൾ ഉറങ്ങിപ്പോകുന്ന ഞാൻ ഇരുന്നുറങ്ങുകയായിരുന്ന ഏതെങ്കിലും സമയത്താവും ഇത് സംഭവിച്ചിരിക്കുക എന്ന് എനിക്ക് തോന്നിയെങ്കിലുംഅത് പുറത്തു പറയാൻ പറ്റാത്ത ഒരവസ്ഥയിൽ ആയിരുന്നുവല്ലോ ഞാൻ ?

അടുത്ത ദിവസം ജോലിക്കു ചെല്ലുമ്പോൾ ഡയാന അവിടെയുണ്ട്. സാധാരണ കാണാറുള്ള ആളേയല്ല. മുഖത്ത് കനം തൂങ്ങി നിൽക്കുന്ന പേടിപ്പെടുത്തുന്ന ഗൗരവ ഭാവം. എനിക്ക് ഷിഫ്റ്റ് കൈമാറി മറ്റെയാൾ പോയിട്ടും ഡയാന പോകുന്നില്ല. തുടർന്ന് പോലീസ് ചോദിച്ച അതേ ചോദ്യങ്ങൾ പോലീസ് മുറയിൽ തന്നെ എന്നോട് ചോദിക്കുകയും, എന്റെ ഉത്തരങ്ങൾ നുണയാണെന്ന് പറഞ്ഞുകൊണ്ട് ‘മെഷീനിൽ നിന്നുള്ള പണം മോഷണത്തിന് നീയാണ് ഉത്തരവാദി’ എന്ന നിലയിൽ സംസാരിച്ചു തുടങ്ങുകയും ചെയ്തപ്പോൾ എനിക്കും കുറച്ചു ദേഷ്യമൊക്കെ വന്നു.

തുടർന്ന് ശബ്ദമുയർത്തിയാണ് ഞങ്ങൾ രണ്ടുപേരും സംസാരിച്ചത്. ഏതോ ഒരു ഫാറം എന്നെ കാണിച്ചിട്ട്അതിൽ ഒപ്പിട്ടു കൊടുക്കണം എന്നാവശ്യപ്പെട്ടപ്പോൾ അത് സാധ്യമല്ലെന്ന് ഞാൻ പറഞ്ഞു. എന്റെ കൃത്യവിലോപംകൊണ്ടാണ് ഈ സംഭവം ഉണ്ടായത് എന്നുള്ള ഒരു ഏറ്റുപറച്ചിൽ ആയിരുന്നു ഫാറം. (അങ്ങിനെ ഒരു ഫാറം വരുമെന്നും, അതിൽ ഒപ്പിട്ടു കൊടുക്കരുതെന്നും, എന്റെ സുഹൃത്തായ സ്റ്റേഷൻ മാനേജർ എന്നോട് മുന്നമേപറഞ്ഞിരുന്നു. ) ഡയാന ശരിക്കും ദേഷ്യപ്പെട്ടു. ‘ നാളെ ഈ സ്റ്റേഷനിൽ നീ ഉണ്ടാവില്ല ‘ എന്ന്ഭീഷണിപ്പെടുത്തിയിട്ട് അവർ പോയി.

ഡയാന എന്നെ ഫയർ ചെയ്യും എന്ന് തന്നെ എനിക്ക് ബോധ്യപ്പെട്ടു. കൃത്യമായ ഒരു കാരണമുണ്ടായിരുന്നെങ്കിൽ അത് ഓക്കേ ആയിരുന്നു എന്ന് ഞാനോർത്തു. ഇത് എനിക്ക് ഒരു ഉത്തരവാദിത്വവും ഇല്ലാത്ത ഒരു കാര്യത്തിലാണ്എന്നെ ഫയർ ചെയ്യാൻ പോകുന്നത് എന്നതിൽ ഞാൻ ഏറെ വേദനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈവരുമാനം ഒരു മൃതസഞ്ജീവനി തന്നെയാണ്. ഇനി എന്ത് ചെയ്‌യും എന്ന മനോവ്യഥയിൽ ഒരു നിമിഷം ഞാൻ കിടുകിടുത്തു പോയി.

പെട്ടെന്ന് വെളിച്ചത്തിന്റെ ഒരു വെള്ളി വീചി എന്റെ മനസിലേക്ക് വന്നു. ‘ നാളെ ഈ സ്റ്റേഷനിൽ നീ ഉണ്ടാവില്ല ‘ എന്ന് പറഞ്ഞിട്ടാണല്ലോ അവർ പോയത് ? അതിനർത്ഥം നാളേക്ക് മുമ്പ് അവർ എന്നെ കൊന്നു കളയും എന്ന്കൂടി ആവാമല്ലോ? അത് ദൈവീകമായ ഒരു പിടിവള്ളി ആണെന്ന് എനിക്ക് തോന്നി. നാട്ടിലായിരുന്നപ്പോൾചാത്തമറ്റം സ്‌കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കൂടി പി.ടി.എ. പ്രസിഡന്റായിരുന്ന എനിക്കെതിരെതിരിഞ്ഞ് എന്നെ ജയിലിൽ കയറ്റാൻ പദ്ധതിയിട്ടപ്പോളാണല്ലോ റോസി ടീച്ചറിന്റെ ‘ കുട്ടിയെ പിടിച്ചു കെട്ടിയ ‘ തമാശ ‘ പിടിവള്ളിയായി എനിക്ക് കിട്ടിയതും, അതിൽ പിടിച്ചു തൂങ്ങി ഞാൻ രക്ഷപ്പെട്ടതും എന്ന് ഞാനോർത്തു.

പിന്നെ താമസിച്ചില്ല. ഒരു കടലാസ് എടുത്ത് ന്യൂയോർക്കിലെ റീജിയണൽ മാനേജർക്ക് അഡ്രസ് ചെയ്‌തുകൊണ്ട്‌ ഒരു പരാതി എഴുതിത്തുടങ്ങി. പരാതിയിൽ, പാതിരാ കഴിഞ്ഞ നേരത്ത് ഏരിയാ മാനേജരായ സ്ത്രീ രാത്രിയിൽ ഒറ്റക്ക് വന്ന് ‘ നാളെ നീ ഈ സ്റ്റേഷനിൽ ഉണ്ടാവില്ല’ എന്ന് ഭീഷണിപ്പെടുത്തിയിട്ട് പോയിയെന്നും, അവരുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതിനാൽ അവർക്ക് എന്നോട് വ്യക്തിവൈരാഗ്യം ഉണ്ടാവാൻ ഇടയുണ്ടെന്നും, ഈസാഹചര്യത്തിൽ മരണ ഭയം മൂലം രാത്രിയിൽ ഒറ്റക്ക് ജോലി ചെയ്യാൻ പേടിയുണ്ടെന്നും, മാനേജുമെന്റിൽ നിന്ന്എന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നുമായിരുന്നു പരാതി.

ഗ്യാസ് സ്റ്റേഷനിൽ നിന്ന് കമ്പനിയിൽ പോകുന്ന വഴിയരികിലാണ് മെയിൻ പോസ്റ്റ് ഓഫീസ്. പോസ്റ്റ് ഓഫീസിലെ ക്വിക് സർവീസ് മെയിൽ ബോക്‌സിൽ തന്നെ എൻവലോപ് നിക്ഷേപിച്ചിട്ടാണ് അന്ന് കമ്പനിയിൽ എത്തി ജോലിക്കു കയറിയത്.

ഒരു ദിവസം കൂടി കഴിഞ്ഞതോടെ ആ പരാതി ഉണ്ടാക്കിയ വിക്രമങ്ങൾ ചില്ലറയല്ല. രാത്രി ഷിഫ്റ്റിൽ ഞാൻ ജോലി ചെയ്യുമ്പോൾ എവിടുന്നൊക്കെയോ എനിക്ക് വിളികൾ വരികയാണ്. റീജിയണൽ ഓഫിസിൽ നിന്ന് മാത്രമല്ലാ, ഡയറക്ടറുടെ ഓഫിസിൽ നിന്നും, ഏരിയാ ഓഫീസിൽ നിന്നും, ഹ്യുമൻ റിസോർസിൽ നിന്നും, ഏതൊക്കെയോ ലോയേഴ്‌സിന്റെ ഓഫീസിൽ നിന്നുമൊക്കെ എന്നെ വിളിക്കുകയാണ്. എന്നെ ഏറെ അത്ഭുതപ്പെടുത്തിയ കാര്യം പതിനൊന്നു മുതൽ ഏഴു വരെയുള്ള ഷിഫ്റ്റിലാണ് ഞാൻ ഉള്ളത് എന്നതിനാൽ ഇക്കണ്ട മനുഷ്യരൊക്കെ ഉറങ്ങാതെ എഴുന്നേറ്റിരുന്ന് ആ സമയത്താണ് എന്നെ വിളിച്ചു കൊണ്ടിരുന്നതും, നമ്മുടെ നാടൻ ഭാഷയിൽ എന്നിൽ നിന്ന് ‘മൊഴി ‘ എടുത്തു കൊണ്ടിരുന്നതും എന്നുള്ളതാണ്.

നമ്മുടെ ഡയാനയെ ആ ഭാഗത്തേക്കെങ്ങും പിന്നീട് കണ്ടതേയില്ല. പതിവിൻ പടിയുള്ള നമ്മുടെ റൊട്ടീൻ തുടർന്നുകൊണ്ടേയിരിക്കുകയാണ്. പരാതിയിന്മേലുള്ള അന്വേഷണത്തിന് ആസ് സൂൺ ആസ് പോസിബിൾ റീജിയണൽ മാനേജർ നേരിട്ടെത്തുമെന്ന് അറിയിപ്പ് കിട്ടി. ഏരിയാ മാനേജരുടെ ജോലി തെറിക്കും എന്ന് ഗ്യാസ് സ്റ്റേഷനിലെ സുഹൃത്തുക്കൾ അഭിപ്രായം പറഞ്ഞുകേട്ടപ്പോൾ മുതൽ നമ്മുടെ മനസ്സിൽ സഹതാപവും, കുറ്റ ബോധവും വളരാൻ തുടങ്ങി.

നാട്ടിൽ പോയി വരാനായി കമ്പനിയിൽ നിന്ന് എനിക്കും ഭാര്യക്കും ഒരു മാസത്തെ അവധി അനുവദിച്ചു തന്നു. അതിൽ രണ്ടാഴ്ച ശമ്പളം കിട്ടും. അടുത്ത രണ്ടാഴ്ച ശമ്പളം ഇല്ലാതെയും. ഗ്യാസ് സ്റ്റേഷനിൽ നിന്ന് നിയമപ്രകാരമുള്ള രണ്ടാഴ്ച തരാമെന്നും. താമസിച്ചു വന്നാലും തിരിച്ചു വരുമ്പോൾ ജോലി താരാണെന്നും മാനേജർ പറഞ്ഞു. ഇതിനിടയിൽ റീജിയണൽ മാനേജർ അന്വേഷണത്തിനായി സ്റ്റേഷനിൽ വന്നു. എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു കൊള്ളാമെന്നും, ഞാൻ ജോലി ചെയ്യുന്ന ഷിഫ്റ്റിൽ ഏരിയാ മാനേജർ വരികയാണെങ്കിൽ വാതിൽ തുറക്കേണ്ടതില്ലെന്നും, എന്റെ മേലുള്ള അധികാരങ്ങൾ മേലിൽഅവർക്ക് ഉണ്ടായിരിക്കുകയില്ലെന്നും അറിയിച്ചു.

എന്റെ ഉള്ളിൽ സഹതാപം ആളിക്കത്താൻ തുടങ്ങി. വേറൊരുത്തന്റെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന പരിപാടിയാണല്ലോ ഞാൻ ചെയ്യുന്നത് എന്നോർത്ത് ഞാൻ സ്വയം വേദനിച്ചു. എന്റെ ഷിഫ്റ്റിൽ അവരുടെ ഇടപെടൽ ഉണ്ടാവുകയില്ലെങ്കിൽ പിന്നെ എനിക്ക് അവരുടെ മേൽ പരാതിയില്ലെന്ന് ഞാൻ പറഞ്ഞു. അങ്ങിനെയാണെങ്കിൽ അത് എഴുതിക്കൊടുക്കാൻ പറഞ്ഞുകൊണ്ട് റീജിയണൽ മാനേജർ ഒരു ഫാറം തന്ന്അതിൽ ഒപ്പിട്ടു വാങ്ങി. അവരുടെ പേരിൽ ഞാൻ ഉന്നയിച്ച പരാതി പിൻവലിക്കുന്ന നടപടിയായിരുന്നു അത്.

( …………തുടരും )

+++++++++++++++++++++++++++

‘പാടുന്നു പാഴ്മുളം തണ്ടു പോലെ‘ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്. 100 അദ്ധ്യായങ്ങൾ 664 പേജുകൾ വില 1000 രൂപ. ഗ്രീൻ ബുക്സ് പ്രസിദ്ധീകരണം.

Leave a Comment

More News