ഇരട്ട ടവറുകൾ വീഴുന്നത് നേരിൽ കണ്ടു (9/11 അനുസ്മരണം): ജയൻ വർഗീസ്

(‘പാടുന്നു പാഴ്മുളം തണ്ടു പോലെ ‘ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്)

സ്റ്റാറ്റൻ ഐലൻഡ് കെയർ സെന്ററിൽ ജോലി തുടങ്ങിയിട്ട് ഒന്ന് രണ്ടു വർഷങ്ങൾ ആവുന്നു. സൗമ്യവും, സന്തോഷകരവുമായിരുന്നു ജോലി. ആകെ ആറു പേർ മാത്രമുള്ള ചെറിയ ഡിപാർട്ട്ടുമെന്റിൽ പരസ്‌പരംസഹായിച്ചും, കരുതിയുമാണ് ജോലിക്കാർ വർത്തിച്ചിരുന്നത്. ഒരാൾ ചെയ്യുന്ന ജോലിയിൽ ഒരു ഹെൽപ്പ്ആവശ്യമുണ്ടെങ്കിൽ അതറിഞ്ഞ് അവിടെ ഓടിയത്തുവാൻ എല്ലാവരും ശ്രമിച്ചിരുന്നു. പെയിന്റർ ആയിരുന്നലൈനർ ആയിരുന്നു കൂട്ടത്തിലെ മസിൽമാൻ. മുടങ്ങാതെ ജിംനേഷ്യത്തിൽ പോകുന്ന ലൈനർ ഒഴിവു കിട്ടുന്നസമയങ്ങളിൽ ജോലി സ്ഥലത്തു വച്ചും എക്സർസൈസ് ചെയ്തിരുന്നു. ദൃഢമായ മാംസ പേശികളും, അപാരമായകരുത്തും ഉണ്ടായിരുന്ന ലൈനർ മിക്ക ജോലിക്കാരികളുടെയും നോട്ടപ്പുള്ളി ആയിരുന്നെങ്കിലും, മാന്യത വിട്ടുപെരുമാറുന്ന ഒരാളായിരുന്നില്ലാ അയാൾ.

പത്തുമണിക്ക് പതിനഞ്ചു മിനിറ്റ് കോഫി ബ്രെക്കും, ഉച്ചക്ക് ഒരു മണിക്കൂർ ലഞ്ച് ബ്രെക്കും എടുക്കാമായിരുന്നത്കൊണ്ട് ആ സമയത്തായിരുന്നു ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ. ദാരിദ്ര്യത്തിന്റെയും, അന്ധവിശ്വാസങ്ങളുടെയും നാടാണ് ഇന്ത്യ എന്നാണ് ഇവരെല്ലാവരും ധരിച്ചു വച്ചിരുന്നത്. പശുവോ, പാമ്പോ, ഏതാണ്നിന്റെ ദൈവം എന്ന് അവർ എന്നോട് ചോദിച്ചു. ഇതിനടിസ്ഥാനമായി അവർ കണ്ട ചില ടി. വി. ഷോകളെയാണ്അവർക്കു ചൂണ്ടിക്കാണിക്കാൻ ഉണ്ടായിരുന്നത്. ഇത് ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും കഥയല്ലെന്നും, കേവലം ഒരു ന്യൂന പക്ഷം മാത്രമാണ് ഇതൊക്കെ കൊണ്ട് നടക്കുന്നത് എന്നും അവരെ പറഞ്ഞു മനസിലാക്കാൻഎനിക്ക് വളരെക്കാലം വേണ്ടി വന്നു.

ഒരു ദിവസം പത്തു മണിക്ക് ഞങ്ങൾ ലഞ്ച് ബ്രെക്കിലാണ്. തൊട്ടടുത്തുള്ള പൊതു കിച്ചനിൽ നിന്ന് മുട്ടപുഴുങ്ങിയതോ, ഹാഷ്‌ബ്രൗൺ മുതലായ ചെറിയ പലഹാരങ്ങളോ ഒക്കെ ഞങ്ങൾക്ക് കിട്ടിയിരുന്നു. കാപ്പിയോ, ചായയോ എടുക്കുവാനുള്ള സൗകര്യം ലഞ്ച് റൂമിൽ ഉണ്ട് താനും. കിച്ചനിൽ നിന്ന് ലൈനർ കൊണ്ട് വന്നപുഴുങ്ങിയ മുട്ടയോടൊപ്പം ഞങ്ങൾ ചായ കുടിച്ചു കൊണ്ടിരിക്കുകയാണ്. ബൊനീജയെ കാണുന്നില്ല. ബൊനീജയെവിടെ എന്ന് എല്ലാവരും സന്ദേഹിക്കുന്നതിനിടയിൽ അയാൾ വന്നു. ‘ താൻ  ടി.വി.കാണുകയായിരുന്നെന്നും, വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ബിൽഡിങ്ങുകളിൽ ഒന്നിൽ ഏതോവിമാനമിടിച്ചു ‘ എന്നതാണ് പ്രധാന വാർത്തയെന്നും ബൊനീജാ പറഞ്ഞു.

പെട്ടെന്നാർക്കും ഇത് വിശ്വസിക്കാനായില്ല. രാവിലെയുള്ള റൂഫ് ചെക്കിങ്ങ് എനിക്കായിരുന്നതിനാൽ രാവിലെയുംഞാൻ റൂഫിൽ പോയതാണ്. അവിടെ നിന്നുള്ള വീക്ഷണത്തിൽ പ്രിവിശാലമായ ഹഡ്സൺ നദിയുടെ ഓളപ്പരപ്പുകൾക്ക് അക്കരെയുള്ള മൻഹാട്ടൻ ബോറോയിൽ മനുഷ്യ നാഗരികതയുടെ മഹാ വിസ്മയം പോലെ വെള്ളി മേഘങ്ങളെ ഉമ്മ വച്ച് നിൽക്കുന്ന ഇരട്ട ടവറുകൾ കണ്ടതുമാണ്.  കിച്ചൺ ഉൾപ്പടെയുള്ള ഇടങ്ങളിൽഉണ്ടാവുന്ന അശുദ്ധ വായുവിനെ പുറം തള്ളുന്നതിനുള്ള എക്സോസ്റ്റ് ഫാനുകൾ പിടിപ്പിച്ചിട്ടുള്ളത് നിരപ്പായ ഈറൂഫിലാണ്. ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഫാനുകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടോഎന്ന് ഉറപ്പു വരുത്തുകയാണ് മെയിന്റനൻസ് ജോലിക്കാർക്ക് മാത്രം പ്രവേശനം അനുവദിച്ചിട്ടുള്ള ഈഏരിയയിലെ റൂഫ് ചെക്കിങ്ങ്. വളരെ അപൂർവമായി ചില ഫാനുകൾ ശബ്‌ദമുണ്ടാക്കുകയോ നിന്ന് പോവുകയോ  ഒക്കെ ചെയ്‌താൽ ആ വിവരം മിൽട്ടനെ അറിയിക്കണം  അതിനാണ് ഓരോ ദിവസവും രാവിലെയുമുള്ള റൂഫ്ചെക്കിങ്.

ഞങ്ങൾ റൂഫിലേക്കോടി. ന്യൂ യോർക്ക് സിറ്റിയുടെ ഹൃദയത്തിലൂടെ ഒന്നും സംഭവിക്കാത്ത പോലെ പരന്നൊഴുകുകയാണ് ഹഡ്സൺ. നദിയുടെ ഇങ്ങേക്കരയിലുള്ള ഒരുയർന്ന കുന്നിൻ പുറത്താണ് ഞങ്ങളുടെനഴ്‌സിംഗ് ഹോം തലയുയർത്തി നിൽക്കുന്നത് എന്നതിനാൽ, അവിടെ നിന്ന് നോക്കിയാൽ അങ്ങേക്കരയിലുള്ളഅംബര ചുംബികളെ വ്യക്തമായിക്കാണാം. കടല് പോലെ വിശാലവും, കവിത പോലെ കമനീയവുമായ നദിയുടെഓളപ്പരപ്പുകൾ അലഞൊറിഞ്ഞ് അതിർ വരയ്‌ക്കുന്ന രണ്ടു ബോറോകൾ (സ്റ്റാറ്റൻ ഐസ്ലൻഡും, മൻഹാട്ടനും ) മുഖത്തോടു മുഖം നോക്കി നിൽക്കുകയാണിവിടെ. മൻഹാട്ടൻ, ബ്രൂക്‌ലിൻ, ജേഴ്‌സി  സിറ്റി എന്നിവടങ്ങളിലെസ്കൈ സ്‌ക്രാപ്പറുകൾ വളരെ വ്യക്തമായി കാണാവുന്ന അപൂർവമായ ഒരു വാച്ചിങ് പിറ്റ് ആണ്  ഞങ്ങളുടെ റൂഫ്ഫ്ലോർ.

ഞങ്ങൾ നോക്കുമ്പോൾ ഇരട്ട ടവറുകളിൽ ഒന്നിന്റെ മുകൾ നടുഭാഗത്ത് നിന്ന് തീയും പുകയും ഉയർന്നുകൊണ്ടേയിരിക്കുന്നു. അവിടെ വിമാനം ഇടിച്ചു കയറുകയായിരുന്നെന്ന് അപ്പോൾ വന്ന ജെയ്‌മി ടി. വി.യിൽ നിന്ന്കേട്ടതായി പറഞ്ഞു.  ന്യൂ യോർക്കിൽ എത്തിയ ആദ്യ കാലത്തു തന്നെ വേൾഡ് ട്രേഡ് സെന്റർ സന്ദർശിച്ചതിന്റെഓർമ്മകൾ മനസിലേക്ക് ഓടിവന്നു. അത്യന്നതമായ ആസ്വാദന  സാഹചര്യങ്ങളിൽ അടിച്ചു പൊളിച്ചു ജീവിതംആഘോഷിക്കുന്ന  എത്രയെത്ര മനുഷ്യരെയാണ് അന്ന് കണ്ടു മുട്ടിയത് എന്ന് ഓർത്തെടുത്തു. മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വം ആരെയും ഓർമ്മപ്പെടുത്തിക്കൊണ്ട് അവരൊക്കെ തീയിലും, പുകയിലും വീർപ്പുമുട്ടുകയാവുമല്ലോ ഇപ്പോൾ എന്നോർത്തപ്പോൾ വേദന തോന്നി.

എന്നെ ഏറെ ആകുലപ്പെടുത്തിയ മറ്റൊരു കാര്യം എന്റെ മകൻ ജോലി ചെയ്‌യുന്നതും മൻഹാട്ടനിലാണ്എന്നതായിരുന്നു. രാവിലെ അവനെ ഫെറി ടെർമിനലിൽ ഇറക്കി വിട്ടിട്ടാണ് ഞാൻ ജോലിക്ക് വന്നിട്ടുള്ളത്. താഴെഓടിയെത്തി വീട്ടിലേക്കു വിളിച്ചു. ഫെറി ടെർമിനലിൽ നിന്ന് അവൻ വീട്ടിലേക്കു വിളിച്ചിരുന്നെന്നും, മൻഹാട്ടനിൽ സംഭവിച്ച അത്യാഹിതത്തെ തുടർന്ന് ഫെറി സർവീസുകൾ നിർത്തി വച്ചിരിക്കുകയാണെന്നും, അവൻ വീട്ടിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണെന്നും ഭാര്യ പറഞ്ഞു. ( അവൻ സാധാരണ പോകാറുള്ളബോട്ടിൽ വലിയ തിരക്കായിരുന്നത് കൊണ്ട് അടുത്ത ബോട്ടിൽ പോകാനായി കാത്തു നിൽക്കുകയായിരുന്നെന്നും, അത് കൊണ്ടാണ് ആ മേഖലയിൽ അകപ്പെടാതെ തിരിച്ചു പോരാൻ സാധിച്ചതെന്നും പിന്നീടറിഞ്ഞു. )

ഹൃദയമിടിപ്പിന്റെ വേഗത കുറഞ്ഞപ്പോൾ വീണ്ടും റൂഫിലെത്തി. അപ്പോഴും ഞങ്ങളുടെ കാഴ്ചയിലെ വലതു ടവർകൂടുതൽ തീയും പുകയും വമിപ്പിച്ചു കൊണ്ട് നിൽക്കുകയാണ്. ഞങ്ങൾ നോക്കി നിൽക്കുമ്പോൾ  ഒരു വലിയവിമാനം വേഗത്തിൽ പറന്നു വന്ന് ഞങ്ങളുടെ കാഴ്ചയിൽ  വലതു ടവറിനെ ചുറ്റി ഇടതു വശത്തേക്ക് വന്നിട്ട്  വലത്തോട്ടു തിരിഞ്ഞ് ഇടതു ടവറിന്റെ ഇടതു വശത്തേക്ക് ഇടിച്ചു കയറി. ഈ ഇടിയേറ്റത്‌ ഇടതു ടവറിന്റെ മുകൾഭാഗത്ത് ആയിരുന്നത് കൊണ്ടും കൂടുതൽ ശക്തമായിരുന്നത് കൊണ്ടുമാവാം, വലതു ടവറിനേക്കാൾ കൂടുതൽതീയും പുകയും വമിപ്പിച്ചു കൊണ്ടാണ് ഇടതു ടവർ നിന്നിരുന്നത്.

പിന്നെ അധികം വൈകിയില്ല ആദ്യം ഇടതു ടവറും, രണ്ടാമത് വലതു ടവറും എന്ന ക്രമത്തിൽ ഒരു പീച്ചാംകുഴലിലേക്ക് വെള്ളം വലിച്ചെടുക്കുന്നത് പോലെ പുകച്ചുരുളുകളുടെ വലിയ പർവത നിരകൾ തന്നെ സൃഷ്ടിച്ചുകൊണ്ട് അകത്തേക്ക് ഉൾവലിഞ്ഞു നിപതിക്കുന്ന അത്യപൂർവമായ ആ കാഴ്ച ഒരു നിയോഗം പോലെ എനിക്ക്നോക്കി നിൽക്കേണ്ടി വന്നപ്പോൾ,  മനുഷ്യ വിജ്ഞാന മഹാ നിർമ്മിതികളിൽ ഒന്നായിരുന്ന ടൈറ്റാനിക്യാനപാത്രം അന്ന് അറ്റ് ലാന്റിക്കിന്റെ  അഗാധമായ ആഴങ്ങളിൽ ആണ്ടു പോയ അതി ദയനീയ ചിത്രം പുനഃസൃഷ്ടിച്ചെടുക്കുന്ന തിരക്കിലായിരുന്നു എന്റെ മനസ്സ്.

പിന്നെ ഒന്നും കാണുവാൻ ഉണ്ടായിരുന്നില്ല. വമ്പൻ പുകച്ചുരുളുകൾ തീർത്ത വലിയ പർവതങ്ങൾ ആപ്രദേശമാകെ മൂടിയിരുന്നു. മിൽട്ടനോട് അവധി ചോദിച്ച് അന്ന് വീട്ടിലേക്കു പൊന്നു. വീട്ടിലെത്തിയപ്പോൾ എന്റെമകൻ എന്നെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആ മഹാ ദുരന്തത്തിൽ നേരിട്ട് അകപ്പെടാതിരുന്നിട്ടും, പുകശ്വസിച്ചതിന്റെ പേരിൽ പിൽക്കാലത്ത് മഹാ രോഗങ്ങൾക്കകപ്പെട്ട മനുഷ്യരുടെ ദുരന്ത കഥകൾ അറിയുമ്പോൾ ‘ തിരക്ക് എന്ന സാഹചര്യം’ സൃഷ്ടിക്കപ്പെട്ടതിനാൽ ആ ദുരന്ത തീരത്ത് നിന്ന് ഓടിയകലുവാൻ സാധിച്ച എന്റെമകന്റെ രക്ഷപ്പെടൽ ‘ യാദൃശ്ചികം ‘ എന്ന് വിലയിരുത്തുന്നവരുണ്ടാകാം. എന്നെ സംബന്ധിച്ചിടത്തോളം, സാഹചര്യങ്ങളുടെ ആസ്വാദനം ആണ് ജീവിതമെന്നും, ഈ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നതിൽ മനുഷ്യന്റെപങ്ക് വളരെ പരിമിതമാണെന്നും ഉള്ള അനുഭവ ജ്ഞാനത്തിന്റെ അടിസ്ഥാസനത്തിൽ ‘ ദൈവീകമായ ഒരു കരുതൽആണ് ഇവിടെ സംഭവിച്ചത് എന്ന് വിശ്വസിക്കുവാനാണ് കൂടുതൽ ഇഷ്ടം.

Leave a Comment

More News